മാനവരാശി അറിഞ്ഞ, അനുഭവിച്ച ആദ്യത്തെ അണുബോംബ് ഒന്നര ലക്ഷത്തോളം മനുഷ്യരെ കൊന്നൊടുക്കി. ഒരു നഗരശരീരത്തിന്റെ സിംഹഭാഗവും തകര്‍ത്തുകളഞ്ഞ ആറു പതിറ്റാണ്ടുകള്‍ക്കു ശേഷം, കൃത്യമായി പറഞ്ഞാല്‍ 2005 സെപ്തംബര്‍ ആദ്യവാരത്തിലാണ് ഹിരോഷിമ സന്ദര്‍ശിക്കുന്നത്. ഞങ്ങള്‍ താമസിച്ചിരുന്ന നഗോയ പട്ടണത്തില്‍ നിന്ന് ഏകദേശം 500 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഹിരോഷിമയിലെത്താന് ഷിങ്കന്‍സെന്‍ എന്ന ജാപ്പനീസ് ബുള്ളറ്റ് ട്രെയിനിന് മൂന്നോ നാലോ മണിക്കൂര്‍ മതി. പക്ഷെ പോയത് ജെ.ആര് എന്ന ജാപ്പനീസ് റയില്‍വെയുടെ ബസ്സിലും. കാരണം ലളിതം. വേഗം പോലെ ഷിങ്കന്സെനിലെ യാത്രാ നിരക്കും വളരെ കൂടുതലാണ്. ഇരുവശങ്ങളിലെ ദൃശ്യങ്ങള്‍ ഓടിമറയുന്ന വേഗത്തില്‍ പഴ്സ് കാലിയാകും.
പണ്ടു എസ്.കെ. പൊറ്റെക്കാട് ഇറ്റലിയില്‍ ആയിരം ലിറ ഉണ്ടെങ്കിലും ഒരു ചായ കുടിക്കാന്‍ പറ്റില്ല എന്നു പറഞ്ഞതു പോലെയാണ് ജപ്പാന് കറന്‍സിയായ യെന്നിന്റെ കഥ. ജീവിതച്ചെലവ് ഏറ്റവുമധികമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ എപ്പോഴും ജപ്പാന്റെ സ്ഥാനം ഒന്നാമതാണ്. രണ്ടാം ലോക യുദ്ധത്തിനു ശേഷം സമ്പദ്വ്യവസ്ഥ താറുമാറായിക്കിടന്ന ഇറ്റലിയിലൂടെയായിരുന്നു പൊറ്റെക്കാടിന്റെ യാത്രയെങ്കില്‍, യുദ്ധത്തില്‍ തോറ്റെങ്കിലും ചുരുങ്ങിയ കാലംകൊണ്ട് ആഗോള സാമ്പത്തിക ശക്തിയായി ഉയിര്ത്തെഴുനേറ്റ ഉദയസൂര്യന്റെ നാട്ടിലൂടെ ആയിരുന്നു എന്റെ പ്രയാണം. ഏറ്റവും ചെലവുകുറഞ്ഞ ബസ്സ് യാത്രയ്ക്ക് നല്‍കണം പതിനായിരത്തിലധികം യെന്‍. രാത്രി വൈകി തുടക്കം കുറിച്ച് രാവിലെ ഹിരോഷിമയില്‍ എത്തുന്ന ആ നിശായാത്രയ്ക്കു പിന്നില്‍ പകല്‍ സമയം ലാഭിക്കുകയായിരുന്നില്ല, മറിച്ച് ചെലവേറിയ ഹോട്ടല്‍ വാടക ഒഴിവാക്കുക എന്നതായിരുന്നു ലക്ഷ്യം.
ദുരന്ത ചിത്രങ്ങള്‍
കിടക്ക പോലെ നിവര്‍ത്താവുന്ന സീറ്റില്‍ കിടന്നിട്ടും പുതിയ സ്ഥലം കാണാനും അനുഭവിക്കാനുമുള്ള പതിവ് ആവേശത്തിന് വഴങ്ങാതെ ഒരുതരം നിര്‍വികാരമായ മനസ്സ് ഉറക്കത്തിനും പിടികൊടുത്തില്ല. കോളജുപഠനകാലത്തു ഫ്രഞ്ച് നവതരംഗ സിനിമയായ ‘ഹിരോഷിമ മുനാമു’ കണ്ടപ്പോള്‍ അനുഭവപ്പെട്ട ഒരു നിസ്സഹായതയുടെ മരവിപ്പ് ഉള്ളിലേക്ക് ഊറിയിറങ്ങുന്നത് വര്‍ഷങ്ങള്‍ക്കുശേഷം ഞാനറിഞ്ഞു. ഫ്രഞ്ചുകാരിയായ നായികയും ജപ്പാന്‍കാരനായ നായകനും പ്രണയത്തിനിടയില്‍ പങ്കുവയ്ക്കുന്ന അണുബോംബ് തകര്‍ത്ത ഹിരോഷിമയുടേയും, ഹിറ്റ്ലറിന്റെ ജര്‍മ്മനി കീഴ്പ്പെടുത്തിയ ഫ്രാന്‍സിന്റേയും ദുരന്തചിത്രങ്ങള്‍ സ്വപ്നങ്ങളില്‍ കുടിയേറി ഉറക്കത്തെ അലോസരപ്പെടുത്തി.
രാവിലെ ആറു മണി കഴിഞ്ഞ് ഹിരോഷിമയില്‍ എത്തുമ്പോള്‍ വേനല്‍ക്കാലത്തെ വാരാന്ത്യമായതുകൊണ്ടാവും സന്ദര്‍ശകര്‍ ഏറെ. തലസ്ഥാനമായ ടോക്യോയും ജാപ്പനീസ് സംസ്കാരത്തിന്റെ പുരാതന കേന്ദ്രമായ ക്യോട്ടോയും പോലെ ഹിരോഷിമയും ജപ്പാന് കാണാനെത്തുന്നവരെ ആകര്‍ഷിക്കുന്നു. പക്ഷെ ആദ്യ രണ്ട് ഇടങ്ങളും കാണുന്ന കണ്ണും അനുഭവിക്കുന്ന മനസ്സുമായിട്ടല്ല അവര്‍ ഹിരോഷിമയിലെത്തുന്നത്. സത്യത്തില്‍ ഹിരോഷിമയുടെ മണ്ണില്‍ ചവിട്ടുമ്പോഴും, ഒരു സാധാരണ ഹിരോഷിമക്കാരന്റെ മുഖത്ത് നോക്കുമ്പോഴും കുറ്റബോധത്തില്‍ കുതിര്‍ന്ന ഒരു അനുതാപം നമ്മെ ഉലയ്ക്കും.
ആണവാക്രമണം
ബസ് സ്റ്റേഷനില്‍ നിന്ന് ഗെന്‍പക്കു ഡോമേ (ഗെന്‍പക്കു എന്നാല്‍ ജാപ്പനീസ് ഭാഷയില്‍ അണുബോംബ്.) എന്നറിയപ്പെടുന്ന അണുബോംബ് സ്മാരക ഡോമിലേക്ക് നിരത്തിലൂടെ നീങ്ങുന്ന ട്രാമില്‍ യാത്ര ചെയ്യാം. ജപ്പാനിലെ ഏറ്റവും വലിയ ട്രാം ശൃംഖലയാണ് ഹിറോഡെന് എന്ന ഹിരോഷിമയിലേത്. 1910 ല്‍ ആരംഭിച്ച ട്രാം സര്‍വീസ് 1945 ഓഗസ്റ്റ് ആറിന് രാവിലെയും പതിവുപോലെ നടന്നിരുന്നു. പുരുഷന്മാര് ഭൂരിഭാഗവും യുദ്ധമുന്നണിയിലായിരുന്നതിനാല് സ്കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു പഠനം ഉപേക്ഷിച്ചും അല്ലാതെയും ട്രാം ഡ്രൈവര്‍മാരായി ജോലി ചെയ്തിരുന്നത്. ബോംബ് വീണു മുക്കാലും തകര്‍ന്ന് ശേഷിച്ച നഗരത്തിലൂടെ അവശേഷിച്ച ജീവനക്കാരെത്തി. കരി പിടിച്ച പാതി ഉരുകിയ വണ്ടികള്‍കൊണ്ട് സര്‍വീസ് പുനരാരംഭിച്ചുവത്രേ.
ആണവാക്രമണത്തിന്റെ ബീഭത്സപ്രതീകമായ തകര്‍ന്ന കെട്ടിടാവശിഷ്ടത്തിനു മുന്നില്‍ ട്രാം നിന്നു. ആധുനിക നഗരമായി രൂപാന്തരം പ്രാപിച്ച ഹിരോഷിമയുടെ ഹൃദയത്തില്‍ പ്രൗഢമായ ഒരു ജീവിതത്തിന് അകാലത്തില്‍ സംഭവിച്ച ദുരന്തം പേറി, മനുഷ്യമനസ്സിന്റെ ക്രൂരതയും പകയും ഏറ്റുവാങ്ങി നില്ക്കുന്ന ഒരു കെട്ടിടത്തിന്റെ അസ്ഥികൂടം-ഗെന്‍പക്കു ഡോമേ. ആധുനികതയുടെയും പരിഷ്കാരത്തിന്റെയും മജ്ജയും മാംസവും ഹിരോഷിമയെ മറ്റേതൊരു ജാപ്പനീസ് നഗരത്തേയും പോലെ വര്‍ണാഭവും സുന്ദരവുമാക്കിയിട്ടും കോണ്‍ക്രീറ്റ് ആവരണം നഷ്ടപ്പെട്ട്, തുരുമ്പിച്ച കമ്പികളുടെ മുള്‍ക്കിരീടം ചൂടി, മനുഷ്യരാശിയുടെ പാപം ഏറ്റുവാങ്ങി അണ്വായുധത്തിന്റെ ഭീകരചിത്രം വരച്ച് മോട്ടോയോസു നദിയുടെ തീരത്തു തുറിച്ചുനില്ക്കുന്നു ഈ അവശിഷ്ടം.
കറുത്ത ആഗസ്റ്റ്
1996 ഡിസംബര്‍ ഏഴിന് യുനെസ്കോ ലോകപൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തിയ ഈ കെട്ടിടത്തിനകത്തു സന്ദര്‍ശകര്‍ക്ക് കയറാനാവില്ല. ചുറ്റും കമ്പിവേലിയിട്ട് സംരക്ഷിച്ചിരിക്കുന്ന ഇതിനെ പൈതൃകപട്ടികയില്‍ പെടുത്തിയതിനെ അമേരിക്കയും ചൈനയും എതിര്‍ത്തിരുന്നു. അമേരിക്കയുടെ പ്രതിഷേധം സ്വാഭാവികം. ജപ്പാന്‍കാരേക്കാളും യുദ്ധക്കെടുതി കൂടുതല്‍ അനുഭവിച്ചതും, കൂടുതല്‍ പേര്‍ക്ക് ജീവഹാനി സംഭവിച്ചതും ജപ്പാന്റെ ആക്രമണം കാരണം ചൈനയുള്‍പ്പെടെയുള്ള മറ്റ് ഏഷ്യന്‍ രാജ്യങ്ങളായിരുന്നു എന്ന കാരണമായിരുന്നു ചൈന ഉന്നയിച്ച തടസ്സത്തിനു പി
ന്നില്‍. ചൈനയിലും കൊറിയയിലും രണ്ടാം ലോകയുദ്ധകാലത്തു ജപ്പാന് കാട്ടിയ ഭീകരമായ അതിക്രമങ്ങളെ ന്യായീകരിക്കാനാവില്ലെങ്കിലും, തല പിളര്‍ന്നു കരുവാളിച്ച പാതി ശരീരവുമായി നിലകൊള്ളുന്ന ഈ സ്മാരകം മറ്റു രാജ്യങ്ങളില്‍ കാണുന്നതുപോലെ മനുഷ്യന് നിര്മിച്ചതിന്റെയല്ല, മറിച്ചു അവന് നശിപ്പിച്ചതിന്റെയാണ്
അത്യുഗ്രമായ വിനാശശേഷി വികസിപ്പിച്ചെടുത്ത് അത് നിഷ്കളങ്കരായ സഹജീവികള്‍ക്ക് നേരെ പ്രയോഗിച്ച മനുഷ്യമനസ്സിന്റെ കാലുഷ്യത്തിന്റെയും ക്രൗര്യത്തിന്റെയും ഓര്‍മപ്പെടുത്തലാണ് 1945 ആഗസ്റ്റ് ആറ് രാവിലെ എട്ടേകാല്‍ മണി വരെ ഹിരോഷിമ പ്രീഫെക്ച്യുറല് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന് ഹാള്‍ എന്ന മേല്‍വിലാസം പേറിയിരുന്ന ഈ കെട്ടിടത്തിന്റെ രൂപം. സമീപത്ത് അന്നത്തേയും എന്നത്തേയും പോലെ മോടോയ്സു നദി ഒഴുകിക്കൊണ്ടിരുന്നു. ഈ കെട്ടിടത്തിന്റെ ഏകദേശം നൂറ്റമ്പതു മീറ്റര്‍ മുകളില്‍ വച്ചാണ് ‘ലിറ്റില്‍ ബോയ്’ എന്നു സൃഷ്ടാക്കള്‍ ഓമനപ്പേര് നല്കിയ ആദ്യ അണുബോംബ് വിസ്ഫോടനം ചെയ്തത്. ജപ്പാനില്‍ ഭൂകമ്പം പതിവായിരുന്നതിനാല്‍ നല്ല ഉറച്ച കോണ്‍ക്രീറ്റില്‍ ആയിരുന്നു കെട്ടിടത്തിന്റെ നിര്‍മിതി. അകത്തുണ്ടായിരുന്ന ഒരാളെ പോലും രക്ഷിക്കാനായില്ലെങ്കിലും അത് പൂര്‍ണമായും നശിച്ചില്ല.
കടലാസ് കൊറ്റികള്‍
ആറ്റോമിക് സ്മാരകത്തിന് ചുറ്റുമാണ് ധരാളം മറ്റു സ്മാരകങ്ങള്‍ ഉള്‍ക്കൊള്ളുന്ന പീസ് മെമ്മോറിയല്‍ പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. അതില്‍ അറ്റോമിക് ഡോമിനും മ്യൂസിയത്തിനും മധ്യേ തുറസ്സായ സ്ഥലത്തു പണി തീര്‍ത്തിരിക്കുന്ന സെനോതാപ് എന്ന സ്മൃതിമന്ദിരമാണ് മുഖ്യം. ഒരു തുറന്ന വാതിലിനെ അനുസ്മരിപ്പിക്കുന്ന ഇതിനകത്തുകൂടി അകലെ ആണവദുരന്തസ്മാരകമായി നിലകൊള്ളുന്ന ഡോം ദര്‍ശിക്കാവുന്ന രീതിയിലാണ് നിര്‍മിതി. ‘നിത്യശാന്തി, ഇനി ഈ തെറ്റ് ആവര്‍ത്തിക്കാതിരിക്കട്ടെ’ എന്നെ അര്‍ത്ഥം വരുന്ന എന്ന വാചകം ജാപ്പനീസ് ഭാഷയില്‍ കൊത്തി വച്ചിട്ടുണ്ട്. ആണവബോംബ് കൊന്നൊടുക്കിയ ഓരോരുത്തരുടെയും പേരുവിവരം ഇതിന്റെ മധ്യത്തിലുള്ള കല്ലറയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. തെറ്റ് ചെയ്തത് ആരെന്ന് വ്യക്തമാകാത്തവിധം ബോധപൂര്‍വ്വമാണ് ഈ വാചകം രൂപപ്പെടുത്തിയതെങ്കിലും അത് ജപ്പാന്‍കാര്‍ കുറ്റം സമ്മതിക്കുന്നതിനു തുല്യമാണെന്ന് ആരോപിച്ച് ഞാന്‍ സന്ദര്‍ശിക്കുന്നതിന് രണ്ടു മാസം മുന്‍പ് സെനോതാപ് ആക്രമിക്കപ്പെടുകയുണ്ടായി. ഈ സ്മൃതികുടീരത്തിലാണ് എല്ലാ വര്‍ഷവും ആഗസ്റ്റ് ആറിന് രാവിലെ ബോംബ് പതിച്ച സമയത്ത് ഹിരോഷിമ മേയറുടെ നേതൃത്വത്തില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന അനുസ്മരണ പ്രാര്‍ഥന നടക്കുന്നത്.
1945 ആഗസ്റ്റിലെ ആ തീയതിയില്‍ ഈ സ്ഥലത്തിന് അധികം അകലെയല്ലാതെ തന്റെ ഔദ്യോഗിക ബംഗ്ലാവിലിരുന്ന് മകനും പേരക്കിടാവുമായി പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അന്നത്തെ മേയര്‍ സെങ്കിച്ചി അവായ ബോംബ് സ്ഫോടനത്തിന്റെ ആഘാതത്തില്‍ മരിച്ച ആദ്യ ഇരകളില്‍പ്പെടുന്നു. നഗരപിതാവിന്റെ കൊച്ചുമകനെ പോലെ ആയിരക്കണക്കിന് നിഷ്കളങ്കരായ കുട്ടികളാണ് അണുബോംബ് വര്‍ഷിച്ച വിനാശത്തില്‍ കൊല്ലപ്പെട്ടത്. അണുവികിരണം ഇഞ്ചിഞ്ചായി കാര്‍ന്നു തിന്നവര്‍, ജനിതക വൈകല്യം പേറി ആസന്നമരണമെന്ന ജാതകവുമായി ജനിച്ചവര്‍. ഹിരോഷിമയുടെ ഭാവിതലമുറയിലേക്കു നീണ്ടിറങ്ങിയ മൃതിയുടെയും ദുരിതത്തിന്റെയും വിഷവേരുകള്‍ പിന്നെയും എത്രയോ ജന്മങ്ങളെ കൊന്നൊടുക്കി.
അടുത്തുപതുങ്ങി നില്ക്കുന്ന മരണത്തെ, ആയിരം കടലാസുകൊറ്റികളെ ഉണ്ടാക്കി അകറ്റാന്‍ ശ്രമിച്ച സഡാക്കോ സസാക്കി എന്ന പെണ്‍കുട്ടി ഈ ദുരിതപിറവികളുടെ അടയാളമാണ്. ബോംബും അത് വരുത്തിയ പിന്‍കാല വികിരണവും ജീവനൊടുക്കിയ കുഞ്ഞുങ്ങള്‍ക്കായി ഉയര്‍ത്തിയിരിക്കുന്ന സ്മാരകത്തില്‍ ഒരു സ്വര്ണക്കൊറ്റി തൂങ്ങിക്കിടക്കുന്നു. പതിനായിരക്കണക്കിന് കടലാസ്സുകൊറ്റികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടെ കുമിഞ്ഞുകൂടുന്നത്. സമാധാനത്തിന്റെ മധുരധ്വനി മുഴക്കുന്ന ജാപ്പനീസ് ശൈലിയില്‍ നിര്‍മിച്ചിരിക്കുന്ന ലോഹമണിയുടെ പുറത്ത് ആലേഖനം ചെയ്തിരിക്കുന്നത് രാജ്യങ്ങളുടെ അതിരുകളില്ലാത്ത ഏകലോകത്തിന്റെ ഭൂപടമാണ്. ലോകത്തിലെ ആദിഭാഷകളായ ഗ്രീക്കിലും സംസ്കൃതത്തിലും ജാപ്പനീസിലുമുള്ള സൂക്തങ്ങള്‍ മണിയില്‍ കൊത്തിവച്ചിട്ടുണ്ട്. 1964 ല്‍ ഇവിടെ തെളിഞ്ഞ സമാധാനത്തിന്റെ ജ്വാല ഈ ലോകത്തുനിന്ന് അവസാന അണ്വായുധവും നിര്‍മാര്‍ജ്ജനം ചെയ്താലേ അണയുകയുള്ളൂ. പീസ് പാര്‍ക്കില്‍ ഇനിയുമുണ്ട് സ്മാരകങ്ങള്‍ പലത്.
ഉരുകിത്തീരാത്ത വിഗ്രഹം
എന്തുകൊണ്ടാണ് ചരിത്രത്തിലെ ആദ്യഅണുബോംബിന്റെ താണ്ഡവഭൂമിയാകാന് ഹിരോഷിമ തെരഞ്ഞെടുക്കപ്പെട്ടതെന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ പലതാണ്. ജപ്പാനിലെ ഒരു പ്രധാന സൈനികകേന്ദ്രം എന്നതിനു പുറമെ പടക്കോപ്പുകള്‍ നിര്‍മിക്കുന്ന ധരാളം വ്യവസായശാലകള്‍ ഇവിടെയുണ്ടായിരുന്നു. യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട അമേരിക്കക്കാര്‍ ഹിരോഷിമയില്‍ ഇല്ലായിരുന്നു. രണ്ടാം ലോക മഹായുദ്ധകാലത്തു മറ്റു ജപ്പാന് നഗരങ്ങളൊക്കെ ബോംബിങ്ങില്‍ തകര്‍ന്നപ്പോള്‍ ഇവിടെ അധികം നാശനഷ്ടങ്ങള്‍ സംഭവിച്ചില്ല. ഒരു അമേരിക്കക്കാരനും കൊല്ലപ്പെടാതെ ശത്രുവിന്റെ സൈനിക വ്യവസായ കേന്ദ്രത്തെ നാമാവശേഷമാക്കി. അണുബോംബിന്റെ സമ്പൂര്‍ണ സംഹാര ശേഷി മനസ്സിലാക്കാനുള്ള ഒരു മൃഗീയ പരീക്ഷണമായിരുന്നു ‘ചെറിയ മനുഷ്യനെ’ ഹിരോഷിമയില്‍ വര്‍ഷിച്ചതു വഴി അമേരിക്ക ചെയ്തത്.
പീസ് മ്യൂസിയത്തിനകത്തെ കാഴ്ചകള്‍ ഹൃദയഭേദകമാണ്. നഗരത്തിന്റെ പന്ത്രണ്ടു ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ എണ്പതു ശതമാനം കെട്ടിടങ്ങളും നിലംപരിശായി. ഇരുപതിനായിരം സൈനികര്‍ ഉള്‍പ്പെടെ എഴുപതിനായിരത്തോളം പേര് ആ ദിവസം തന്നെ കൊല്ലപ്പെട്ടു. തലമുടി പറിഞ്ഞു പോയും, തൊലിയും മാംസവും ഉരുകിയും, അസ്ഥികള്‍ പുറത്തു തള്ളിയും പ്രാണനും ശരീരവും തമ്മിലുള്ള ബന്ധം നേര്‍ത്തു നേര്‍ത്തു അറ്റുപോകുന്നതിന്റെ നിലവിളികള്‍. രാവിലെ സ്കൂളില്‍ പോകാനിറങ്ങിയ വിദ്യാര്‍ത്ഥികളുടെ പാതി വെന്ത ചോറുപാത്രങ്ങള്‍, 8.15 എന്ന സമയത്തില്‍ ചത്തുകിടക്കുന്ന ക്ലോക്കിലെ സൂചികള്‍, ആറായിരം ഡിഗ്രിയോളം ഉയര്‍ന്ന താപത്തില്‍ മഞ്ഞുപോലെ ഉരുകിയൊലിച്ച മനുഷ്യശരീരങ്ങള്‍. സന്ദര്‍ശകരില്‍ പലരും കണ്ണ് തുടച്ചു. ചിലര്‍ തളര്‍ന്നിരുന്നു. അടക്കിപ്പിടിച്ച ഏങ്ങലടികള്‍. ആരും ആരുടേയും മുഖത്തു നോക്കിയില്ല. തങ്ങളുടെ അമേരിക്കന്‍ കാമുകന്മാരുമായി കാഴ്ച കണ്ടുനടന്നിരുന്ന ചില ജാപ്പനീസ് യുവതികള്‍ രംഗത്തിനു വേറൊരു മാനം നല്കി.
പാതി ഉരുകിപ്പോയ ഒരു ബുദ്ധവിഗ്രഹത്തിനരികിലൂടെ മ്യൂസിയത്തിനു പുറത്തുവരുമ്പോള്‍ ദൂരെ ഗെന്പെക്കു ഡോമെ, അറുപതു കൊല്ലം മുന്‍പ് നടന്ന ആക്രമണത്തില്‍ കുറെ അവയവങ്ങള്‍ തകര്‍ന്നെങ്കിലും തല കുനിക്കാതെ നില്ക്കുന്നു. ഓര്‍മകള്‍ സ്മാരകങ്ങളായി നട്ടു വളര്‍ത്തിയ വിശാലമായ പാര്‍ക്കില്‍ സഡാക്കോയുടെ ഭാഗ്യം ചെയ്ത പിന്‍ഗാമികള്‍ ആര്‍ത്തുല്ലസിക്കുന്നു. കുടുംബാംഗങ്ങള്‍ വട്ടത്തിലിരുന്ന് പിക്നിക് ബാഗ് തുറന്ന് സന്തോഷത്തോടെ ഭക്ഷണം വീതിക്കുന്നു. അകലെ ഒരു ട്രാം ഹോണ്‍ മുഴക്കി. തിരിച്ചു ട്രാം സ്റ്റേഷനിലേക്ക് നടക്കുമ്പോള്‍ ചരിത്രത്തിലെ ആദ്യത്തെ ആണവക്കുരുതിയില്‍ ഹോമിക്കപ്പെട്ടവരുടെ നാമങ്ങള്‍ അടക്കിയ സെനോതാപിനു മുന്നില്‍ നിന്നു, വായിച്ചു: ”ആത്മശാന്തി; ഇനി ഈ തെറ്റ് ആവര്‍ത്തിക്കാതിരിക്കട്ടെ.”
എന്‍. വാസുദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: