രാമായണ ആഖ്യാനങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മാതാക്കളാണ് അയോദ്ധ്യാധിപതി ദശരഥന്റെ പത്നിമാരായ കൗസല്യ, കൈകേയി, സുമിത്ര എന്നിവര്‍. മൂന്നുപേരും ലോകാരാദ്ധ്യരായ നാലു സത്പുത്രന്മാര്‍ക്കു ജന്മം നല്കി പ്രകീര്ത്തിതരായി.
ദശരഥന് അനപതാദുഃഖത്താല്‍ വിവശനായിരുന്നു. അത്യന്തം സന്തപ്തനായ ദശരഥന് ഭാര്യമാരോടും മന്ത്രിമാരോടും കാര്യാകാര്യങ്ങള്‍ ചര്‍ച്ചചെയ്തു. അവരോടൊപ്പം ഗുരു വസിഷ്ഠനെ കണ്ട് കാര്യങ്ങള്‍ പറഞ്ഞു. ‘പുത്രന്മാരില്ലായ്കയാലെനിക്കു രാജ്യാദി സമ്പത്തു സര്‍വവും ദുഃഖപ്രദമെന്നറിഞ്ഞാലും’ എന്നുപോലും പരിതപ്തനായ ദശരഥന് പറയുകയുണ്ടായി. വസിഷ്ഠന് ചിരിച്ചുകൊണ്ട് പറയുന്നു – നിനക്കു നാലു പുത്രന്മാരുണ്ടാകും. അതു വിചാരിച്ച് ദുഃഖിക്കേണ്ടതില്ല. ഇക്കാര്യത്തിനുവേണ്ടി ഒട്ടും വൈകാതെ ഋശ്യശൃംഗനെ വരുത്തി പുത്രകാമേഷ്ടി ചെയ്യുക. വസിഷ്ഠന്റെ നിര്‍ദേശമനുസരിച്ച് ദശരഥന് യാഗം ചെയ്യാനുറച്ചു. അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
ഋശ്യശൃംഗനെ വരുത്തി. ഋശ്യശൃംഗന്റെ യാഗത്തില്‍ ദേവതമാര്‍ സംതൃപ്തരായി. യാഗത്തിനിടെ വഹ്നിദേവന് പായസം നിറച്ച സ്വര്ണപ്പാത്രവുമായി ഹോമകുണ്ഡത്തില്‍നിന്നും പൊങ്ങിവന്നു. ദശരഥന് ഭക്തിപൂര്‍വം അതു സ്വീകരിച്ചു. ഇത് യഥാവിധി കൗസല്യക്കും, കൈകേയിക്കും കൊടുത്തു. അവര്‍ അതില്‍നിന്നും സുമിത്രയ്ക്കും പങ്കു നല്കി. മൂവരും ഗര്‍ഭം ധരിച്ചു. സന്തോഷവാനായ ദശരഥന് ദാനധര്‍മ്മാദികളില്‍ മുഴുകി. അവര്‍ സൂര്യതേജസ്വികളായ നാലു പുത്രന്മാര്ക്ക് ജന്മം നല്കി. കൗസല്യയില്‍നിന്ന് രാമനും കൈകേയിയില്‍നിന്ന് ഭരതനും സുമിത്രയില്നിന്ന് ലക്ഷ്മണനും ശത്രുഘ്നനുമാണ് ദശരഥപുത്രന്മാരായി പിറവിയെടുത്തത്.
പൂര്‍വജന്മ വരത്തിന്റെ ഫലമായി ഭഗവാന്, രാമന്റെ രൂപത്തില്‍ കൗസല്യയില്‍ പുത്രനായി പിറന്നു. രാമന് ജന്മം നല്കിയ കൗസല്യയുടെ മാതൃത്വം എന്നും മാനിക്കപ്പെടുന്നതാണ്.
ദേവലോകത്ത് പ്രവേശിച്ച് അസുരന്മാരോട് യുദ്ധം ചെയ്യവേ തന്റെ രഥത്തിന്റെ അച്ചുതണ്ടിന്റെ ആണി പൊട്ടിപ്പോയത് ദശരഥന് അറിഞ്ഞിരുന്നില്ല. ഇതു കണ്ട കൈകേയി പതിയുടെ പ്രാണരക്ഷാര്‍ഥം ആ ആണിപ്പുഴുതില്‍ (കീലരന്ധ്രം) സ്വന്തം കൈവിരല്‍ പ്രവേശിപ്പിച്ച് യുദ്ധം അവസാനിക്കുന്നതുവരെ ക്ഷമയോടെ നിലകൊണ്ടു. കൈകേയി തന്റെ പതിയെ അതിരറ്റു സ്നേഹിക്കുന്നതിനു ഇതിലും വലിയ ഉദാഹരണങ്ങള്‍ വേണ്ട.
ലക്ഷ്മണന്റെയും ശത്രുഘ്നന്റെയും മാതാവാണ് സുമിത്ര. രാമന് വനവാസത്തിനു പോകുന്ന സമയത്ത് കൂടെ പോകാനൊരുങ്ങുന്ന ലക്ഷ്മണനോട് ജ്യേഷ്ഠസഹോദരനായ രാമനെ പിതാവായും സീതാദേവിയെ മാതാവായും കണക്കാക്കി സ്നേഹിച്ചാദരിച്ച് സേവ ചെയ്യണമെന്ന് ഉപദേശിച്ചിരിക്കുന്നു. ഇത് പുത്രന്മാര്ക്കിടയില് ഭാവാത്മകമായ ഐക്യം ഉണ്ടാക്കുന്നതിന് സാധിച്ചു. സുമിത്രയുടെ ഈ കൃത്യം ലോകത്തിനു മാതൃകയാണ് – മാതൃകാ മാതാവായി സുമിത്രയെ കണക്കാക്കാം.
ജന്മാന്തരങ്ങളില്‍ ചെയ്ത അധികതരങ്ങളായ പുണ്യകര്‍മ്മങ്ങളുടെ ഫലസഞ്ചയം കൊണ്ടാണ് ലോകവന്ദ്യരായ സത്പുത്രന്മാര്‍ക്ക് ജന്മം നല്കാന് ഭാഗ്യമുണ്ടായത്. അതിനാല്‍ത്തന്നെ മൂവരും കീര്ത്തിക്കപ്പടുന്നു. കൗസല്യാസുപ്രജനായ രാമന്, കൈകേയീനന്ദനനായ ഭരതന്, സുമിത്രാത്മജന്മാരായ ലക്ഷ്മണനും ശത്രുഘ്നനും എന്നിങ്ങനെ മാതൃനാമങ്ങള്‍ ചേര്‍ത്ത് അഭിസംബോധന ചെയ്യപ്പെടുന്നു.
ദശരഥന്റെ ഭാര്യമാരായ മൂന്നു പേരുടെയും പരസ്പരസ്നേഹവും അവരില്‍നിന്നു പിറവിയെടുത്ത സന്താനങ്ങളിലെ ചേര്‍ച്ചയും പരസ്പരസ്നേഹവും ബഹുമാനാദരങ്ങളും കീര്ത്തനീയങ്ങളാണ്. ദശരഥനിലും പ്രജകളിലും സന്തോഷം നല്കിയ അവരുടെ ജീവിതം ലോകത്തിനു നിദര്‍ശനങ്ങളാണ്.
പ്രപഞ്ചത്തില്‍ കഴിയുമ്പോള്‍ മായാവിലാസങ്ങളില്‍ അകപ്പെടാനുള്ള സാദ്ധ്യത ഏറെയാണ്. മൂര്‍ച്ചയുള്ള വാള്‍ത്തലയിലൂടെ സഞ്ചരിക്കുന്നത്ര ശ്രദ്ധയോടെയാവണം ഈ ലോകത്ത് ജീവിക്കേണ്ടത്. ഏറെ സന്തോഷവും ഐശ്വര്യവും തിരതല്ലുന്ന ജീവിതമാണ് അവരുടേതെങ്കിലും കൈകേയി മായാവലയത്തില്‍ പെട്ടുപോയി എന്നത് ദുഃഖകരമാണ്.
കുദൃഷ്ടിയായ മന്ഥര കൈകേയിയുടെ മനസ്സിനെ തന്റെ മധുരതരങ്ങളായ വാക്കുകളാല്‍ ചഞ്ചലമാക്കി. കൈകേയിയില്‍ സപത്നിമാരില്‍ അസൂയ വളര്‍ത്തുകയാണ് മന്ഥര ചെയ്തത്. രാമന് രാജാവായാല്‍ പിന്നെ കൗസല്യയുടെ ദാസിയായി കഴിയേണ്ടിവരുമെന്നാണ് ബോധിപ്പിച്ചത്. ഇതെല്ലാം കൈകേകിയുടെ മനസ്സിളക്കി. മന്ഥരയുടെ വാക്കുകള്‍, അരുതാത്തതു ചിന്തിക്കാന്‍ പ്രേരണയാവുകയും ചെയ്തു. തത്ഫലമായി എത്രയെത്ര വിഷമതകളാണ് ലോകം കണ്ടതും അനുഭവിച്ചതും. രാമന് സീതാസമേതനായി ലക്ഷ്മണനോടുകൂടെ പതിനാലു വര്‍ഷം വനവാസം ചെയ്യാന്‍ കാരണമായത് കൈകേയീവാക്യമാണ്. ദശരഥന് അവസാനകാലത്ത് രാമന്റെ സാമീപ്യമില്ലാതെ മനോവേദനയോടെ ദേഹത്യാഗം ചെയ്യേണ്ടിവന്നതും എല്ലാം ഈയൊരു കുത്സിതബുദ്ധിയുടെ പരിണതിയാണ്.
ഏതായാലും രാമലക്ഷ്മണന്മാരും ഭരത ശത്രുഘ്നന്മാരും സീതാദേവിയും രാമായണവും നിലനില്‍ക്കുന്നിടത്തോളം കാലം ഈ മാതൃത്രയ നാമങ്ങളും ഭൂമിയില്‍ നിലനില്ക്കും.
രവീന്ദ്രന് കൊളത്തൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: