മുഖ്യമന്ത്രിയുടെ വാക്കും വക്കാണവും നില്‍പ്പും നടത്തവുമെല്ലാം ഇന്ന് സജീവ ചര്‍ച്ചയിലാണ്. ഊരിപ്പിടിച്ച വാളുകള്‍ക്കിടയില്‍ കൂടി ബ്രണ്ണന്‍ കോളേജിന്റെ കല്‍പ്പടവുകള്‍ താണ്ടിയവനാണ് താനെന്ന് വീമ്പടിച്ച വമ്പനാണ് പിണറായി വിജയന്. ആര്‍എസ്എസിനെ കുറ്റപ്പെടുത്താനും തന്റെ ധീരത പ്രകടിപ്പിക്കാനുമായിരുന്നു പിണറായിയുടെ ഈ വീമ്പടി.
പിണറായി തലശ്ശേരി ബ്രണ്ണനില്‍ പഠിക്കുമ്പോള്‍ അവിടെ ആര്‍എസ്എസിന്റെ പ്രവര്‍ത്തനമുണ്ടായിരുന്നില്ല. എബിവിപിയുടെ യൂണിറ്റും ഉണ്ടായിരുന്നില്ലെന്ന സത്യം വീമ്പടിക്കുമ്പോള്‍ ഓര്‍മ്മ വന്നില്ല. അന്ന് തലശ്ശേരിയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളെല്ലാം സോഷ്യലിസ്റ്റ് നേതാക്കളായിരുന്ന പി.ആര്. കുറുപ്പിന്റെയും എം.പി. വീരേന്ദ്രകുമാറിന്റെയും അണികളും മാര്‍ക്സിസ്റ്റുകാരും തമ്മിലായിരുന്നു.
തലശ്ശേരിയില്‍ ഉണ്ടായതാകട്ടെ ജനസംഘക്കാരനായ വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകമായിരുന്നു. മാര്ക്സിസ്റ്റുകാരായിരന്നു കൊലയാളികള്‍. അക്കൂട്ടത്തില്‍ പിണറായിയിയും ഉള്‍പ്പെട്ടിരുന്നു. എം.പി. വീരേന്ദ്രകുമാറിനെയും ഇപ്പോള്‍ മകന് ശ്രേയംസ്കുമാറിനെയും വാരിപ്പുണരുന്ന പാര്‍ട്ടി സിപിഎമ്മാണ്. പി.ആര്. കുറുപ്പുമായി മുമ്പേ തന്നെ ബന്ധമുണ്ടായിരുന്നു. മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന പരിഭവപ്പെട്ട ഒരേയൊരു ഘടകകക്ഷി വീരേന്ദ്രകുമാറിന്റെ മകന്റെ പാര്‍ട്ടിയാണെന്ന് ഇതിനകം വ്യക്തമായി. ഉണ്ണുന്ന ചോറിന് നന്ദി കാട്ടുന്നതിന്റെ ഒന്നാന്തരം തെളിവ്. അച്ഛന്റെ സ്വത്തിന് പെണ്മക്കള്ക്കും അവകാശമുണ്ടെന്ന് സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കിയിട്ടേയുള്ളു. ശ്രേയംസ്കുമാര്‍ മകനായതിനാല്‍ കോടതിവിധി ഇല്ലെങ്കിലും രാജ്യസഭാംഗത്വം അച്ഛന്റെ സ്വത്ത്.
കെ. കരുണാകരന്റെ മകന് കെ. മുരളീധരന് രാഷ്ട്രീയത്തിലിറങ്ങിയപ്പോഴും പാര്‍ലമെന്റ് സീറ്റ് നല്‍കിയതുമെല്ലാം വലിയ വിവാദമുണ്ടാക്കിയതാണ്. ഇടത് മുന്നണി കണ്‍വീനര്‍ സ്ഥാനത്തിരുന്ന വീരേന്ദ്രകുമാര്‍ വാക്ശരങ്ങള്‍ കൊണ്ട് കെ. കരുണാകരനെ തലങ്ങും വിലങ്ങും എയ്തതാണ്. മക്കള്‍ രാഷ്ട്രീയം അല്പ്പത്തമെന്നാണ് വീരേന്ദ്രകുമാര്‍ പലപ്പോഴും ചൂണ്ടിക്കാട്ടിയിരുന്നത്. ഇത് നെഹ്രുവിന്റെ കോണ്‍ഗ്രസിന്റെ തനി പകര്‍പ്പെന്നും വിവരിച്ചിരുന്നു. വീരേന്ദ്രകുമാര്‍ ജീവിച്ചിരിക്കെത്തന്നെ മക്കള്‍ മാഹാത്മ്യം വീരേന്ദ്രകുമാറിന് ബോധ്യപ്പെട്ടതാണ്. മകനെ രാഷ്ട്രീയത്തിലിറക്കുക മാത്രമല്ല എംഎല്‍എയുമാക്കി. പിന്നീട് പാര്‍ട്ടിയുടെയും പത്രത്തിന്റെയും തലപ്പത്തെത്തിച്ചു. ഇപ്പോഴിതാ രാജ്യസഭയിലേക്കും. മക്കള്‍ രാഷ്ട്രീയത്തെ ശക്തമായി വിമര്‍ശിച്ച സിപിഎമ്മാണ് വീരന്റെ മോനെത്തന്നെ എംപിയാക്കുന്നത്. അതിനെ ആരും ചോദ്യം ചെയ്തേക്കരുത്. ചോദിച്ചാല്‍ പിണറായിയുടെ മറുചോദ്യം നേരിടേണ്ടി വരും എണ്ണിയെണ്ണി പറയണോയെന്ന്.
ഇങ്ങനെ ചോദിക്കുകയേയുള്ളൂ. ഒന്നും പറയാന്‍ പോകുന്നില്ല. ഏതൊക്കെ മുഖ്യമന്ത്രിയുടെ ചെയ്തികളാണ് എണ്ണിയെണ്ണി പറയുക ?
അച്യുതമേനോന്റെ ചെയ്തികള്‍ പറയുമോ ? അച്യുതാനന്ദന്റെ ചെയ്തികളെക്കുറിച്ച് വായ് തുറക്കുമോ ? അതോ ഉമ്മന്‍ ചാണ്ടിയില്‍ അത് ഒതുക്കുമോ ? ഭരണത്തില്‍ മൊത്തം ആഭാസമെന്നായിരുന്നല്ലൊ, പറഞ്ഞുകൊണ്ടിരിക്കുന്നത്. ആ ആഭാസത്തരങ്ങളുടെ പേരില്‍ ഒരു പെറ്റിക്കേസുപോലും നാലുവര്‍ഷം പിന്നിട്ട ഭരണത്തിനിടയില്‍ ഉണ്ടായില്ല. പിന്നെ എന്താണ് എണ്ണിയെണ്ണി പറയാനുള്ളത്. ഒന്നും പറയില്ല. ഒരു വെടി നീ വയ്ക്ക്. ഒരു വെടി ഞാനും വയ്ക്കാം എന്ന മട്ടിലാണ് മുന്നണികള്‍ രണ്ടും. ദശാബ്ദങ്ങളായി ഇത് കണ്ടുകൊണ്ടിരിക്കുകയാണല്ലോ.
സംവാദം ആരോഗ്യകരമാകണമെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. പക്ഷേ മുഖ്യമന്ത്രി പറയുന്നതെല്ലാം ആരോഗ്യകരമായ വിമര്‍ശനമാണോ ? ബിഷപ്പിനെ നികൃഷ്ടജീവി എന്ന് പറഞ്ഞാല്‍ ആരോഗ്യകരമാണോ ? എംപിയെ പരനാറി എന്ന് വിളിക്കുന്നതും അത് ആവര്‍ത്തിക്കുന്നതും ആരോഗ്യകരമാണോ ? പത്രക്കാരോട് കടക്ക് പുറത്ത് എന്ന് പറഞ്ഞാല്‍ അതും ആരോഗ്യകരമാണോ ? തന്റെ ഗ്രൂപ്പിലില്ലാത്ത നേതാവിനെ കുലംകുത്തി എന്ന് ആരോപിക്കുന്നതും ആരോഗ്യകരമാവുമോ ? ഇതെല്ലാം തെറ്റായി എന്ന് തോന്നാത്ത നേതാവ് എന്താണാവോ എണ്ണിയെണ്ണി പറയുക ? എന്നും പറയാനില്ലാത്തപ്പോഴാണ് ഇമ്മാതിരി തര്‍ക്കുത്തരങ്ങളില്‍ അഭിരമിക്കുന്നത്.
ഇനി ഡിജിപിയുടെ ഊഴമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ഗുണ്ടകള്‍ രംഗത്തിറങ്ങിയാല്‍ നടപടി സ്വീകരിക്കുംപോലും! ആര്‍ക്കെതിരെ ? ഇത് ചൈനയോ കൊറിയയോ ആണെന്ന് ധരിക്കുന്ന മുഖ്യമന്ത്രിക്ക് കീഴിലുള്ള ഒരു ഡിജിപിക്കും സൈബര്‍ ഗുണ്ടാ സഖാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാനാവില്ല. പിന്നെന്തിനാണ് ഇമ്മാതിരി ഉത്തരവുകള്‍ ? ഒരു ഉത്തരവും മനസ്സില്‍ വരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: