മഹാകവി കൊടുങ്ങല്ലൂര്‍ കോയമ്പറമ്പത്ത് സച്ചിദാനന്ദനും സഖാക്കളും ഒടുവില്‍ മാളം വിട്ട് പുറത്ത് ചാടിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ സ്വപ്നകേരളം വല്ലാണ്ട് നാറിയിട്ടും പുറത്തിറങ്ങാതെ എവിടെയാണ് ഈ കവിപുംഗവന്‍ ഒളിവിലിരുന്നതെന്ന അന്വേഷണത്തിലായിരുന്നു ഇക്കാലമത്രയും അദ്ദേഹത്തിന്റെ പ്രതികരണങ്ങളില്‍ ലഹരി നുണഞ്ഞിരുന്നവരത്രയും.
അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രനിര്‍മ്മാണത്തിന് തുടക്കം കുറിച്ചതോടെയാണ് സഹികെട്ട് സച്ചിദാനന്ദ കവി പുറത്തുചാടിയത്. ഇനി സഖാക്കള്‍ കൊഴുപ്പിക്കും. കവിതാമോഷ്ടാക്കളുടെയും പെണ്‍വാണിഭനായികമാരുടെയും വ്യാജഡോക്ടറേറ്റുകാരുടെയുമൊക്കെ എഫ്ബി പോസ്റ്റുകള്‍ വായിച്ച് കോള്‍മയിരണിയാന്‍മാത്രം വിധിക്കപ്പെട്ടുപോയ ന്യായീകരണത്തൊഴിലാളികള്‍ക്കാണ് സച്ചിദാനന്ദന്റെ രംഗപ്രവേശം ‘ബൂസ്റ്റ്’ ആകുന്നത്.
സച്ചിദാനന്ദകവിയുടെ ആഹ്വാനം ഹിന്ദുക്കളോടാണെന്നതാണ് ഇപ്പോഴത്തെ ഹൈലൈറ്റ്. രാമനെക്കുറിച്ച് അദ്ദേഹം വല്ലാതെ ഉത്കണ്ഠാകുലനും ഉത്സുകനുമാണ്. യുദ്ധോത്സുകനായ രാമനെയാണ് അയോധ്യയില്‍ പ്രതിഷ്ഠിക്കുന്നതെന്നാണ് കവിപുംഗവന്റെ കണ്ടെത്തല്‍. അയോധ്യയില്‍ നടന്നത് പ്രതിഷ്ഠാകര്‍മ്മമല്ലെന്നും പുതിയ ക്ഷേത്രത്തിനുള്ള ഭൂമിപൂജയാണെന്നും അറിയാതല്ല സച്ചിദാനന്ദന് കുത്തിത്തിരിപ്പിനിറങ്ങുന്നത്. അയോധ്യയിലേത് രാംലല്ലയാണ്. ശ്രീരാമമഹാപ്രഭുവിന്റെ ആ ബാലസ്വരൂപത്തിന് മുന്നില്‍ സാഷ്ടാംഗം വണങ്ങിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി താന്‍ ഏറ്റെടുത്ത ദൗത്യത്തിലേക്ക് കടന്നത്. കാലം യുദ്ധസജ്ജനായ രാമനെയാണ് ആവശ്യപ്പെടുന്നതെന്ന പ്രതികരണപ്രമാണിയുടെ കണ്ടെത്തല്‍ യുക്തിസഹമാണ്. കുത്തിത്തിരിപ്പുണ്ടാക്കാനാണെങ്കിലും കവിക്ക് സംസാരശേഷിയുണ്ടെന്ന് അറിയുന്നതിലാണ് സന്തോഷം.
പ്രധാനമന്ത്രി പറഞ്ഞ ആ 130 കോടിയില്‍ ഇല്ലെന്നാണ് സച്ചിദാനന്ദന്റെ ആരാധകരായ സൈബര്‍, സാംസ്കാരിക സഖാക്കളുടെ ഓരിയിടല്‍. സംഗതി 130 കോടി രൂപയായിരുന്നെങ്കില്‍ തരക്കേടില്ലായിരുന്നു. ലാവലിന്‍ കോടികളുടെയും പ്രളയഫണ്ട് വഴി തരപ്പെട്ട കോടികളുടെയും സ്പ്രിങ്കഌ, സ്വപ്ന, സ്വര്‍ണ ഇടപാടുകള്‍ കൊണ്ട് കവര്‍ന്നെടുത്ത കോടികളുടെയും ട്രഷറിപ്പണം കട്ടെടുത്തുകടന്ന കോടികളുടെയും കിലുക്കത്തില്‍ മാത്രം വിപ്ലവവും പുരോഗമനവും കാണുന്ന കൂട്ടര്‍ക്ക് മോദി പറഞ്ഞ 130 കോടി എന്തെന്ന് തന്നെ തിരിഞ്ഞിട്ടുണ്ടാവില്ല. നിരാശയുടെ ആഴം അത്ര വലുതാണ്. കരഞ്ഞ് കരഞ്ഞ് ഇനി കരയാന്‍ കണ്ണീരില്ലെന്ന അവസ്ഥയിലാണ് സഖാക്കളും നേതാക്കളും. മോദിയെ ചെറുക്കാന്‍ ദേശീയതലത്തില്‍ പാര്‍ട്ടി വോട്ടും നോട്ടുമെല്ലാം ചെലവാക്കുന്ന വയനാട്ടിലെ പപ്പുമോന്റെ കൂട്ടര്‍ക്ക് വേണ്ടിയാണ്. അവരാണെങ്കില്‍ ഇനി രക്ഷ വേണമെങ്കില്‍ രാമന് തന്നെ ശരണമെന്ന മട്ടിലാണ്. മോദിയുടെ രാമനല്ല, രാഹുലിന്റെ രാമന് എന്നൊക്കെ ഓരോ ന്യായം പറഞ്ഞാണെങ്കിലും അമ്പലം പണിയാന്‍ വെള്ളിക്കട്ടയുമായി ക്യൂ നില്ക്കുന്ന പരുവത്തിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അഖിലേന്ത്യാ പ്രതീക്ഷയായ കോണ്‍ഗ്രസ്.
ഇഎംഎസും ഗോവിന്ദപ്പിള്ളയുമൊക്കെ അരങ്ങൊഴിഞ്ഞ കാലത്തേ ശൂന്യമായിപ്പോയതാണ് പാര്‍ട്ടിയുടെ ബുദ്ധി. പിന്നെയുള്ളത് ബേബിയും സംഘവുമാണ്. പറയുന്നത് എന്തെന്ന് മാലോകര്‍ക്ക് മനസ്സിലാകണമെങ്കില്‍ ഇമ്മിണി പാടാണ്. ഇത്തിരി ഭേദമെന്ന് കരുതിയ എറണാകുളത്തെ പി. രാജീവനും ബേബിക്ക് പഠിക്കുന്ന തിരക്കിലാണ്. പിന്നെ ആകെയുള്ളത് തെറിയും അശ്ലീലവും ഭീഷണിയും മാത്രം കൈമുതലായ കുറേ പിണറായിക്കുഞ്ഞുങ്ങളാണ്. അവരാണെങ്കില്‍ ചാനലായ ചാനലുമൊത്തം കയറിയിറങ്ങി നാണം കെടുകയാണ്. ഗുണ്ടായിസവും തെറിവിളിയും മാത്രം കൈമുതലായ ഒരു പാര്‍ട്ടി പിന്നെ കൂലിക്ക് ആളെ വെച്ച് സിദ്ധാന്തങ്ങള്‍ വിളമ്പാതെന്തുചെയ്യും? അക്കാദമികളായും അവാര്‍ഡുകളായുമൊക്കെ വിളമ്പിക്കൊടുക്കാന്‍ ഭരണവിലാസം വക ഉരുപ്പടികള്‍ എമ്പാടുമുള്ളപ്പോള്‍ പാര്‍ട്ടിക്ക് വേണ്ടി പ്രതികരിക്കാനും കൊടി പിടിക്കാനും സമ്മേളനങ്ങളില്‍ മുന്‍നിരയില്‍ ഇരുന്നുതരാനും ആളുണ്ടാവും.
അതിനും അടുത്ത കാലത്തായി ക്ഷാമമാണ് പാര്‍ട്ടിക്ക്. കമ്മ്യൂണിസ്റ്റുകളേക്കാള്‍ കൂടുതല്‍ സമ്പാദ്യം ഈന്തപ്പഴമായും മറ്റും നല്കാന് ഇസ്ലാമിസ്റ്റുകള്‍ മുന്നിട്ടിറങ്ങിയതോടെ സാംസ്കാരികത്തൊഴിലുറപ്പുകാര്‍ ലാവണം മാറി. അവര്‍ പറഞ്ഞാലേ പ്രതികരിക്കൂ എന്ന മട്ടിലായി കാര്യങ്ങള്‍.
പട്ടിണിയും ദുരിതവും ഭരണരംഗത്തെ കെടുകാര്യസ്ഥതയും വര്‍ധിച്ചുവരുന്ന പീഡനവും ഒക്കെക്കണ്ട് കവിതയായി പെയ്തവരും അലമുറയിട്ട് വിലപിച്ചവരും കൂട്ടസത്യഗ്രഹം നടത്തിയവരുമൊക്കെയായിരുന്നു സാംസ്കാരിക സാമൂഹ്യപ്രവര്‍ത്തകര്‍. അവരുടെ പ്രതികരണങ്ങള്‍ക്ക് അധികാരം കച്ചവടമാക്കിയ രാഷ്ട്രീയ നേതൃത്വങ്ങളെ പൊള്ളിക്കാനുള്ള ശേഷിയുണ്ടായിരുന്നു. അക്ഷരം തെറ്റാതെ സാംസ്കാരികനായകരെന്ന് കേരളം അഭിമാനത്തോടെ വിളിച്ചിരുന്നത് അവരെയാണ്. ആ തലമുറ കുറ്റിയറ്റുപോയപ്പോള്‍ പൊട്ടിത്തളിര്‍ത്ത പാഴ്മരങ്ങളാണ് ആ 130 കോടിയില്‍ ഞങ്ങളില്ല എന്ന് ആര്‍ക്കുന്നത്.
ഒരു പാക്കറ്റ് ഈന്തപ്പഴത്തിന് വേണ്ടി ഈ ഇന്ത്യ ഞങ്ങളുടെയല്ല എന്ന് കൂവിയാര്‍ക്കുന്ന ലഹരിവാണിഭക്കാരുടെ ആര്‍ത്തിയാണ് പുതിയ പ്രതികരണങ്ങളുടെ ആധാരം. രാമന് കെട്ടുകഥയാണെന്ന് കഴിഞ്ഞ കാലമത്രയും ഓരിയിട്ടുനടന്ന കോയമ്പറമ്പത്തുകാരന്‍ ഇപ്പോള്‍ രാമന് ജനിച്ചത് അയോധ്യയിലല്ല, വാത്മീകിയുടെ മനസ്സിലാണെന്ന് വ്യാഖ്യാനിക്കുന്നു. ഓരോ പതിനഞ്ച് വര്‍ഷം കൂടുമ്പോഴും താനിപ്പോള്‍ താമസിക്കുന്ന കുറ്റിക്കാട്ടില്‍ നിന്ന് അടുത്ത കുറ്റിക്കാട്ടിലേക്ക് ചാടുകയും പുതിയ കുറ്റിക്കാടാണ് തനിക്കേറെ പ്രിയമുള്ളതെന്ന് മേനി പറയുകയും ചെയ്യുന്ന സ്ഥിരതയേ സച്ചിദാനന്ദനുള്ളൂ എന്ന് പണ്ട് നിരീക്ഷിച്ചത് പ്രശസ്ത കവി പ്രൊഫ: മേലത്ത് ചന്ദ്രശേഖരനാണ്. അന്നന്നത്തെ അന്നത്തിന്റെ സൗജന്യം നോക്കി ഒരു സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്ന ലാഘവമേ അത്തരം പ്രതികരണങ്ങള്‍ക്കുള്ളൂ എന്ന് സാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: