കോഴിക്കോട്: ലിനു മഴ നനഞ്ഞ് യാത്രയായിട്ട് ഒരു വര്‍ഷം. കഴിഞ്ഞ മഴക്കാലത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് സേവാഭാരതി പ്രവര്‍ത്തകനായ ചെറുവണ്ണൂര്‍ എരഞ്ഞിരിക്കാട്ട് പാലം ലിനു മരിച്ചത്.
വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മനസ്സില്‍ വിങ്ങുന്ന നോവായി ലിനു മാറിയത് 2019 ആഗസ്റ്റ് 11 നായിരുന്നു. അന്ന് രാവിലെ മുതല്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിലായിരുന്നു ലിനുവടക്കമുള്ള സേവാഭാരതി പ്രവര്‍ത്തകര്‍. വൈകിട്ട് ദുരിതാശ്വാസക്യാമ്പിലെത്തി അമ്മയെയും അച്ഛനെയും കണ്ടശേഷം വീണ്ടും രക്ഷാപ്രവര്‍ത്തനത്തിനായി പോകുന്നതിനിടെ ലിനു വെള്ളത്തില്‍ തളര്‍ന്നുവീഴുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും ലിനുവിനെ കണ്ടെത്താനായില്ല. പിന്നീട് ഫയര്‍ഫോഴ്സും മറ്റു സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ലിനുവിന്റെ ജീവനറ്റശരീരം കണ്ടെത്തുന്നത്.
ലിനുവിനെ അംഗീകരിക്കാനോ ലിനുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനോ ആദ്യഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരോ അധികൃതരോ തയ്യാറായില്ല. ബിജെപി, സേവാഭാരതി, ഹിന്ദുഐക്യവേദി നേതാക്കള്‍ ലിനുവിന്റെ കുടുംബത്തിന് പിന്തുണയുമായി വീട്ടിലെത്തി. ലിനുവിനോടുള്ള അഗവണനയ്ക്കെതിരെ പ്രതിഷേധം ശക്തമായതോടെ സര്‍ക്കാര്‍ നിലപാട് തിരുത്തി.
ലിനുവിനെ മാറ്റിനിര്‍ത്തുന്നതിനെതിരെ നടന് ഉണ്ണി മുകുന്ദന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രതിഷേധമറിയിച്ചു. നടന്മാരായ സുരേഷ് ഗോപി എംപി, മമ്മൂട്ടി, മോഹന്‍ലാല്‍, ജയസൂര്യ തുടങ്ങിയവര്‍ ലിനുവിന്റെ അമ്മയെ ഫോണില്‍ വിളിച്ചു ആശ്വസിപ്പിച്ചു. ലിനു യാത്രയായത് മൂന്നരകോടി ജനങ്ങളുടെ ഹൃദയത്തിലേക്കാണെന്ന് …. കാണിച്ച് നടന് മോഹന്‍ലാല്‍ ലിനുവിന്റെ അമ്മയ്ക്ക് കത്തും നല്കി. സംവിധായകന് മേജര്‍ രവി നേരിട്ടെത്തിയാണ് അമ്മയ്ക്ക് കത്ത് കൈമാറിയത്. തുടര്‍ന്ന് ഇവരടക്കമുള്ള സമൂഹത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള പിന്തുണ ലിനുവിന്റെ കുടുംബത്തിന് ലഭിക്കുകയായിരുന്നു.
എന്നും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി മുന്നിട്ടിറങ്ങുന്ന പ്രകൃതമായിരുന്ന ലിനുവിനെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പരിസരവാസികളും ചേര്‍ന്ന് അനുസ്മരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങ്. ലിനുവിന്റെ അച്ഛന് സുബ്രഹ്മണ്യന്, അമ്മ പുഷ്പലത, സഹോദരങ്ങളായ ലാലു, ലൈജു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. വിഎച്ച്പി ജില്ലാ പ്രസിഡന്റ് പി. ജിജേഷ് മുഖ്യപ്രഭാഷണം നടത്തി. പി. ഗിരീഷ്, എം. ശക്തിധരന്, സി. സാബുലാല്‍, പി. സുരേഷ്, പി.ടി. ഷാജി, ഗിരീഷ് ബാബു, ശിവരാജന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: