ലോക്സഭാ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുല്‍ കോണ്‍ഗ്രസ്സിന്റെ അധ്യക്ഷപദവി ഒഴിഞ്ഞപ്പോള്‍ ആ പാര്‍ട്ടിയില്‍ എന്തോ മഹാദ്ഭുതം സംഭവിക്കാന്‍ പോകുന്നു എന്നാണ് നെഹ്റു കുടുംബത്തിന്റെ കൂലിയെഴുത്തുകാര്‍ ആവേശംകൊണ്ടത്. കോണ്‍ഗ്രസ്സിലെ കുടുംബവാഴ്ചയ്ക്ക് അന്ത്യംകുറിച്ച് ജനാധിപത്യ പാര്‍ട്ടിയായി മാറാന്‍ കളമൊരുങ്ങുകയാണെന്നും, രാഹുലിന് പകരക്കാരനായി നെഹ്റു കുടുംബത്തിനു പുറത്തുനിന്നുള്ള ആരെങ്കിലും അധ്യക്ഷ പദവിയിലെത്തുമെന്നും ആസൂത്രിതമായ പ്രചാരണം നടന്നു. ദിവസങ്ങളുടെ ആയുസ്സേ ഇതിനുണ്ടായിരുന്നുള്ളൂ. പകരക്കാരിയായി സോണിയ തന്നെ അധ്യക്ഷ പദവിയിലെത്തി. അന്നു മുതല്‍ ഇടക്കാല അധ്യക്ഷ എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. എന്നാല്‍ അത് അങ്ങനെയല്ലെന്ന് ഇപ്പോള്‍ വ്യക്തമായി. അധ്യക്ഷപദവിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ സോണിയ ആ സ്ഥാനത്ത് തുടരുമെന്ന് പാര്‍ട്ടി ഔദ്യോഗികമായിത്തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. കോണ്‍ഗ്രസ്സില്‍ ഇതാ ജനാധിപത്യത്തിന്റെ പൂക്കാലം വരുന്നു എന്നു വിളിച്ചുപറഞ്ഞവര്‍ ഇപ്പോള്‍ നിശ്ശബ്ദരാണ്.
കോണ്‍ഗ്രസ്സിലെ ഈ ‘അധികാര കൈമാറ്റം’ അമ്മയും മകനും തമ്മിലുള്ള ഒത്തുകളിയാണെന്നു മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മതി. എന്നിട്ടും കോണ്‍ഗ്രസ്സില്‍ രണ്ടു പക്ഷമുണ്ട്. സോണിയയെ അനുകൂലിക്കുന്ന ഓള്‍ഡ് ഗാര്‍ഡും രാഹുലിനെ പിന്തുണയ്ക്കുന്ന യങ് ബ്രിഗേഡും. ഇവര്‍ തമ്മില്‍ വലിയ ഏറ്റുമുട്ടല്‍ നടക്കുകയാണ് എന്നൊക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പണിയാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ എടുത്തത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ രണ്ടാമത്തെ പൊതു തെരഞ്ഞെടുപ്പിലും പരാജയത്തിന്റെ പ്രതിരൂപമായി മാറി ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ട ഒരു രാഷ്ട്രീയ കോമാളിയെ രക്ഷിക്കുകയെന്ന തന്ത്രമായിരുന്നു മകനെ അധ്യക്ഷ പദവിയില്‍നിന്ന് മാറ്റിക്കൊണ്ടുള്ള സോണിയയുടെ രംഗപ്രവേശം. കഴിവുകെട്ടവനെന്ന് പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷത്തിനുംബോധ്യമുള്ള ഒരാളെ വീണ്ടും അവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള വിലകുറഞ്ഞ തന്ത്രം.
കോണ്‍ഗ്രസ്സ് അനാഥമാണെന്ന തോന്നലുണ്ടാക്കുന്നത് ഒഴിവാക്കാന്‍ പാര്‍ട്ടിക്ക് പൂര്‍ണസമയ അധ്യക്ഷന്‍ വേണമെന്നാണ് ശശി തരൂര്‍ പറയുന്നത്. ഇടക്കാല അധ്യക്ഷ പദവിയില്‍ അനിശ്ചിതമായി തുടരാന്‍ സോണിയയെ അനുവദിക്കുന്നത് അവരോട് ചെയ്യുന്ന ദ്രോഹമാണെന്നും, അവര്‍ ഒഴിയാന്‍ തയ്യാറായാല്‍ സ്ഥാനമേറ്റെടുക്കാനുള്ള ശേഷി രാഹുലിനുണ്ടെന്നും, ഇതിന് തയ്യാറാവുന്നില്ലെങ്കില്‍ മറ്റൊരു പൂര്‍ണസമയ അധ്യക്ഷനെ കണ്ടെത്തണമെന്നുമാണ് തരൂരിന്റെ നിര്‍ദ്ദേശം. അമ്മയെയും മകനെയും ഒരുപോലെ തൃപ്തിപ്പെടുത്തുക. ഇവര്‍ക്കു പകരം അധ്യക്ഷസ്ഥാനത്ത് മറ്റൊരാള്‍ വരുന്നതിനെ സ്വാഗതം ചെയ്യുക. തരൂരിന്റെ കൗശലം അപാരമാണ്. ഇപ്പോഴത്തെ നിലയില്‍ കോണ്‍ഗ്രസ്സ് എത്രകാലം അനാഥമായി തുടര്‍ന്നാലും നെഹ്റു കുടുംബത്തിലുള്ള ഒരാളല്ലാതെ പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്ത് വരില്ല. കോണ്‍ഗ്രസ്സിന് നെഹ്റു കുടുംബത്തിലുള്ളവര്‍ വേണം, അവര്‍ക്ക് വോട്ടര്‍മാരെ ആകര്‍ഷിക്കാനുമാവുന്നില്ല എന്നതാണ് പ്രശ്നം. തരൂരിനും ഇതൊന്നും അറിയാത്തതല്ല. പക്ഷേ സത്യം പറഞ്ഞാല്‍ പാര്‍ട്ടിക്ക് പുറത്താവും. നേതൃത്വമില്ലാതെ കോണ്‍ഗ്രസ്സിന് മുന്നോട്ടുപോകാനാവില്ലെന്ന് പറഞ്ഞ സഞ്ജയ് ഝാ പാര്‍ട്ടിക്ക് പുറത്താവാന്‍ മണിക്കൂറുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ.
നെഹ്റു കുടുംബത്തിലെ ഒരു പാഴ്മുളയാണ് രാഹുല്‍. ഉത്തരവാദിത്വമുള്ള സ്ഥാനത്തിരുന്നാല്‍ മകന്റെ കഴിവുകേട് വെളിപ്പെടുമെന്ന് സോണിയയ്ക്ക് നന്നായറിയാം. അതുകൊണ്ട് ഉത്തരവാദിത്വമില്ലാതെ അധികാരം കയ്യാളാന്‍ അനുവദിച്ചിരിക്കുന്നു. രാഹുല്‍ എന്തുകൊണ്ട് ഉത്തരവാദിത്വമേറ്റെടുത്ത് കഴിവു തെളിയിക്കുന്നില്ല എന്നതിന്റെ ഉത്തരം 50 പിന്നിട്ടിട്ടും എന്തുകൊണ്ട് വിവാഹിതനാവുന്നില്ല എന്ന ചോദ്യത്തിലുണ്ട്. പ്രധാനമന്ത്രിയാവുന്നതിനു മുന്‍പ് വിവാഹിതനായാല്‍ പലതുകൊണ്ടും ആ പദവിയിലെത്താന്‍ തടസ്സമാവുമെന്ന ഭയം. മകന്റെ കസേര കാക്കുന്ന പണിയാണ് ഇടക്കാല അധ്യക്ഷയായ സോണിയ ചെയ്തുകൊണ്ടിരിക്കുന്നത്. തന്റെ പിന്‍ഗാമിയായി മകന് സഞ്ജയനെ വാഴിക്കാന്‍ ഇന്ദിരാഗാന്ധി നടത്തിയതിനെക്കാള്‍ പതിന്മടങ്ങ് കുടിലതയോടെയാണ് രാഹുലിനുവേണ്ടി സോണിയ കരുക്കള്‍ നീക്കുന്നത്.
അമ്മയ്ക്കായാലും മകള്‍ക്കായാലും പാര്‍ട്ടിയിലെ പല പ്രാഥമിക അംഗങ്ങള്‍ക്കു പോലുമുള്ള കഴിവില്ലെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് നന്നായറിയാം. എന്നിട്ടും അമ്മയ്ക്കും മകനും വേണ്ടി നേതാക്കള്‍ വാദിച്ചുകൊണ്ടിരിക്കുന്നത് സ്ഥാപിതതാല്പ്പര്യങ്ങള് സംരക്ഷിക്കാന്‍ നെഹ്റു കുടുംബത്തിലെ ഈ പൊയ്മുഖങ്ങള്‍ വേണമെന്നുള്ളതുകൊണ്ടാണ്. അമ്മയ്ക്കും മക്കള്‍ക്കും പാര്‍ട്ടിയില്‍ എന്തുവേണമെങ്കിലുമാകാം. അത് അംഗീകൃത നയമാണ്. ഇത് ചോദ്യം ചെയ്യുന്നവര്‍ പാര്‍ട്ടിക്ക് പു
റത്താവും. പക്ഷേ ഇത്തരക്കാര്‍ക്ക് എളുപ്പത്തില്‍ തിരിച്ചെത്താനുമാവും. സോണിയയെ സ്തുതിക്കുകയോ രാഹുലിനെ പ്രശംസിക്കുകയോ പ്രിയങ്കയെ ആരാധിക്കുകയോ ചെയ്താല്‍ മതി. നയവും നിലപാടുകളുമൊന്നും ഇതിന് തടസ്സമാവില്ല. പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയ സച്ചിന് പൈലറ്റ് എത്ര വേഗമാണ് അമ്മയെയും മക്കളെയും പുകഴ്ത്തി നല്ല കുട്ടിയായത്. കോണ്‍ഗ്രസ്സിലെ കരുത്തന്മാര് എന്നു കരുതപ്പെടുന്നവരുടെപോലും സിരകളിലോടുന്നത് നെഹ്റു കുടുംബത്തിന്റെ രക്തമാണെന്ന് ആരും സംശയിച്ചുപോകും. എ. കെ.ആന്റണി മുതല്‍ കെ.സി. വേണുഗോപാല്‍ വരെയുള്ള വിനീതവിധേയന്മാരുടെ കാര്യം പറയേണ്ടതില്ലല്ലോ.
നെഹ്റു കുടുംബത്തിന്റെ കഴിവുകേടുകള്‍ പോലും മഹത്വവല്‍ക്കരിക്കപ്പെടുന്നു. ഈ കുടുംബത്തിന്റെ കൊള്ളരുതായ്മകളെ വെള്ളപൂശാന്‍ അവയൊക്കെ മറ്റു പാര്‍ട്ടികളിലും കണ്ടുപിടിക്കുന്ന ചില ന്യൂസ് ബോര്‍ഡുകള്‍ കേരളത്തില്‍ പോലും രംഗത്തുവന്നിട്ടുണ്ടല്ലോ. കോടാനുകോടി ഹിന്ദുക്കളുടെ ഹൃദയാഭിലാഷമായ രാമക്ഷേത്രം അയോധ്യയിലെ രാമജന്മഭൂമിയില്‍ ഉയരുന്നതില്‍ തുടക്കം മുതല്‍ ഒടുക്കം വരെ കോണ്‍ഗ്രസ്സ് എതിര്‍ത്തിട്ടുണ്ട്. എന്നാല്‍ സുപ്രീംകോടതിയുടെ ആത്യന്തിക വിധിയോടെ അതിനുള്ള എല്ലാ തടസ്സങ്ങളും നീങ്ങി ക്ഷേത്രത്തിനുള്ള ഭൂമി പൂജയും കഴിഞ്ഞപ്പോള്‍ ഞങ്ങളും ഹിന്ദുക്കളാണെന്നു പറഞ്ഞ് ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ രംഗത്തുവന്നിരിക്കുന്നു! രാമക്ഷേത്ര നിര്‍മാണത്തെ ആരു പിന്തുണയ്ക്കുന്നതും സ്വാഗതാര്‍ഹമാണ്. പക്ഷേ കോണ്‍ഗ്രസ്സ് അതു ചെയ്യുന്നതില്‍ വലിയ കാപട്യമുണ്ട്.
രാമക്ഷേത്രത്തിനായുള്ള ഭൂമിപൂജ ദേശീയഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സാംസ്കാരിക ആഭിമുഖ്യത്തിന്റെയും ആഘോഷമായിത്തീരാന്‍ ഭഗവാന് രാമന് അനുഗ്രഹിക്കട്ടെയെന്നാണ് പ്രിയങ്ക വാദ്രയ്ക്ക് വെളിപാടുണ്ടായിരിക്കുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട പ്രക്ഷോഭത്തിലുടനീളം വിശ്വഹിന്ദു പരിഷത്തും ബിജെപിയും ഉള്‍പ്പെടുന്ന സംഘപരിവാര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നത് ഇതുതന്നെയാണ്. അപ്പോഴൊക്കെ അതിനെ നഖശിഖാന്തം എതിര്‍ത്ത് ഹിന്ദുജനതയെ അവഹേളിക്കുകയാണ് കോണ്‍ഗ്രസ്സ് ചെയ്തത്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ശിലാന്യാസത്തിന് അനുവാദം നല്‍കിയത് വലിയ കാര്യമായി ചിലര്‍ അവകാശപ്പെടാറുണ്ട്. ഇങ്ങനെ ചെയ്യാതെ രാജീവിന് ഗത്യന്തരമില്ലായിരുന്നു എന്നതാണ് സത്യം. ശിലാസ്ഥാപനത്തിന് മുന്‍പും അതിനു പിന്‍പും അയോധ്യയിലെ രാമക്ഷേത്രത്തെ കോണ്‍ഗ്രസ്സ് എതിര്‍ത്തു പോന്നു.
പാര്‍ട്ടി, സോണിയയുടെ കയ്യിലെത്തിയപ്പോള്‍ ഈ എതിര്‍പ്പിന് തീവ്രതയേറി. സുപ്രീംകോടതിയില്‍നിന്ന് ഹിന്ദുക്കള്‍ക്ക് അനുകൂല വിധിയുണ്ടാവുന്നതുപോലും അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്സ് ശ്രമിച്ചു. ഈ ചരിത്രമൊക്കെ മറച്ചുപിടിച്ചാണ് രാഷ്ട്രീയ ദുഷ്ടലാക്കോടെ ഇപ്പോള്‍ രാമക്ഷേത്രത്തെ പിന്തുണയ്ക്കുന്നത്. ചില നടിമാരും മറ്റും നടത്തിയ മീ ടു കാമ്പയിന് പോലെയാണ് കോണ്‍ഗ്രസ്സ് നേതാക്കളുടെ പുത്തന്‍ ഹിന്ദു പ്രേമവും രാമഭക്തിയും. പ്രിയങ്കയുടെ പ്രസ്താവനയ്ക്കു പിന്നാലെ, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് അനീതിയാണെന്ന രാഹുലിന്റെ പ്രസ്താവനതന്നെ കോണ്‍ഗ്രസ്സിന്റെ വഞ്ചനാത്മകമായ നിലപാടിന് അടിവരയിടുന്നു. കാലം സോണിയാ കോണ്‍ഗ്രസ്സിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയും അടിച്ചു കഴിഞ്ഞു. അയോധ്യയിലെ രാമക്ഷേത്രം ചരിത്രപരമായ ഒരു കണക്കുതീര്‍ക്കലാണ്. അത് പൂര്‍ത്തിയാവുന്നതോടെ കോണ്‍ഗ്രസ്സ് മുക്തഭാരതവും സമ്പൂര്‍ണമാവും. അതുകൊണ്ട് ‘കോണ്‍ഗ്രസ്സ് ഹിന്ദുക്കളുടെ’ പരിഭ്രാന്തി മനസ്സിലാക്കാവുന്നതേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: