വാല്മീകി രാമായണം കിഷ്കിന്ധാകാണ്ഡം അറുപത്തിയാറാം സര്‍ഗത്തിലെ ഹനുമദ് പ്രശംസ ഏറെ ആകര്‍ഷകം. നൂറു യോജന വിസ്തൃതിയുള്ള സമുദ്രം ചാടിക്കടക്കാന്‍ ധൈര്യമില്ലാതെ ഹനുമാനുള്പ്പെടെയുള്ള വാനരവീരന്മാര് മടിച്ചു നില്ക്കവേ ജാംബവാന് ഹനുമാനിലുറങ്ങിക്കിടക്കുന്ന അതുല്യശക്തിയെപ്പറ്റിയും ആജന്മമഹിമകളെപ്പറ്റിയും ഉദ്ബോധിപ്പിക്കുന്നു. അപ്പോള്‍ ഹനുമാന് തന്നെത്തന്നെ തിരിച്ചറിഞ്ഞ് വര്‍ധിതവീര്യനായി സമുദ്രതരണത്തിന് തയ്യാറാകുന്നു.
പഴകിയതും അപരിഷ്കൃതവും കാലഹരണപ്പെട്ടതുമൊക്കെയായ വസ്തുക്കളെ സൂചിപ്പിക്കുവാന്‍ നാമിന്നും ഉപയോഗിക്കുന്ന ശൈലിയാണല്ലോ ‘ജാംബവാന്റെ കാലത്തേത്’ എന്നത്. എന്നാല്‍ ആ പ്രയോഗം അസാധുവാണെന്ന് തെളിയിക്കുന്നതാണ് ഈ കഥാസന്ദര്‍ഭം. കാരണം ആധുനിക മനോരോഗ ചികിത്സയായ സൈക്കോളജിക്കല്‍ കൗണ്‍സിലിങ്ങിന്റെ ആദ്യമാതൃകയാണ് ജാംബവാന്റെ കര്‍മം. നല്ലവാക്കോതുവാന്‍ ത്രാണിയില്ലാത്തവരും അന്യരെ തേജോവധം ചെയ്യാന്‍ മടിക്കാത്തവരുമായ നമുക്ക് രാമായണത്തിലെ വാനരസംസ്കാരം പോലുമില്ലാതായിരിക്കുന്നു.
ഉത്തേജക വാക്കുകള്‍ തീയിലേക്കുള്ള കാറ്റും ഹവിസ്സുമാണ്. അതു നല്കുന്നവന് ജീവരക്ഷ തന്നെയാണ് ചെയ്യുന്നത്. ഔഷധഗുണമുള്ള വാക്കുകള്‍ ചെലവില്ലാത്ത വലിയ ചികിത്സയാണ്. മഹാബലനായ ഹനുമാനു പോലും അതു വേണ്ടിവന്നുവെങ്കില്‍ നമുക്ക് എത്രത്തോളം ആവശ്യമാണ് എന്നത് ചിന്തനീയം. പ്രലോഭനം കൊണ്ട് മിക്ക മനുഷ്യരും കുറ്റവാളികളാകുമ്പോള്‍ പ്രചോദനം കൊണ്ട് വീരപുരുഷന്മാരാകുന്നു എന്ന മഹദ്വചനം ഇവിടെ സ്മരണീയം. ഉത്തേജക സാഹിത്യം ഏറെ പ്രചരിക്കുന്ന ഇന്ന് അതിന്റെ ആദിമൂലം ഈ കഥാ സന്ദര്‍ഭമാണ് എന്നു കരുതുന്നതില്‍ തെറ്റില്ല.
മാങ്കുളം ജി.കെ. നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: