കൊട്ടിയം: പട്ടത്തിന്റെ നൂലില്‍ കുരുങ്ങിക്കിടന്ന കാക്കയെ ഫയര്‍ഫോഴ്സ് സംഘമെത്തി രക്ഷപ്പെടുത്തി. വടക്കേവിള യൂനുസ് കോളേജിനടുത്ത് ശാന്തിനഗറിലായിരുന്നു സംഭവം. ഇവിടെയുള്ള ഒരു വീടിന് മുകളില്‍ വളരെ ഉയരത്തിലായി കാക്ക നൂലില്‍ കുരുങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് കാക്കയെ നൂലില്‍ കുരുങ്ങിയ നിലയില്‍ കാണുന്നത്. വിവരമറിഞ്ഞ് കടപ്പാക്കടയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം മണിക്കൂറുകള്‍ നീണ്ട പരിശ്രമം നടത്തിയാണ് കാക്കയെ രക്ഷപെടുത്തിയത്. കടപ്പാക്കടയില്‍ നിന്നും അസി. സ്റ്റേഷന് ഓഫീസര്‍ ലാല്‍ ജീവിന്റെയും ലീഡിംഗ് ഫയര്മാന് മുരളിയുടെയും നേതൃത്വത്തിലുള്ള സംഘത്തില്‍പ്പെട്ട ഫയര്മാന്മാരായ മാര്‍ക്കോസ്, അഭിജിത്ത് എന്നിവരാണ് ഉയരത്തില്‍ കയറി നൂലില്‍ കുരുങ്ങിയ നിലയില്‍ കാക്കയെ താഴെയെത്തിച്ചത്.
കനത്ത മഴയത്ത് കാക്കയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുനതിനിടയില് കാക്ക കൂട്ടങ്ങള്‍ കരച്ചിലുമായിഎത്തിയത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. നൂലുമായി താഴെയെത്തിച്ച കാക്കയുടെ ചിറകുകളില്‍ നിന്നും നൂലുകള്‍ അഴിച്ചുമാറ്റിയ ശേഷം കാക്കയെ പറത്തി വിടുകയായിരുന്നു. പുതുജീവന്‍ ലഭിച്ച സന്തോഷത്തോടെ നാട്ടുകാരുടെ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ കാക്ക ഉയരങ്ങളിലേക്ക് പറന്നകന്നു. ഫയര്മാന്മാരായ വിമല്‍കുമാര്‍, ജിമ്മി, ഫയര്‍ ഡ്രൈവര്‍ ഷജീര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: