ന്യൂദല്‍ഹി: പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ ടാറ്റ രംഗത്ത്. എയര്‍ ഇന്ത്യ വാങ്ങാനുള്ള ലേല പ്രകിയയില്‍ തങ്ങളും പങ്കെടുക്കുമെന്ന് ടാറ്റ സണ്‍സ് ഔദ്യോഗികമായി വ്യക്തമാക്കി. തങ്ങള്‍ ഒറ്റക്കാണ് ലേലത്തില്‍ പങ്കെടുക്കുക, മറ്റു ധനകാര്യ പങ്കാളികളെ തെരയുന്നില്ലെന്നും ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കി. ലേലത്തിന് താല്‍പര്യമറിയിച്ചിരുന്ന ഹിന്ദുജ, അദാനി കമ്പനികള്‍ പിന്‍വാങ്ങിയതോടെയാണ് ടാറ്റ രംഗത്തു വന്നത്.
കൊറോണ പശ്ചാത്തലത്തില്‍ താല്പര്യപത്രം സമര്‍പ്പിക്കാനുള്ള സമയപരിധി ഓഗസ്റ്റ് 31 വരെ കേന്ദ്ര സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. കൊറോണ പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് മറ്റു കമ്പനികള്‍ പിന്‍വാങ്ങിയത്. എയര്‍ലൈനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള മുന്‍ പരിചയം ടാറ്റയ്ക്കുണ്ട്. രണ്ടു എയര്‍ലൈനുകള്‍ ടാറ്റ ഇപ്പോള്‍ തന്നെ നടത്തുന്നുണ്ട്. വിസ്താര, എയര്‍ ഏഷ്യ എന്നീ വിമാന കമ്പനികളാണിവ.
എയര്‍ ഇന്ത്യയുടെ ആദ്യ രൂപം 1932ല്‍ ടാറ്റയാണ് ആരംഭിച്ചത്. ടാറ്റ എയര്‍ലൈന്‍സ് എന്ന പേരില്‍ 1946 വരെ സര്‍വ്വീസ് നടത്തിയിരുന്ന കമ്പനി പിന്നീട് കേന്ദ്ര സര്‍ക്കാരിന് കൈമാറുകയായിരുന്നു. പിന്നീടാണ് ഇന്നത്തെ എയര്‍ ഇന്ത്യയായി മാറിയത്. വീണ്ടും എയര്‍ ഇന്ത്യയെ ലേലത്തില്‍ ടാറ്റ തിരിച്ച്പിടിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: