ഇരിട്ടി: കുടകില്‍ നാലുദിവസത്തിലേറെയായി തുടരുന്ന മഴക്കും കാറ്റിനും ശമനമായില്ല. തലക്കാവേരിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ 5 പേരെ ഇനിയും കണ്ടെത്താനായില്ല. വെള്ളം കയറിയും മണ്ണിടിഞ്ഞുവീണും കാറ്റില്‍ മരംവീണ് പലയിടത്തും ഗതാഗതം തടസ്സപ്പെട്ടതും മൂലം ജെസിബി ഉള്‍പ്പടെയുള്ള യന്ത്ര സാമഗ്രികള്‍ അടക്കമുള്ളവ അപകട സ്ഥലത്ത് എത്തിക്കാന്‍ പറ്റാത്തതും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
കനത്ത മഴ തുടരുന്നതിനിടെ തകര്‍ച്ചാ ഭീഷണിയെ തുടര്‍ന്ന് വിദഗ്ദ സമിതിയുടെ നിര്‍ദ്ദേശ പ്രകാരം മടിക്കേരി മംഗലാപുരം റോഡിലെ ജില്ലാ ഭരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തല്‍ക്കാലത്തേക്ക് മടിക്കേരി നഗര കര്യാലയത്തിലേക്ക് മാറ്റി. ഇക്കുറിയും മഴയും കാറ്റും കോടികളുടെ നാശ നഷ്ടമാണ് കുടക് ജില്ലക്കുണ്ടാക്കിയിരിക്കുന്നത് .നാശനഷ്ടങ്ങളുടെ കണക്ക് എത്രയെന്നുള്ളത് ജില്ലാ ഭരകൂടം തയാറാക്കി വരുന്നതേ ഉള്ളൂ.
തലക്കാവേരിയില്‍ വ്യാഴാഴ്ച്ചയുണ്ടായ മണ്ണിടിച്ചലിനെ തുടര്‍ന്ന് കാണാതായ അഞ്ചുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
കുടക് ചുമതലയുള്ള മന്ത്രി സോമണ്ണ ജില്ലയിലെ ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിച്ചു. സോമണ്ണയെക്കൂടാതെ കുടക് മൈസൂര്‍ എം.പി. പ്രതാപ് സിന്‍ഹ, നിയമസഭാംഗം അപ്പാച്ചു രഞ്ജന്‍, ജില്ലാ കമ്മീഷണര്‍ അനീസ് കണ്മണി ജോയ് , സുനില്‍ സുബ്രമണി, ബി.എ. ഹരീഷ്, പോലീസ് സൂപ്രണ്ട് ക്ഷമമിശ്ര എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
ഇരിട്ടിയിലും മലയോര മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. ഇന്നലെ രാത്രിയില്‍ പെയ്ത ശക്തമായ മഴയില്‍ മേഖലയിലെ പുഴകളും തോടുകളും നിറഞ്ഞു കവിഞ്ഞു. ബാരാപ്പോള്‍, ബാവലി തുടങ്ങിയ പുഴകളില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നത് ഇവയുടെ കരയില്‍ താമസിക്കുന്ന കുടുംബങ്ങളില്‍ ആശങ്കക്കിടയാക്കി. എന്നാല്‍ രാവിലെ പത്തു മണിയോടെ വെള്ളം താഴാന്‍ തുടങ്ങിയത് ആശ്വാസവുമായി. തുടര്‍ച്ചയായ മഴ ഇല്ലെങ്കിലും ഇടക്കിടെ ശക്തമായ മഴ പെയ്യുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് തലശ്ശേരി മൈസൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ ഇരിട്ടി പൊതുമരാമത്തു വകുപ്പ് റെസ്റ്റ് ഹൗസിന് സമീപം കുന്ന് ഇടിഞ്ഞുവീണ് കാര്‍ കപകടത്തില്പ്പെട്ടു. റോഡ് നവീകരണത്തിന്റെ ഭാഗമായി കുന്നിന്റെ ഒരു ഭാഗം നേരത്തെ ഇടിച്ച് വീതി കൂട്ടിയിരുന്നു. ആ ഭാഗത്താണ് വെള്ളിയാഴ്ച പുലര്‍ച്ചയോടെ റോഡിലേക്ക് മണ്ണിടിഞ്ഞു വീണത്. ഒരു ഓട്ടോറിക്ഷയിലെയും കാറിലെയും യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇരിട്ടിയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി ഒരു ഭാഗത്തുകൂടി ഗതാഗതം സംവിധാനമൊരുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: