മൂന്നാര്‍ : രാജമല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുവേണ്ടി ദേശീയ ദുരന്ത നിവാരണ സേനയുടെ(എന്‍ഡിആര്‍എഫ്) നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചു. കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ എത്തിച്ചുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനം രണ്ടാം ദിവസം പുനരാരംഭിച്ചിരിക്കുന്നത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ഉപകരണങ്ങള്‍ എത്തിച്ച സാഹചര്യത്തില്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
12 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്. 22 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇനി 44 പേരെ കണ്ടെത്താനുണ്ട്. അതേസമയം പെട്ടിമുടിയില്‍ ഇപ്പോഴും ചാറ്റല്‍ മഴ തുടരുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഉരുള്‍പൊട്ടലുണ്ടായ ഭാഗത്ത് വെള്ളമൊഴുക്ക് നിലനില്‍ക്കുന്നതിനാല്‍ ചതുപ്പ് പോലെ രൂപപ്പെട്ട് ചവിട്ടുന്നിടം താഴ്ന്ന് പോകുന്ന സ്ഥിതിയുണ്ട്. ഇതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു.
വെള്ളിയാഴ്ച്ച കണ്ടെത്തിയവരുടെ മൃതദേഹങ്ങള്‍ ഇന്ന് പെട്ടി മുടിയില്‍ തന്നെ തയ്യാറാക്കിയ പ്രത്യേക ഇടത്ത് പോസ്റ്റുമാര്‍ട്ടം നടത്തുമെന്ന വിവരം ലഭിക്കുന്നുണ്ട്. ഇവരുടെ സംസ്കാര ചടങ്ങുകളും പെട്ടിമുടിയില്‍ കമ്പനി അനുവദിച്ച സ്ഥലത്ത് നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. രാജമലയില്‍ നിന്നും പെട്ടിമുടിയിലേക്കുള്ള പാതയില്‍ പലയിടത്തും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകിയും കിടക്കുന്ന സാഹചര്യമുണ്ട്. വലിയ വാഹനങ്ങള്‍ ദുരന്തമുഖത്തേക്കെത്തിക്കുന്നതിന് ഇത് വെല്ലുവിളി ഉയര്‍ത്തുന്നു.
പ്രാദേശിക ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയുമെല്ലാം സാന്നിധ്യവും സഹകരണവുമെല്ലാം ദുരന്തമുഖത്ത് സജീവമായുണ്ട്. മന്ത്രിമാരുള്‍പ്പെടെയുള്ളവരുടെ സാന്നിധ്യവും ഇന്ന് പെട്ടിമുടിയില്‍ പ്രതീക്ഷിക്കുന്നതായാണ് ലഭിക്കുന്ന വിവരം.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതോടെ കൂടുതല്‍ ആളുകളെ മണ്ണിനടിയില്‍ നിന്നും കണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷ.
അതേസമയം പോസ്റ്റുമോര്‍ട്ടത്തിനായി ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച തന്നെ സ്ഥലത്തെത്തിയിരുന്നു.. പോസ്റ്റുമോര്‍ട്ടം നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. നടപടിക്രമങ്ങള്‍ക്ക് ശേഷം പെട്ടിമുടിയില്‍ തന്നെ മൃതദേഹങ്ങള്‍ അടക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. കണ്ണന്‍ദേവന്‍ എസ്റ്റേറ്റിലെ താത്കാലിക തമിഴ് തോട്ടം തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. 20 വീട്ടുകാര്‍ താമസിച്ചിരുന്ന നാല് ലയങ്ങളാണ് ഇത്തരത്തില്‍ അപകടത്തില്‍ പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: