ഇത് ഓര്‍മപ്പെടുത്തലാണ്
മോനേ
പത്തു മാസം നിന്നെ
ക്വാറന്റീനിലാക്കിയതിന്റെ ഓര്‍മപ്പെടുത്തല്‍
അത്ര സുരക്ഷിതത്വം
നിനക്കെവിടെ കിട്ടും
നിന്റെ കരച്ചില്
കണ്ണു പൂട്ടിക്കളി
നൊണ്ണുകാട്ടിച്ചിരി
കള്ളനോട്ടം
ഭൂമിയിലെ സ്വര്‍ഗം
എന്റെ മടിത്തട്ടില്‍
കൈകാലിട്ടടിച്ചു
വളര്‍ച്ചയുടെ പടവുകളില്‍
പിന്നെ ഞാന്‍
നിഴല്‍ പോലും
അല്ലാതായി
സാമീപ്യം
അരോചകമായി
മായികമോഹങ്ങള്‍
മണിപ്പന്തലൊരുക്കി
മതിമറന്നാടുന്ന നിന്നെ നോക്കി
കണ്ണീര്വാര്ത്തപ്പോഴും
സ്വപ്നങ്ങളില്‍
മാറിടത്തില്‍ ചാഞ്ഞുറങ്ങുന്ന
നീയെന്റെ ആഹ്ലാദമായി
ഒടുവില്‍ തിരിച്ചറിവിന്റെ തീരത്തിപ്പോള്‍
നിനക്ക് ക്വാറന്റീന്
വേണ്ടി വന്നു
ഒരോര്‍മപ്പെടുത്തലായി
സംരക്ഷണത്തിന്റെ
മാതൃകവചം പോലെ
ക്വാറന്റീന്
അതെക്കാലത്തെയും
സംരക്ഷണമാവട്ടെ
പ്രകൃതിയിലേക്കുള്ള
പുരുഷന്റെ തിരിച്ചു പോക്കിന്റെ ഓര്‍മപ്പെടുത്തല്‍
കെ.മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: