നെടുങ്കണ്ടം: കരുണാപുരം കട്ടേക്കാനത്ത് യുവാവിനെ വെടിവെച്ച ശേഷം തമിഴ്നാട് വനമേഖലയില്‍ ഒളിവില്‍ കഴിഞ്ഞ ചക്രപാണി സന്തോഷിനെ ആറര മാസങ്ങള്‍ക്ക് ശേഷം കമ്പംമെട്ട് പോലീസ് അറസ്റ്റ് ചെയ്തു.
ജനുവരി 22 രാത്രിയിലാണ് തണ്ണിപ്പാറ സ്വദേശി ഉല്ലാസിന് വെടിയേറ്റത്. വെടിയേറ്റ ഉല്ലാസിനെ വീണ്ടും അപായപ്പെടുത്താന്‍ കത്തിയുമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് സന്തോഷിനെ പിടികൂടിയത്. ലൈസന്‍സില്ലാത്ത തോക്ക് ഉപയോഗിച്ചാണ് സന്തോഷ് ഉല്ലാസിനെ വെടിവെച്ചതെന്നു കമ്പംമെട്ട് പോലീസ് പറഞ്ഞു. ഇത് കണ്ടെത്താനായിട്ടില്ല.
സന്തോഷ് വനത്തിലേക്കു കടന്ന ശേഷം തമിഴ്നാട് വനത്തിലെ മലമുകളില്‍ നിന്നും 3 തവണ വെടിയൊച്ച കേട്ടിരുന്നു. ഇതോടെ പ്രദേശവാസികളും ഭീതിയിലായിരുന്നു.
ഇതോടെ വനത്തില്‍ തെരച്ചിലിന് എത്തിയ പോലീസ് സംഘത്തെ കാട്ടുപന്നി ഓടിച്ചു. ഒടുവില്‍ പോലീസ് സംഘം തിരികെ മടങ്ങി. തുടര്‍ന്ന് കമ്പംമെട്ട് സിഐ ജി. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്കി. തമിഴ്നാട് വനമേഖലയില്‍ ഗുണ്ട സംഘങ്ങളോട് ഒപ്പമാണ് കഴിഞ്ഞ 8 മാസമായി സന്തോഷ് ഒളിവില്‍ കഴിഞ്ഞത്.
മുറ്റത്ത് നില്‍ക്കുകയായിരുന്ന ഉല്ലാസിനെ റോഡില്‍ പതുങ്ങി നിന്ന് സന്തോഷ് വെടിവെയ്ക്കുകയായിരുന്നു. വലത് കാലിലൂടെ തുളച്ച് പെല്ലറ്റ് ഇടതുകാലിലും തറച്ച് കയറി. ഇരുകാലുകളുടെയും എല്ലുകള്‍ തകര്‍ന്നു. ജനുവരി മാസം ഉല്ലാസിന്റെ പുരയിടത്തില്‍ ജോലി ചെയ്തുവരികയായിരുന്നു സന്തോഷ്.
കൊറോണ പരിശോധനക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. ചക്രപാണി സന്തോഷ് ഇതിന് മുന്‍പ് 4 പേരെ വെടിവെച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ചിട്ടുണ്ട്. കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
കട്ടേക്കാനം സ്വദേശിയായ വിശ്വനെ 2008 ല്‍ വെടിവെച്ചിട്ടു. 2010 ല്‍ പാറയ്ക്കല്‍ ഷിബുവിന്റെ തലയ്ക്ക് വെടിയുതിര്‍ത്തു. കണ്ണിന് പരുക്കേറ്റ രതീഷ് തലനാരിഴയ്ക്കാണ് അന്ന് രക്ഷപെട്ടത്. 7 വര്‍ഷം മുമ്പ് 35കാരനായ പുല്ലുംപുറത്ത് രതീഷിനെ പിറകില്‍ നിന്നും വെടിവെച്ചിട്ട കേസില്‍ സന്തോഷിനെ 5 വര്‍ഷം ശിക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: