തിരുവനന്തപുരം: നഗരത്തിലെ പല സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊറോണ സഥിരീകരിച്ചിട്ടും കൂടെ ജോലി ചെയ്ത ജീവനക്കാരെ നിരീക്ഷണത്തിലാക്കുകയോ ശ്രവം പരിശോധിക്കുകയോ ചെയ്യാതെ ആരോഗ്യ വകുപ്പ്. ആശുപത്രിയുടെ വിവരങ്ങള്‍ പലതും മറച്ചുവയ്ക്കാന്‍ ഒത്താശ ചെയ്യുന്നതാകട്ടെ പോലീസും തിരുവനന്തപുരം നഗരസഭയും.
കഴിഞ്ഞ വെള്ളിയാഴ്ച മെഡിക്കല്‍ കോളേജിന് സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സിനും അവിടെ ചികിത്സ കഴിഞ്ഞ മടങ്ങിപോയ രോഗിയ്ക്കും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് കൂടെയുള്ള ജീവനക്കാരെ നിരീക്ഷണത്തിലാക്കാന്‍ ആശുപത്രി മാനേജ്മെന്റോ ആരോഗ്യ വകുപ്പോ ആദ്യം തയ്യാറായില്ല. തുടര്‍ന്ന് ജീവനക്കാര്‍ പ്രതിഷേധിച്ചപ്പോഴാണ് ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി കൂടെ ജോലി ചെയ്യുന്നവരെ നിരീക്ഷണത്തിലാക്കാന്‍ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടത്. 14 ദിവസമാണ് ഇവരോട് നിരീക്ഷണത്തിലിരിക്കാന്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടത്.
എന്നാല്‍ ഇവരുടെ ശ്രവം പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് തയ്യാറായില്ല. ഇന്നലെ നിരീക്ഷണത്തിലിരുന്ന ജീവനക്കാര്‍ സ്വന്തം താല്പര്യ പ്രകാരം സ്വകാര്യ ലാബില്‍ പോയി പരിശോധന നടത്തിയപ്പോള്‍ രണ്ട് ജീവനക്കാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ മറ്റ് ജീവനക്കാരും ഇപ്പോള്‍ ആശങ്കയിലാണ്. സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ ഉള്‍പ്പെടെ പോലീസിന്റെ സേവനം ഉണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിട്ടും മെഡിക്കല്‍ കോളേജ് പോലീസ് തങ്ങളുടെ സ്റ്റേഷന് പരിധിയില്‍ ഇത്തരത്തിലൊരു സംഭവം നടന്നിട്ടും അറിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്.
ആരോഗ്യ വകുപ്പിനും പോലീസിനും നഗരസഭയ്ക്കും കയ്യ്ക്കൂലി കൊടുത്ത് സ്വകാര്യ ആശുപത്രി ലോബികള്‍ ജീവനക്കാര്‍ക്ക് രോഗം ബാധിക്കുന്നത് മറച്ചുവയ്ക്കുകയാണ്. നഗരത്തിലെ പല സ്വകാര്യ ആശുപത്രികളുടേയും സ്ഥിതി ഇതുതന്നെയാണ്. ആശുപത്രി ജീവനക്കാര്‍ക്ക് രോഗം ബാധിക്കുന്ന വിവരം മറച്ചുവയ്ക്കുന്നത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്ന മറ്റ് രോഗികള്‍ക്കും രോഗം പടരാനുള്ള സാധ്യത കൂടുതലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: