കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഏഴാം സീസണ് ഗോവ ആതിഥ്യം വഹിക്കും. നവംബറില്‍ മൂന്ന് വേദികളിലായാണ് മത്സരങ്ങള്‍. കാണികള്‍ക്ക് പ്രവേശനമുണ്ടാവില്ല. കൊറോണ പശ്ചാത്തലത്തില്‍ ഒരു വേദിയിലാക്കി ചുരുക്കിയ മത്സരങ്ങളുടെ നടത്തിപ്പിന് കേരളവും അവസാനം വരെ പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വിനയായി. മൂന്നാംഘട്ടത്തില്‍ കൊറോണ വ്യാപനം കൂടിയതും കേരളത്തിന് തിരിച്ചടിയായി.
അതേസമയം മികച്ച സ്റ്റേഡിയങ്ങളുടെ ലഭ്യത ഗോവയ്ക്ക് തുണയായി. ഫറ്റോര്‍ഡ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, ബാംബോളിം ജിഎംസി അത്ലറ്റിക് സ്റ്റേഡിയം, വാസ്കോ തിലക് മൈതാന്‍ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍. പരിശീലനത്തിന് 10 ക്ലബ്ബുകള്‍ക്കും വെവ്വേറെ ഗ്രൗണ്ടുകള്‍ നല്‍കും.
ലീഗിന് മുന്നോടിയായി സംഘാടകരായ ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ പ്രധാന സ്റ്റേഡിയങ്ങളിലെയും പരിശീലന ഗ്രൗണ്ടുകളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും.
എടികെ-മോഹന്‍ ബഗാന് ലയനം, മുംബൈ സിറ്റിയില്‍, സിറ്റി ഫുട്ബോള്‍ ഗ്രൂപ്പിന്റെ നിക്ഷേപം എന്നിങ്ങനെ സവിശേഷതകളോടെയാണ്. അടുത്തിടെ വേള്‍ഡ് ലീഗ് ഫോറത്തില്‍ അംഗത്വം നേടിയ ഐഎസ്എല്ലിന്റെ ഏഴാം സീസണ് മത്സരങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്സ് അടക്കമുള്ള ടീമുകള്‍ ഐഎസ്എല്ലിനായി തയ്യാറെടുത്തുവരികയാണ്.
ഏഴാമത് ഐഎസ്എല്‍ മത്സരങ്ങള്‍ ഗോവയിലേക്ക് കൊണ്ടുവരുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎല്‍) ചെയര്‍പേഴ്സണ്‍ നിതാ അംബാനി പറഞ്ഞു.
എടികെയാണ് നിലവിലെ ചാമ്പ്യന്മാര്. കഴിഞ്ഞ സീസണില്‍ ഗോവയില്‍ നടന്ന ഫൈനലില്‍ ചെന്നൈയിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അവര്‍ ചാമ്പ്യന്മാരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: