മലയാള ഭാഷയെ സംസ്കൃതത്തില്‍ നിന്നും വേര്‍തിരിച്ചു ശുദ്ധവും ലളിത സുന്ദരവുമാക്കി വാര്‍ത്തെടുത്തത് തുഞ്ചത്തു രാമാനുജന് എഴുത്തച്ഛന് ആയിരുന്നു. എഴുത്തച്ഛന്റെ അധ്യാത്മരാമായണം കേരളീയര്‍ നിരവധി മേഖലകളില്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഉന്നതമായ കുടുംബ, സാമൂഹ്യ, വ്യക്തി ബന്ധങ്ങള്‍ വാര്‍ത്തെടുക്കുവാനും, മാനുഷിക മൂല്യങ്ങളെ കുറിച്ച് സമൂഹത്തെ നിരന്തരമായി ഓര്മിപ്പിക്കുവാനും രാമായണത്തിന് കഴിഞ്ഞിട്ടുണ്ട.്
സാധാരണക്കാരായ ജനങ്ങള്‍ ഈ ഗ്രന്ഥത്തെ ജീവിത പ്രശ്നങ്ങള്‍ക്ക് പരിഹാരമായും, ദുഃഖത്തില്‍ സമാശ്വാസമായും ദുര്‍ബലര്‍ക്ക് ഊര്‍ജസ്രോതസായും നിരാശയില്‍പെട്ടവര്‍ക്ക് പ്രചോദനമായും കരുതുന്നു. പലപ്പോഴും മരണത്തിനുശേഷവും മരണാസന്നരായ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആധ്യാത്മിക സാന്ത്വനമായും ഈ കൃതി ഉപയോഗിക്കപ്പെടുന്നു. ത്യാഗത്തിന്റെയും, ക്ഷമയുടെയും, സ്നേഹത്തിന്റെയും വീര്യത്തിന്റെയും ധീരതയുടെയും മിന്നുന്ന ഉദാഹരണങ്ങള്‍ രാമായണം സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചു. രാമായണത്തെ അധികരിച്ചു കലയുടെയും സാഹിത്യത്തിന്റെയും സമസ്ത മേഖലകളിലും എണ്ണിയാല്‍ തീരാത്ത സൃഷ്ടികള്‍ ഉണ്ടായിട്ടുണ്ട്. സിനിമകള്‍, നാടകങ്ങള്‍, കീര്‍ത്തനങ്ങള്‍, കവിതകള്‍, ശില്പങ്ങള്, സംഗീതം, നൃത്തം തുടങ്ങി എത്രയെത്ര!
അധര്‍മത്തിനും തെറ്റുകള്‍ക്കുമെതിരെ രാമായണം താക്കീതു നല്കുന്നു. ഉപദേശരൂപത്തിലും ശാസനാരൂപത്തിലും സമൂഹത്തെയും വ്യക്തികളെയും ധര്‍മത്തിന്റെ പാതയിലേക്ക് കൈപിടിച്ചു നടത്തുന്നു. എഴുത്തച്ഛന്റെ പല വരികളും കേരളീയ സമൂഹത്തില്‍ പ്രയോഗങ്ങളായി മാറിയിട്ടുണ്ട്
‘താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍
താന്‍ താന്‍ അനുഭവിച്ചീടുകെന്നേവരൂ’
‘പ്രത്യുപകാരം മറക്കുന്ന മാനുഷന്
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’
‘സംസാരകാരിണിയായതവിദ്യയും
സംസാരനാശിനിയായതു വിദ്യയും’
‘ഉണ്ടോ പുരുഷന് പ്രകൃതിയെ വേറിട്ടു
രണ്ടുമൊന്നത്രെ വിചാരിച്ചു കാണ്കിലോ’
ഇങ്ങനെ എത്രയെത്ര ഉദ്ധരണികള്‍ ഇന്നും സമൂഹ ചിന്താധാരയെ ദീപ്തമാക്കുന്നു. മനുഷ്യമനസ്സിനെ ഇത്ര അഗാധമായി സ്വാധീനിച്ച മറ്റൊരു കഥയും മാനവചരിത്രത്തിലില്ല. അതു കാലത്തെയും ചരിത്രത്തെയും കടന്ന് കലാതിവര്‍ത്തിയായി സൂര്യശോഭയോടെ വിരാജിക്കുന്നു.
ഷീല സോമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: