74ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍
1. പ്രിയപ്പെട്ട ദേശവാസികളെ, ഈ വിശേഷാവസരത്തില്‍ നിങ്ങള്‍ക്കെല്ലാം അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.
2. കൊറോണയുടെ ഈ അസാധാരണ സാഹചര്യത്തില്‍ കൊറോണയ്ക്കെതിരെ പൊരുതുന്നവര്‍ ‘സേവയാണു പരമമായ ധര്‍മം’ എന്ന മന്ത്രം ജീവിതത്തില്‍ പകര്‍ത്തുകയാണ്. നമ്മുടെ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും ആംബുലന്‍സ് കൈകാര്യംചെയ്യുന്നവരും ശുചീകരണ തൊഴിലാളികളും പൊലീസുകാരും സേവന ദാതാക്കളും മറ്റു പലരും രാപകലില്ലാതെ തുടര്‍ച്ചയായി ജോലി ചെയ്യുകയാണ്.
3. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകൃതിദുരന്തങ്ങളില്‍ ജീവഹാനി സംഭവിച്ചതില്‍ ദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം, ഈ അവശ്യഘട്ടത്തില്‍ എല്ലാ സഹായവും സഹ പൗരന്മാര്ക്ക് ഉറപ്പുനല്‍കി.
4. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം ലോകത്തിനാകെ പ്രചോദനമേകിയിട്ടുണ്ട്. കൂടുതല്‍ പ്രദേശങ്ങള്‍ കൈക്കലാക്കാനുള്ള ചിലരുടെ മോഹം നിമിത്തം ചില രാജ്യങ്ങള്‍ അടിമത്വവല്‍ക്കരിക്കപ്പെട്ടു. ശക്തമായ യുദ്ധം നടക്കുന്ന വേളകളില്‍ പോലും ഇന്ത്യ സ്വാതന്ത്ര്യസമരത്തില്‍ വിട്ടുവീഴ്ച ചെയ്തില്ല.
5. കോവിഡ് മഹാവ്യാധിക്കിടെ 130 കോടി ഇന്ത്യക്കാര്‍ സ്വാശ്രയരാകാനുള്ള ദൃഢപ്രതിജ്ഞ കൈക്കൊള്ളുകയും ഇതേത്തുടര്‍ന്ന് ഇന്ത്യയുടെ ചിന്തകളില്‍ ‘ആത്മനിര്‍ഭര്‍ ഭാരത്’ നിറയുകയും ചെയ്തു. ഈ സ്വപ്നം ഒരു പ്രതിജ്ഞയായി മാറുകയാണ്. ആത്മനിര്‍ഭര്‍ ഭാരത് ഇപ്പോള്‍ 130 കോടി ഇന്ത്യക്കാരുടെ ‘മന്ത്ര’മായിക്കഴിഞ്ഞു. സഹ ഇന്ത്യക്കാരുടെ കഴിവുകളിലും ആത്മവിശ്വാസത്തിലും സാധ്യതകളിലും എനിക്ക് ആത്മവിശ്വാസമുണ്ട്. ഒരു കാര്യംചെയ്യാന്‍ തീരുമാനിച്ചാല്‍ ആ ലക്ഷ്യം നേടുംവരെ നാം വിശ്രമിക്കില്ല.
6. ഇന്നു ലോകമാകെ പരസ്പര ബന്ധിതവും പരസ്പരാശ്രിതവും ആണ്. ആഗോള സമ്പദ്വ്യവസ്ഥയില് ഇന്ത്യ പ്രധാന പങ്കു വഹിക്കേണ്ട സമയമാണിത്. ഇതു സാധ്യമാകണമെങ്കില്‍ ഇന്ത്യ സ്വാശ്രയമായിത്തീരണം. കൃഷി മുതല്‍ ബഹിരാകാശ മേഖലയും ആരോഗ്യ സംരക്ഷണവും വരെ ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ സൃഷ്ടിക്കായി ഇന്ത്യ പല നടപടികള്‍ കൈക്കൊണ്ടുവരുന്നു. ബഹിരാകാശ മേഖല പോലെയുള്ളവ തുറന്നിടുന്നതു യുവാക്കള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങളും അവരുടെ നൈപുണ്യവും സാധ്യതകളും വര്‍ധിപ്പിക്കാന്‍ കൂടുതല്‍ അവസരങ്ങളും ലഭ്യമാക്കുമെന്നുള്ള ആത്മവിശ്വാസം എനിക്കുണ്ട്.
7. ഏതാനും മാസങ്ങള്‍ മുമ്പു വരെ നാം എന്‍-95 മാസ്കുകളും പി.പി.ഇ. കിറ്റുകളും വെന്റിലേറ്ററുകളും ഇറക്കുമതി ചെയ്യുകയായിരുന്നു. എന്നാല്‍, മഹാവ്യാധിക്കാലത്ത് എന്‍- 95 മാസ്കുകളും പി.പി.ഇ. കിറ്റുകളും വെന്റിലേറ്ററുകളും നിര്‍മ്മിക്കാന്‍ മാത്രമല്ല, ലോകത്തേക്കാകമാനം കയറ്റുമതി ചെയ്യാനും സാധിച്ചു.
8. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ക്കു പുറമെ ‘മെയ്ക്ക് ഫോര്‍ വേള്‍ഡ്’ എന്ന മന്ത്രവും നാം ഉള്‍ക്കൊള്ളണം.
9. 110 ലക്ഷം കോടി രൂപ മൂല്യമുള്ള ദേശീയ അടിസ്ഥാനസൗകര്യ വികസന പദ്ധതി എല്ലാ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കും ഊര്‍ജ്ജമേകും. ബഹു-മാതൃകാ കണക്റ്റിവിറ്റി അടിസ്ഥാന സംവിധാനത്തിനും നാം ഇനി ശ്രദ്ധ കല്പിക്കും. സമഗ്രവും ഏകീകൃതവുമായ അടിസ്ഥാന സൗകര്യത്തിന് ഊന്നല്‍ നല്‍കണം. വിവിധ മേഖലകളിലായി 7,000 പദ്ധതികള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇത് അടിസ്ഥാന സൗകര്യ മേഖലയില്‍ നവ വിപ്ലവം സൃഷ്ടിക്കും.
10. എത്ര കാലമാണ് നമ്മുടെ രാജ്യത്തുനിന്നുള്ള അസംസ്കൃത വസ്തുക്കള്‍ സംസ്കരിക്കപ്പെട്ട ഉല്പന്നങ്ങളായി ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന സാഹചര്യം തുടരുക? നമ്മുടെ കാര്‍ഷിക മേഖല പിന്നോക്കം നിന്നിരുന്ന കാലമുണ്ടായിരുന്നു. പൗരന്മാര്ക്കു ഭക്ഷണം എങ്ങിനെ ലഭ്യമാക്കും എന്നതായിരുന്നു ഏറ്റവും വലിയ ആശങ്ക. എന്നാല്‍, ഇപ്പോള്‍ ഇന്ത്യയെ മാത്രമല്ല, ലോകത്തെ പല രാജ്യങ്ങളെയും ഊട്ടാന്‍ നമുക്കു കഴിയും. സ്വാശ്രയ ഇന്ത്യ എന്നതുകൊണ്ട് ഇറക്കുമതി കുറയ്ക്കാന്‍ മാത്രമല്ല ഉദ്ദേശിക്കുന്നത്; നമ്മുടെ നൈപുണ്യങ്ങളും സൃഷ്ടിപരതയും വര്‍ധിപ്പിക്കാന്‍ കൂടിയാണിത്.
11. ഇന്ത്യയില്‍ നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ ലോകം മുഴുവന്‍ ശ്രദ്ധിക്കുകയാണ്. അതിന്റെ ഫലമായി, നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് ഒഴുകുകയാണ്. കോവിഡ് മഹാമാരിക്കാലത്തുപോലും എഫ.്ഡി.ഐയില്‍ 18 ശതമാനം വര്‍ധനയ്ക്കാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്.
12. രാജ്യത്തെ പാവപ്പെട്ടവരുടെ ജന്‍ ധന് അക്കൗണ്ടുകളിലേയ്ക്ക് ലക്ഷക്കണക്കിനു കോടി രൂപ നേരിട്ട് കൈമാറുമെന്ന് ആര്‍ക്കെങ്കിലും സങ്കല്പ്പിക്കാന് പോലും കഴിഞ്ഞിരുന്നോ? കര്‍ഷകര്‍ക്കു പ്രയോജനപ്പെടുംവിധം എ.പി.എം.സി നിയമത്തില്‍ കര്‍ഷകര്‍ക്ക് ഗുണകരമായി ഇത്രയും വലിയ മാറ്റം സംഭവിക്കുമെന്ന് ആരെങ്കിലും കരുതിയിരുന്നോ? ഒരു രാജ്യം-ഒരു റേഷന്‍ കാര്‍ഡ്, ഒരു രാജ്യം-ഒരു നികുതി, ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്റപ്റ്റന്‍സി കോഡ്, ബാങ്കുകളുടെ ലയനം എന്നിവയാണ് രാജ്യത്തിന്റെ ഇന്നത്തെ യാഥാര്‍ത്ഥ്യം.
13. സ്ത്രീശാക്തീകരണത്തിനായി നാം യത്നിച്ചു- നാവികസേനയും വ്യോമസേനയും സ്ത്രീകളെ യുദ്ധമുഖത്തെടുക്കുന്നു, വനിതകള്‍ ഇപ്പോള്‍ നേതൃനിരയിലാണ്, മുത്തലാഖ് നാം നിര്‍ത്തലാക്കി, വെറും ഒരു രൂപയ്ക്ക് സ്ത്രീകള്‍ക്ക് സാനിറ്ററി പാഡുകള്‍ നല്കി.
14. പ്രിയപ്പെട്ട ദേശവാസികളെ, നാം ഇങ്ങനെ കേട്ടിട്ടുണ്ട്- സമര്‍ത്യമൂല്‍ സ്വാതന്ത്ര്യം, ശ്രമ്മൂലം വൈഭവം. സമൂഹത്തിന്റെ ശക്തി, ഏതൊരു രാജ്യത്തിന്റെയും സ്വാതന്ത്ര്യം അതിന്റെ ശക്തിയാണ്, അതിന്റെ അഭിവൃദ്ധിയുടെയും പുരോഗതിയുടെയും ഉറവിടം അതിന്റെ തൊഴില്‍ ശക്തിയാണ്.
15. പാവപ്പെട്ട 7 കോടി കുടുംബങ്ങള്‍ക്ക് സൗജന്യ പാചകവാതക സിലിണ്ടറുകളും, റേഷന്‍ കാര്‍ഡുകള്‍ ഉള്ളതും ഇല്ലാത്തതുമായ 80 കോടിയിലധികംപേര്‍ക്ക് സൗജന്യ ഭക്ഷണവും നല്കി. 90,000 കോടി രൂപ് നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറി.ഗ്രാമങ്ങളിലെ പാവപ്പെട്ടവങ്ങള്‍ക്ക് തൊഴില്‍ നല്‍കാനായി ഗരീബ് കല്യാണ്‍ റോസ്ഗര് അഭിയാന് ആരംഭിച്ചു.
16. വോക്കല്‍ ഫോര്‍ ലോക്കല്‍, റീ-സ്കില്‍, അപ് സ്്കില്‍ ക്യാമ്പയിനുകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ ജീവിതത്തില്‍ സ്വയംപര്യാപ്തമായ സാമ്പത്തികഘടനയ്ക്കു തുടക്കംകുറിക്കും.
17. രാജ്യത്തെ പല പ്രദേശങ്ങളും വികസനത്തിന്റെ കാര്യത്തില്‍ ഏറെ പിന്നിലാണ്. അത്തരത്തിലുള്ള പരിവര്‍ത്തനമാഗ്രഹിക്കുന്ന 110-ലേറെ ജില്ലകളെ തെരഞ്ഞെടുത്ത്, ജനങ്ങള്‍ക്ക് മികച്ച വിദ്യാഭ്യാസം, മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങള്‍, മികച്ച തൊഴിലവസരങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിന് പ്രത്യേക പരിശ്രമം നടത്തുകയാണ്.
18. സ്വയംപര്യാപ്ത ഇന്ത്യക്ക് ഒരു പ്രധാന മുന്‍ഗണനയുണ്ട് – സ്വയംപര്യാപ്തമായ കൃഷിയും സ്വയംപര്യാപ്തരായ കര്‍ഷകരും. രാജ്യത്തെ കര്‍ഷകര്‍ക്ക് ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഒരു ലക്ഷം കോടി രൂപയുടെ ‘അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടി’ന് രൂപംനല്കിയത്.
19. ഈ ചെങ്കോട്ടയില്‍ നിന്ന്, കഴിഞ്ഞ വര്‍ഷമാണ് ഞാന്‍ ജല്‍ ജീവന് ദൗത്യം പ്രഖ്യാപിച്ചത്. ഇന്ന്, ഈ ദൗത്യത്തിന്റെ പശ്ചാത്തലത്തില്‍ ഓരോ ദിവസവും ഒരു ലക്ഷത്തിലധികം വീടുകള്‍ക്ക് കുടിവെള്ള കണക്ഷന് ലഭിക്കുന്നു.
20. മധ്യവര്‍ഗത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന പ്രൊഫഷണലുകള്‍ ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുകയാണ്. മധ്യവര്‍ഗത്തിന് അവസരം ആവശ്യമാണ്, മധ്യവര്‍ഗത്തിന് ഗവണ്മെന്റ് ഇടപെടലില്‍ നിന്ന് സ്വാതന്ത്ര്യവും ആവശ്യമാണ്.
21. നിങ്ങളുടെ ഭവനവായ്പയുടെ മാസത്തവണയ്ക്ക് തിരിച്ചടവ് കാലയളവിനുള്ളില്‍ 6 ലക്ഷം രൂപ വരെ ഇളവ് ലഭിക്കുന്നത് ഇതാദ്യമാണ്. പൂര്‍ത്തിയാകാത്ത ആയിരക്കണക്കിന് വീടുകള്‍ പൂര്‍ത്തിയാക്കുന്നതിന് കഴിഞ്ഞ വര്‍ഷം 25,000 കോടി രൂപയുടെ ഫണ്ട് അനുവദിച്ചു.
22. സ്വാശ്രയത്വത്തിലൂന്നിയ ആധുനികവും സമ്പന്നവുമായ ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍, രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന് വലിയ പങ്കുണ്ട്. ഈ ചിന്തയുടെ പരിണിതഫലമാണ് രാജ്യത്തത്തിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയം.
23. കൊറോണക്കാലത്ത്, ഡിജിറ്റല്‍ ഇന്ത്യ പ്രചാരണം ഉളവാക്കിയ ഗുണഫലങ്ങള്‍ നാം കണ്ടു. കഴിഞ്ഞ മാസം മാത്രം ഭീം യു.പി.ഐ.യിലൂടെ മാത്രം ഏകദേശം 3 ലക്ഷം കോടി രൂപയുടെ ഇടപാട് നടന്നു.
24. 2014 ന് മുമ്പ് രാജ്യത്ത്, 5 ഡസന്‍ പഞ്ചായത്തുകളെ മാത്രമാണ് ഒപ്റ്റിക്കല്‍ ഫൈബറിലൂടെ ബന്ധിപ്പിച്ചിരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് 1.5 ലക്ഷം ഗ്രാമപഞ്ചായത്തുകളെ ഒപ്റ്റിക്കല്‍ ഫൈബറിലൂടെ ബന്ധിപ്പിച്ചു കഴിഞ്ഞു. വരുന്ന 1000 ദിവസത്തിനുള്ളില്‍ രാജ്യത്തെ 6 ലക്ഷം ഗ്രാമങ്ങളും ഒപ്റ്റിക്കല്‍ ഫൈബറിലൂടെ ബന്ധിപ്പിക്കും.
25. എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ത്യയില്‍ സ്ത്രീശക്തിക്ക് അവസരം ലഭിച്ചപ്പോഴെല്ലാം അവര്‍ രാജ്യത്തിന് കീര്‍ത്തി സമ്മാനിക്കുകയും രാജ്യത്തെ ശക്തിപ്പെടുത്തുകയും ചെയ്തതായി നമ്മുടെ അനുഭവം തെളിയിക്കുന്നു. ഇന്ന്, സ്ത്രീകള്‍ ഭൂഗര്‍ഭ കല്‍ക്കരി ഖനികളില്‍ മാത്രമല്ല, ആകാശത്തിന്റെ പുതിയ ഉന്നതികളെ സ്പര്‍ശിക്കുന്ന യുദ്ധവിമാനങ്ങളിലും പ്രവര്‍ത്തിക്കുന്നു.
26. രാജ്യത്ത് ഇതുവരെ ആരംഭിച്ച 40 കോടി ജന്‍ ധന് അക്കൗണ്ടുകളില്‍ ഏകദേശം 22 കോടി അക്കൗണ്ടുകള്‍ സ്ത്രീകളുടേതാണ്. കൊറോണക്കാലത്ത്, മൂന്ന് മാസത്തിനുള്ളില്‍, അതായത് ഏപ്രില്‍-മെയ്-ജൂണ്‍ മാസങ്ങളില്‍, ഏകദേശം 30,000 കോടി രൂപ ഈ സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറ്റം ചെയ്യപ്പെട്ടു.
27. കൊറോണ മഹാമാരിയുടെ ആരംഭത്തില്‍ പരിശോധനയ്ക്കായി ഒരു ലാബ് മാത്രമേ നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നുള്ളൂ. ഇന്ന് രാജ്യത്ത് 1,400 ലധികം ലാബുകളുണ്ട്.
28. വളരെ വിപുലമായ മറ്റൊരു സംരംഭം ഇന്ന് മുതല്‍ രാജ്യത്ത് ആരംഭിക്കുകയാണ്. അതാണ് ദേശീയ ഡിജിറ്റല്‍ ആരോഗ്യ ദൗത്യം. ദൗത്യത്തിന്റെ ഭാഗമായി ഓരോ ഇന്ത്യക്കാരനും ഹെല്‍ത്ത് ഐ.ഡി. നല്‍കും. ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന് ഇന്ത്യയുടെ ആരോഗ്യ മേഖലയില്‍ വിപ്ലവകരമായ പരിവര്‍ത്തനത്തിന് വഴിയൊരുക്കും. നിങ്ങള്‍ നടത്തിയ ആരോഗ്യ പരിശോധനകള്‍, നിങ്ങളുടെ രോഗങ്ങള്‍, ഏത് ഡോക്ടര്‍ എപ്പോള്‍ നിങ്ങള്‍ക്ക് എന്ത് മരുന്ന് നല്കി, നിങ്ങളുടെ മറ്റ് ആരോഗ്യ വിവരങ്ങള്‍ എന്തൊക്കെയാണ് തുടങ്ങിയ വിവരങ്ങളെല്ലാം ഈ ഒരു ആരോഗ്യ ഐ.ഡി.യില്‍ അടങ്ങിയിരിക്കും.
29. നിലവില്‍ കൊറോണ പ്രതിരോധത്തിനുള്ള മൂന്ന് വാക്സിനുകള്‍ ഇന്ത്യയില്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ശാസ്ത്രജ്ഞര്‍ പച്ചക്കൊടി കാണിച്ചാല്‍, ആ വാക്സിനുകള്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ രാജ്യത്ത് പൂര്‍ത്തിയായിട്ടുണ്ട്.
30. ജമ്മു കശ്മീരിനെ സംബന്ധിച്ചിടത്തോളം പുതിയ വികസന യാത്ര ആരംഭിച്ച വര്‍ഷമാണിത്. ജമ്മു കശ്മീരിലെ സ്ത്രീകള്‍ക്കും ദലിതര്‍ക്കും അവരുടെ അവകാശങ്ങള്‍ ലഭിച്ച വര്‍ഷമാണിത്. ജമ്മു കശ്മീരിലെ അഭയാര്‍ഥികളെ സംബന്ധിച്ചിടത്തോളം അന്തസ്സാര്‍ന്ന ജീവിതത്തിന്റെ വര്‍ഷം കൂടിയാണിത്. ജമ്മു കശ്മീരിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ഊര്‍ജ്ജ്വസ്വലമായും സംവേദനക്ഷമതയോടെയും വികസനത്തിന്റെ പുതുയുഗത്തിലേക്ക് മുന്നേറുകയാണ് എന്നതും നമുക്കെല്ലാവര്‍ക്കും അഭിമാനകരമാണ്.
31. കഴിഞ്ഞ വര്‍ഷം കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചതോടെ, ലഡാക്കിലെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമാണ് നിറവേറിയത്. ഹിമാലയത്തിന്റെ ഉന്നതിയില്‍ സ്ഥിതിചെയ്യുന്ന ലഡാക്ക് ഇന്ന് വികസനത്തിന്റെ പുതിയ ഉയരങ്ങളില്‍ വെട്ടിപ്പിടിച്ച് മുന്നേറുകയാണ്. ഒരു ജൈവ പ്രധാന സംസ്ഥാനം എന്ന നിലയില്‍ സിക്കിം മുദ്ര പതിപ്പിച്ചതുപോലെ, വരും ദിവസങ്ങളില്‍ ഒരു കാര്‍ബണ്‍ ബഹിര്‍ഗമന രഹിത മേഖലയെന്ന നിലയില്‍ ലഡാക്ക് അതിന്റെ മുദ്ര പതിപ്പിക്കും. ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
32. രാജ്യത്തെ തിരഞ്ഞെടുത്ത 100 നഗരങ്ങളിലെ മലിനീകരണം കുറയ്ക്കുന്നതിന് സമഗ്രമായ സമീപനത്തിലൂന്നിയ ഒരു പ്രത്യേക പ്രചാരണവും നടന്നു വരുന്നു.
33. ജൈവവൈവിധ്യത്തിന്റെ സംരക്ഷണം, ഉന്നമനം എന്നിവയില്‍ പൂര്‍ണ്ണമായും സംവേദനാത്മകമാണ് ഇന്ത്യയുടെ നടപടികള്‍. അടുത്ത കാലത്തായി കടുവകളുടെ എണ്ണം രാജ്യത്ത് വളരെയധികം വര്‍ദ്ധിച്ചു! ഇപ്പോള്‍ ഏഷ്യന്‍ സിംഹങ്ങളുടെ സംരക്ഷണം ലക്ഷ്യം വച്ചുള്ള പ്രോജക്ട് ലയണ്‍ എന്ന പേരിലുള്ള പദ്ധതിയും രാജ്യത്ത് ആരംഭിക്കാന്‍ പോകുന്നു. സമാന ഉദ്ദേശത്തോടെ പ്രോജക്റ്റ് ഡോള്ഫിനും ഉടന്‍ സമാരംഭിക്കും.
34. രാജ്യത്തിന്റെ അതിര്‍ത്തിയില്‍ എല്‍.ഒ.സി. (നിയന്ത്രണ രേഖ) മുതല്‍ എല്‍.എ.സി. (യഥാര്‍ത്ഥ നിയന്ത്രണ രേഖ) വരെയുള്ള പ്രദേശങ്ങളില്‍, പരമാധികാരത്തിലേക്ക് കടന്നു കയറാന്‍ ശ്രമിച്ചവര്‍ക്ക്, നമ്മുടെ സൈന്യം ശക്തമായ ഭാഷയില്‍ മറുപടി നല്കി. ഇന്ത്യയുടെ പരമാധികാരത്തിന്റെ സംരക്ഷണം പരമപ്രധാനമാണ്. പരമാധികാരത്തിന്റെ സംരക്ഷണത്തിനായി നമ്മുടെ ധീരരായ സൈനികര്‍ക്ക് എന്തുചെയ്യാന്‍ കഴിയുമെന്നും, രാജ്യത്തിന് എന്തുചെയ്യാന്‍ കഴിയുമെന്നും, ലോകം ലഡാക്കില്‍ കണ്ടു.
35. ലോക ജനസംഖ്യയുടെ നാലിലൊന്നും ദക്ഷിണേഷ്യയിലാണ് താമസിക്കുന്നത്. സഹകരണത്തോടെയും പങ്കാളിത്തത്തോടെയും ഉള്ള പ്രവര്‍ത്തനങ്ങളിലൂടെ ഇത്രയും വലിയൊരു ജനതയ്ക്ക് വികസനത്തിന്റെയും അഭിവൃദ്ധിയുടെയും എണ്ണമറ്റ സാധ്യതകള്‍ സൃഷ്ടിക്കാന്‍ നമുക്ക് കഴിയും.
36. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ നമ്മുടെ അതിര്‍ത്തി-തീരദേശ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ പങ്കുണ്ട്. ഹിമാലയന്‍ കൊടുമുടികളിലായാലും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുകളിലായാലും, ഇന്ന് റോഡ്, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുടെ അഭൂതപൂര്‍വമായ വികസനമാണ് നടക്കുന്നത്.
37. നമ്മുടെ രാജ്യത്ത് 1300 ലധികം ദ്വീപുകളുണ്ട്. ദ്വീപുകളുടെ ഭൂമിശാസ്ത്രപരമായ സ്ഥാനവും രാജ്യത്തിന്റെ വികസനത്തില്‍ അവയുടെ പ്രാധാന്യവും കണക്കിലെടുത്ത്, തിരഞ്ഞെടുത്ത ദ്വീപുകളില്‍ പുതിയ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളിലൂടെ ബന്ധിപ്പിച്ച ശേഷം വരുന്ന 1000 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷദ്വീപിനെ സമുദ്രാന്തര്‍ ഭാഗത്തു കൂടിയുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളിലൂടെ ബന്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
38. രാജ്യത്തെ 173 അതിര്‍ത്തി – തീരദേശ ജില്ലകളില്‍ എന്‍സിസി-യുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും. ഇതിനായി ഒരു ലക്ഷത്തോളം പുതിയ എന്‍സിസി കേഡറ്റുകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. പ്രത്യേക പരിശീലനം നല്കുന്നതില് മൂന്നിലൊന്ന് പെണ്‍കുട്ടികളായിരിക്കും.
39. നമ്മുടെ നയങ്ങള്‍, നമ്മുടെ നടപടിക്രമങ്ങള്‍, നമ്മുടെ ഉത്പന്നങ്ങള്‍, എല്ലാം മികച്ചതായിരിക്കണം. എന്നാല്‍ മാത്രമേ നമുക്ക് ഏക് ഭാരത്-ശ്രേഷ്ഠ് ഭാരത് എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ കഴിയൂ.
40. ‘ഈസ് ഓഫ് ലിവിംഗ്’ അഥവാ ജീവിതം സുഗമമാക്കുന്നതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ മധ്യവര്‍ഗ സമൂഹമായിരിക്കും. ചെലവ് കുറഞ്ഞ ഇന്റര്‍നെറ്റ് മുതല്‍ ചെലവ് കുറഞ്ഞ വിമാന ടിക്കറ്റുകള്‍ വരെയും, ഹൈവേകള്‍ മുതല്‍ ഐ-വേകള്‍ വരെയും, മിതമായ നിരക്കിലുള്ള ഭവന നിര്‍മ്മാണം മുതല്‍ നികുതി കുറയ്ക്കല്‍ വരെയുമുള്ള, ഈ നടപടികളെല്ലാം രാജ്യത്തെ മധ്യവര്‍ഗ സമൂഹത്തെ ശാക്തീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: