ന്യൂദല്‍ഹി : ചൈനീസ് ആപ്പുള്‍ക്ക് പിന്നാലെ ചൈനയില്‍ നിന്നും ഇലക്ട്രോണിക് സാധനങ്ങള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നതിനും നിയന്ത്രണം കൊണ്ടുവരുന്നു. ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരക്കരാറുള്ള രാജ്യങ്ങളെ ഉപയോഗപ്പെടുത്തി ഇന്ത്യയിലേക്ക് വ്യാപകമായി ഇലക്ട്രോണിക് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി.
വിയറ്റ്നാം, തായ്ലാന്ഡ് എന്നീ ആസിയാന്‍ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് സ്വതന്ത്ര വ്യാപാരക്കരാര്‍ നിലനില്‍ക്കുന്നുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയുടെ മറവിലാണ് ചൈനയും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി കര്‍ശ്ശനമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ലാപ്ടോപ്പ്, ക്യാമറ, തുണിത്തരങ്ങള്‍, അലുമിനിയം ഉല്പന്നങ്ങള് തുടങ്ങിയവയുടെ ഇറക്കുമതി തീരുവ ഉയര്‍ത്തി ഇതിന് തിരിച്ചടി നല്‍കാനാണ് കേന്ദ്രം ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ടുള്ള വാണിജ്യമന്ത്രാലയത്തില്‍നിന്നുള്ള ശുപാര്‍ശ ഇപ്പോള്‍ ധനമന്ത്രാലയത്തിന് കീഴിലാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് ചൈനയ്ക്കെതിരെ മാത്രമല്ല. രാജ്യത്തേയ്്ക്ക് നിയന്ത്രണമില്ലാതെ വന്‍തോതില്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് തടയുന്നതിനാണ് കേന്ദ്രത്തിന്റെ ഈ തീരുമാനമെന്നാണ് സൂചന.
ഇതിനുള്ള ആദ്യപടിയായി ടയര്‍, ടിവി സെറ്റുകള്‍ എന്നിവയുടെ ഇറക്കുമതിക്ക് വാണിജ്യമന്ത്രാലയം ലൈസന്‍സ് ഏര്‍പ്പെടുത്തിയിരുന്നു. ലൈസന്‍സിങ് ഏജന്‍സിയായ വിദേശവ്യാപാര ഡയറക്ടറേറ്റ് ജനറല്‍ ചില ഉരുക്ക് ഉല്പന്നങ്ങളുടെ ഇറക്കുമതിക്കു ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ്.
നിയന്ത്രണ നടപടികള്‍ക്കൊപ്പം ആഭ്യന്തര നിര്‍മാണ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. മൊബൈല്‍, മരുന്നു ഘടകങ്ങള്‍ എന്നിവയുടെ നിര്‍മാണം ത്വരിതപ്പെടുത്താനാണു നീക്കം. രാജ്യത്തെ ഉത്പ്പാദനം വര്‍ധിപ്പിച്ച് കയറ്റുമതി വര്‍ധിപ്പിക്കാനും കേന്ദ്രം നടപടിക്രമങ്ങള്‍ ആവിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: