തിരുവനന്തപുരം; തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് പലയിടത്തും കനത്ത മഴയും നാശവും. പാലക്കാട്ട് മരം വീണ് ഒരാള്‍ മരിച്ചു. പത്തനംതിട്ടയിലെ പന്തളത്ത് ആനക്കുട്ടിയുടെ ജഡം അച്ചന്‍കോവിലാറ്റിലൂടെ ഒഴുകി വന്നടിഞ്ഞു. അതീവ ജാഗ്രത പ്രഖ്യാപിച്ച കേരളത്തിലെ നാലു ജില്ലകളില്‍ ഇന്നലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇടുക്കി, പത്തനംതിട്ട, കോട്ടയം വയനാട് ജില്ലകളിലാണിത്. തൃശൂര്‍, പാലക്കാട് ഇടുക്കി,വയനാട് ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ടാണ്, തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. ഇടുക്കി, വയനാട് ജില്ലകളില്‍ രണ്ടു ദിവസം കൂടി അതിശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പലയിടങ്ങളിലും അതിതീവ്ര മഴയാകും ലഭിക്കുക.
കോട്ടയം ജില്ലയുടെ മലയോര മേഖലകളില്‍ കനത്ത മഴയില്‍ പുഴകളിലെ ജലനിരപ്പ് അപായകരമാം വിധം ഉയരുകയാണ്. മീനച്ചീലാര് പലയിടങ്ങളിലും കരകവിഞ്ഞു. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ കൊട്ടാരമറ്റത്ത് വെള്ളം കയറിയതോടെ റോഡ് അടച്ചു. പാലാ-ഈരാറ്റുപേട്ട റോഡും അടച്ചു.
ആലപ്പുഴ ജില്ലയില്‍ വെള്ളത്തിനൊപ്പം ആശങ്കയും ഉയരുകയാണ്. കുട്ടനാട്ടിലെ കൈനകരി, എടത്വ, തലവടി, രാമങ്കരി തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ജലാശയങ്ങളിലെല്ലാം ജലനിരപ്പുയര്‍ന്നു. എസി റോഡിലും വെള്ളക്കെട്ടായി.
പത്തനംതിട്ടയില്‍ പമ്പയാറും അച്ചന്‍കോവിലാറും മണിമലയാറും കരകവിഞ്ഞു. ഡാമുകളിലും ജലനിരപ്പ് ഉയരുകയാണ്. മൂഴിയാറിന്റെയും,മണിയാര്‍ ബാരേജിന്റെയും ഷട്ടറുകള്‍ തുറന്നു. മണിയാറിന്റെ അഞ്ച് ഷട്ടറുകളും തുറന്നിരിക്കുകയാണ്. അധികം വൈകാതെ കക്കിആനത്തോട് ഡാം, പമ്പ ഡാം എന്നിവയുടെ സംഭരണശേഷിയുടെ പകുതി എത്തിയേക്കും.
പമ്പ കരകവിഞ്ഞ് ഇന്നലെ രാവിലെ പമ്പാ ത്രിവേണിയില്‍ കടകളിലേക്ക് വെള്ളം കയറി. റാന്നി ടൗണിലും വെള്ളം കയറി. വനത്തില്‍ ഉരുള്പൊട്ടലുണ്ടായതായിസംശയമുണ്ട്. അച്ചന്‍കോവിലാറ്റിലൂടെ ഇന്നലെ രാവിലെ കുട്ടിയാനയുടെ ജഡം ഒഴുകിയെത്തി. പന്തളം വലിയപാലത്തിന്റെ തൂണില്‍ തടിക്കും മുളംകൂട്ടത്തിനും മാലിന്യത്തിനുമൊപ്പം കുടുങ്ങിക്കിടന്ന ജഡം അഗ്നിരക്ഷാ സേനയും വനംവകുപ്പും പോലീസും ചേര്‍ന്ന് കരയിലെത്തിച്ചു. എട്ടുമാസം പ്രായമുള്ള കുട്ടി ക്കൊമ്പന്റേതാണ് ജഡമെന്ന് വനപാലകര്‍ പറഞ്ഞു.
പാലക്കാട് ജില്ലയില്‍ നാല് ദിവസങ്ങളായി തുടരുന്ന മഴയില്‍ വ്യാപക നാശനഷ്ടം. ചുമരിടിഞ്ഞുവീണ് പട്ടാമ്പി ഓങ്ങല്ലൂര്‍ 14-ാം വാര്‍ഡ് പോക്കുപ്പടിയില്‍ മൊയിതീന് (70) മരിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടം. മൂന്നുദിവസത്തിനിടെ 79 ഹെക്ടര്‍ കൃഷി നശിച്ചു. ഒരുലക്ഷത്തോളം വാഴകളാണ് അട്ടപ്പാടിയില്‍ നശിച്ചത്. മംഗലം, കാഞ്ഞിരപ്പുഴ ഡാമുകള്‍ തുറന്നു. ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട് ജില്ലയില്‍ മഴ വ്യാപക നാശനഷ്ടം വരുത്തി. ദേശീയ പാത 766 ല്‍ മുത്തങ്ങയില്‍ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. മേപ്പാടി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ പുഞ്ചിരി മട്ടത്ത് ഉരുള്‍പൊട്ടി. വയനാട് കണ്ണൂര്‍ ജില്ലകളിലെ ബന്ധിപ്പിക്കുന്ന പാല് ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. കാരാപ്പുഴയില്‍ മൂന്ന് ഷട്ടറുകള്‍ 15 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തി അളവ് നിയന്ത്രിക്കുന്നുണ്ട്. കബനി ബീച്ചനഹള്ളി ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്.
പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ എറണാകുളം ജില്ലയുടെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി. ജില്ലയുടെ കിഴക്കന്‍ പ്രദേശവും വെള്ളത്തിനടിയിലാണ്. കോതമംഗലം കുട്ടമ്പുഴ ചപ്പാത്ത് പാലം മുങ്ങി മുന്നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന ആദിവാസി കോളനി ഒറ്റപ്പെട്ടു. ബ്ലാവന കടത്തും നിലച്ചു. രാമമംഗലം സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന് ഓഫീസിലും വെള്ളം കയറി. മൂവാറ്റുപുഴയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് എട്ട് കുടുംബങ്ങളെ ക്യാമ്പിലേയ്ക്ക് മാറ്റി. മലങ്കര ഡാമിന്റെ എല്ലാ ഷട്ടറുകളും 60 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയതാണ് മൂവാറ്റുപുഴയാറില്‍ ജല നിരപ്പ് ഉയരാന്‍ കാരണം. തീരപ്രദേശത്തും കടലാക്രമണം രൂക്ഷമാണ്. തെക്കേ ചെല്ലാനം മുതല്‍ സൗദി മനാശേരി വരെയുള്ള ഏകദേശം 5000ത്തിലേറെ വീടുകളില്‍ കടല്‍വെള്ളം കയറി. വേലിയേറ്റ സമയമായ ഉച്ച മുതല്‍ തുടങ്ങിയ കടലാക്രമണം വൈകിട്ടോടെ ശമിച്ചു. നൂറിലധികം പേര് താമസിക്കുന്ന മൂന്ന് ക്യാമ്പുകള്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
ഏലൂര്‍ മുനിസിപ്പാലിറ്റിയിലെ പതിമൂന്നാം വാര്‍ഡിലെ 31 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. കുറ്റിക്കാട്ടുകര സ്കൂളില്‍ തുടങ്ങിയ ക്യാമ്പിലേക്കാണ് ഇവരെ മാറ്റിയത്. 80 കുടുംബങ്ങളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. ഇതില്‍ ഗര്‍ഭിണികളും വയോജനങ്ങളും ഉണ്ട്. ആലുവ ശിവക്ഷേത്രം വെള്ളത്തില്‍ മുങ്ങി. ഭൂതത്താന്‍കെട്ട് ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നതോടെയാണ് പെരിയാറില്‍ വെള്ളമുയര്‍ന്നത്. കൂടാതെ നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ടും രൂക്ഷമാണ്.
അതിതീവ്ര മഴയെ തുടര്‍ന്ന് പത്തനംതിട്ടയില്‍ പ്രളയഭീതി. കഴിഞ്ഞ പകലും രാത്രിയുമായി തോരാതെ പെയ്യുന്ന മഴയെ തുടര്‍ന്ന് ജില്ലയിലെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. പമ്പ, അച്ചന്‍കോവില്‍, മണിമലയാര്‍ എന്നീ നദികളില്‍ ജലനിരപ്പ് അനുനിമിഷം ഉയരുകയാണ്. 2018 ആഗസ്റ്റിലുണ്ടായ മഹാപ്രളയത്തിന്റെ സമാന സാഹചര്യമാണ് ജില്ല അഭിമുഖീകരിക്കുന്നത്. പമ്പാത്രിവേണി പൂര്‍ണ്ണമായും വെള്ളത്തിലായി.
ജില്ലയിലെ കക്കി, പമ്പ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല. അതേ സമയം മൂഴിയാര്‍, മണിയാര്‍ എന്നിവയുടെ ഷട്ടര്‍ തുറക്കേണ്ടതായി വരും. മണിയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ വ്യാഴാഴ്ച രാത്രിയില്‍ തുറന്നിരുന്നു. മണിയാര്‍ ബാരേജിലെ അഞ്ച് ഷട്ടറുകളും തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് കൂടാതെ സ്വകാര്യ ഹൈഡ്രോ ഇലക്ട്രിക്കല്‍ പ്രോജക്ടിന്റെ അള്ളുങ്കല്‍, മുതലവാരം എന്നിവിടങ്ങളിലുള്ള രണ്ട് ചെറിയ ഡാമുകളും തുറന്നു. കിഴക്കന്‍ മേഖലയിലെ പല പ്രദേശങ്ങളും മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. അച്ചന് കോവിലാറ്റിലൂടെ കുട്ടിയാനയുടെ മൃതേദഹം ഒഴുകിയെത്തി. വനത്തിലുണ്ടായ ഉരുള്പൊ
ട്ടലില് അകപ്പെട്ടാകാം കുട്ടിയാന ചെരിഞ്ഞതെന്ന് സംശയിക്കുന്നു. ആറ്റിലൂടെ ഒഴുകിയെത്തിയ കുട്ടിയാനയുടെ മൃതേദഹം പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിനടുത്ത് പാലത്തിന്റെ ഭാഗത്ത് അടിയുകയായിരുന്നു. കോന്നിയില്‍ അച്ചന്‍കോവിലാറ്റിലേക്ക് യുവാവ് ചാടി. തണ്ണിത്തോട് സ്വദേശി ശബരിനാഥിനെയാണ് കാണാതായത്. മൂന്ന് നദികളുടെ വെള്ളമെത്തുന്ന തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറ് ഭാഗത്ത് ജനജീവിതം ദുസ്സഹമായി. ഇതിനോടകം ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: