ഇരിട്ടി: കഴിഞ്ഞ ദിവസം ചരക്ക് വാഹനങ്ങള്‍ക്കായി തുറന്നുകൊടുത്ത അന്തര്‍ സംസ്ഥാന പാതയായ മാക്കൂട്ടം ചുരം റോഡ് ഇന്നുമുതല്‍ യാത്രാ വാഹനങ്ങള്‍ക്കായി തുറന്നുകൊടുക്കും. കോവിഡ് ജാഗ്രതാ പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമാവുകയും അതിര്‍ത്തികടന്ന് എത്തുന്നവരെ പരിശോധിക്കാനുള്ള സംവിധാനം ഒരുക്കുകയും ചെയ്തതോടെയാണ് ഇന്നുമുതല്‍ യാത്രാ വാഹനങ്ങള്‍ക്കും ഇതുവഴി പോകാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇനിയൊരറിയിപ്പുവരെ ഇതുവഴി രാത്രിയാത്ര പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറുവരെ മാത്രമായിരിക്കും അനുമതി.
മൂന്നു ദിവസം മുന്‍പ് ചരക്കുവാഹനങ്ങള്‍ക്ക് തുറന്നുകൊടുത്ത മാക്കൂട്ടം ചുരം അന്തര്‍സംസ്ഥാന പാതയിലൂടെ യാത്രാവാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. മണ്ണിട്ടടച്ച പാത ശനിയാഴ്ച രാത്രിയാണ് കുടക് ജില്ലാ ഭരണകൂടം തുറന്നത്. എന്നാല്‍ കണ്ണൂര്‍ ജില്ലാ ഭരണകൂടം റോഡിലൂടെ വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടഞ്ഞിരുന്നു. മാക്കൂട്ടം ചുരം പാത കോവിഡ് ജാഗ്രത പോര്‍ട്ടില്‍ ഉള്‍പ്പെടാത്തതിനാല്‍ ഇവിടെ യാത്രക്കാരെ പരിശോധിക്കുന്നതിന് സംവിധാനം ഉണ്ടായിരുന്നില്ല എന്നതായിരുന്നു കാരണം .
കര്‍ണ്ണാടകത്തില്‍ നിന്നും കുടക്വഴി എത്തുന്ന യാത്രക്കാരെ പരിശോധിക്കുന്നതിന് കിളിയന്തറ ചെക്ക് പോസ്റ്റില്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു വരുന്നവരെ പരിശോധിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ചെക്ക് പോസ്റ്റില്‍ മൂന്ന് കൗണ്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ചരക്ക് വാഹനങ്ങള്‍ പരിശോധിക്കാനായി കൂട്ടപുഴ പുതിയപാലത്തിന് സമീപത്തായിരുന്നു ആദ്യം ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും ചെക്ക്പോസ്റ്റ് സ്ഥാപിച്ചിരുന്നത്. ഇവിടത്തെ സ്ഥല പരിമിതി മൂലമാണ് യാത്രക്കാരെ പരിശോധിക്കാനുള്ള സംവിധാനം കിളിയന്തറയിലേക്ക് മാറ്റിയത്.
സംസ്ഥാന അതിര്‍ത്തിയായ കൂട്ടുപുഴ പാലത്തിന് സമീപം പോലീസ് പരിശോധിച്ച് ചെക്ക് പോസ്റ്റില്‍ വിവരം നല്‍കുകയും ഇവിടെ വീണ്ടും പോലീസ് പരിശോധനയ്ക്ക് ശേഷം ഡാറ്റഎന്‍ട്രി കൗണ്ടറിലേക്ക് വിടും. അവിടെ നിന്നും എന്‍ട്രി ചെയ്യുന്ന വിവിരങ്ങള്‍ അപ്പപ്പോള്‍ യാത്രക്കാര്‍ എത്തിച്ചേരേണ്ട പ്രദേശത്തെ പൊലീസിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ലഭ്യമാകും. ഡാറ്റ എന്‍ട്രി ചെയ്ത ശേഷം യാത്രക്കാരെ ആരോഗ്യ വകുപ്പിന്റെ പ്രത്യേക കൗണ്ടറില്‍ പരിശോധനയ്ക്ക് വിധേയമാക്കും. ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: