വിളപ്പില്‍: സ്പെഷ്യല്‍ സ്കൂള്‍ എന്നാണ് പേരെങ്കിലും സംസ്ഥാനത്തെ മൂന്ന് സര്‍ക്കാര്‍ ബധിര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്നത് സ്പെഷ്യല്‍ ട്രെയിനിംഗ് ഇല്ലാത്ത അധ്യാപകര്‍. സര്‍ക്കാരിനെ അറിയിക്കാതെ, സ്കൂള്‍ അധികൃതര്‍ കാലങ്ങളായി പൂഴ്ത്തിവെച്ച ഒഴിവുകള്‍ പിഎസ്സിക്ക് വിടണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികള്‍ രംഗത്ത്.
തിരുവനന്തപുരം ജഗതി, തൃശ്ശൂര്‍ കുന്ദംകുളം, പാലക്കാട് ഒറ്റപ്പാലം എന്നിവിടങ്ങളിലെ മൂന്ന് സര്‍ക്കാര്‍ ബധിര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലാണ് കാലങ്ങളായി സ്പെഷ്യല്‍ ട്രെയിനിംഗ് ഇല്ലാത്ത അധ്യാപകര്‍ പഠിപ്പിക്കുന്നത്. നാളിതുവരെ ഈ സ്കൂളുകളിലെ ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തിതിട്ടില്ല. പകരം പൊതുധാരയില്‍ നിന്നുള്ള സ്പെഷ്യല്‍ ട്രെയിനിംഗ് ഇല്ലാത്ത അധ്യാപകരാണ് ഈ സ്കൂളുകളില്‍ പഠിപ്പിക്കുന്നത്. 1995ലാണ് ജഗതിയില്‍ ബധിര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ആരംഭിച്ചത്. കാഴ്ച സംസാരകേള്‍വി വൈകല്യമുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ പ്രത്യേക പരിശീലനം നേടിയ അധ്യാപകര്‍ തന്നെ പഠിപ്പിക്കണമെന്ന് റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(ആര്‍സിഐ)യുടെ കര്‍ശന നിയമമുള്ളപ്പോഴാണ് ജഗതി ബധിര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കാല്‍നൂറ്റാണ്ട് കാലമായി സ്പെഷ്യല്‍ ട്രെയിനിംഗ് ഇല്ലാത്ത അധ്യാപകര്‍ വിലസുന്നത്. ഈ സ്ഥിതി തന്നെയാണ് കുന്ദംകുളം, ഒറ്റപ്പാലം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും.
ജഗതിയില്‍ 1997ല്‍ ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ അധ്യാപക ഒഴിവുകള്‍ ഉദ്യോഗാര്‍ഥികളുടെ നിരന്തര പോരാട്ടത്തെ തുടര്‍ന്ന് ഈയടുത്ത കാലത്ത് പിഎസ്സി വിളിക്കുകയും സ്പെഷ്യല്‍ ട്രെയിനിംഗ് ഉള്ള അഞ്ച് പേരെ നിയമിക്കുകയും ചെയ്തിരുന്നു. വിഎച്ച്എസ്സി മാത്രമുള്ള കുന്ദംകുളത്തും എച്ച്എസ്എസ്/വിഎച്ച്എസ്സി എന്നിവയുള്ള ഒറ്റപ്പാലത്തും ബധിര വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതും സ്പെഷ്യല്‍ ട്രെയിനിംഗ് ഇല്ലാത്ത അധ്യാപകര്‍ തന്നെ. സംസ്ഥാനത്തെ പൊതുധാര സ്കൂളുകളിലെ ഭിന്നശേഷി കുട്ടികളെപ്പോലും പഠിപ്പിക്കുന്നതിന് സ്പെഷ്യല്‍ ട്രെയിനിംഗ് നേടിയ അധ്യാപകരെയാണ് കരാര്‍ അടിസ്ഥാനത്തില്‍ എസ്എസ്എ (സര്‍വശിക്ഷ അഭിയാന്) പോലും നിയമിച്ചിട്ടുള്ളത് എന്നിരിക്കെയാണ് സംസ്ഥാനത്തെ മൂന്ന് ബധിര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഈ തലതിരിഞ്ഞ വിദ്യാഭ്യാസ സമ്പ്രദായം നിലനില്‍ക്കുന്നത്.
ഈ സ്കൂളുകളില്‍ സ്പെഷ്യല്‍ ട്രെയിനിംഗ് ഉള്ള അധ്യാപകരാണ് പഠിപ്പിക്കുന്നതെന്ന് തെറ്റിദ്ധരിച്ചാണ് രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ ചേര്‍ക്കുന്നത്. ഇത് കുട്ടികളോടുള്ള വെല്ലുവിളിയും അവരുടെ പഠനവും ജീവിതം തന്നെയും അപകടപ്പെടുത്തുന്ന പ്രവണതയുമാണ്. ബധിര സ്കൂളുകളില്‍ പ്രീെ്രെപമറി തലം മുതല്‍ ഹൈസ്കൂള്‍ വരെയും ഹയര്‍സെക്കന്‍ഡറിയിലും സ്പെഷ്യല്‍ ട്രെയിനിംഗ് നേടിയ അധ്യാപകര്‍ പഠിപ്പിക്കുമ്പോള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ മാത്രം പ്രത്യേക പരിശീലനം ഇല്ലാത്തവര്‍ പഠിപ്പിക്കുന്നത് കുട്ടികളോടുള്ള അനീതിയായും ചൂണ്ടിക്കാട്ടപ്പെടുന്നു. സ്പെഷ്യല്‍ ട്രെയിനിംഗ് നേടിയ നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ ഒരു ജോലിക്ക് വേണ്ടി പുറത്തു കാത്തുനില്‍ക്കുമ്പോഴാണ് പൊതുധാര സ്കുളുകളില് നിന്നെത്തിയ അധ്യാപകര്‍ ഇവിടെ പഠിപ്പിക്കുന്നത്. സംസ്ഥാനതല നിയമനങ്ങളില്‍ മൂന്ന് വര്‍ഷം കഴിഞ്ഞ് സ്ഥലംമാറ്റം നിര്‍ബന്ധമാക്കിയിരിക്കെ പലരും തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് മാറിപ്പോകാന്‍ കൂട്ടാക്കാതെ വര്‍ഷങ്ങളായി തുടരുകയാണ്. സര്‍ക്കാരിനെയോ പുറംലോകത്തെയോ അറിയിക്കാതെയാണ് സ്കൂള്‍ അധികൃതര്‍ ഒഴിവുകള്‍ പൂഴ്ത്തി മറ്റുള്ളവര്‍ക്ക് അവസരം നിഷേധിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.
ആര്‍സിഐയുടെ നിയമമനുസരിച്ച് സ്പെഷ്യല്‍ സ്കൂളുകളില്‍ അതാത് വിഭാഗങ്ങളില്‍ പ്രത്യേക പരിശീലനം സിദ്ധിച്ചിട്ടുള്ളവര്‍ പഠിപ്പിക്കാതെ, അല്ലാത്തവര്‍ ബോധപൂര്‍വം തുടരുന്നത് പിഴയും തടവും വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഒഴിവുകള്‍ എത്രയും വേഗം പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യമാണ് ഉദ്യോഗാര്‍ഥികള്‍ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: