കൊയിലാണ്ടി: സിപിഎം കൊയിലാണ്ടി നോര്‍ത്ത് ബ്രാഞ്ച് കമ്മറ്റി സെക്രട്ടറി യു.കെ. പവിത്രനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്റ് ചെയ്തു. അന്വേഷണ വിധേയമായി മൂന്നു മാസത്തേക്കാണ് സസ്പെന്ഷന്. പാര്‍ട്ടി അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
നിരോധിത പുകയില ഉല്പന്നങ്ങളുടെ മൊത്തക്കച്ചവടം നടത്തി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. കൊയിലാണ്ടി നഗരസഭയില്‍ ലഹരി വസ്തുക്കളുടെ നിരോധനം ഉണ്ടായിട്ടും പുതിയ ബസ്സ്റ്റാന്റിലെ പെട്ടിക്കടകള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ വില്പന വ്യാപകമായിരുന്നു.
ലഹരി വില്പനയുമായി ബന്ധപ്പെട്ട് വ്യാപകമായി സിപിഎമ്മിനെതിരെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിക്കുകയായിരുന്നു. പി. ചന്ദ്രശേഖരന്, എന്‍.വി. ബാലന്, നാരായണന് തുടങ്ങിയവരായിരുന്നു കമ്മീഷന് അംഗങ്ങള്‍. ബ്രാഞ്ച് സെക്രട്ടറിയുടെ സ്ഥാനം യു.കെ. ചന്ദ്രന് കൈമാറിയിട്ടുണ്ട്.
നിലവില്‍ ഉന്തുവണ്ടി പെട്ടിക്കട കച്ചവട യൂണിയന് (സിഐടിയു) ഏരിയാ സെക്രട്ടറി, സംസ്ഥാന കമ്മറ്റി അംഗം, സിപിഎം സെന്‍ട്രല്‍ ലോക്കല്‍ കമ്മറ്റി അംഗവുമാണ് പവിത്രന്. സിഐടിയു ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നതായാണ് വിവരം. സസ്പെന്ഷന് നടപടി സര്‍ക്കുലറായി പാര്‍ട്ടി ഘടകങ്ങളിലേക്ക് എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: