പ്രീ-സ്കൂള്‍ മുതല്‍ സെക്കന്‍ഡറി വരെ എല്ലാ തലങ്ങളിലും സാര്‍വത്രിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് എന്‍.ഇ.പി 2020 ഊന്നല്‍ നല്കുന്നു. വിവിധ തലങ്ങളിലെ മുഖ്യധാരാ വിദ്യാഭ്യാസത്തിന് അടിസ്ഥാന സൗകര്യമൊരുക്കുക, കൊഴിഞ്ഞുപോയ കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള നൂതന വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, വിദ്യാര്‍ത്ഥികളെയും പാഠ്യക്രമങ്ങളിലെയും നിരന്തരമായ മൂല്യനിര്‍ണ്ണയം, ഔപചാരികവും അനൗപചാരികവുമായ പഠനപദ്ധതികള്‍ ഉള്‍പ്പെടുന്ന അറിവിന്റെ ലോകത്ത് ബഹുമുഖമായ പദ്ധതികളുടെ ആവിഷ്കരണം, സ്കൂളുകളില്‍ കൗണ്‍സിലര്‍മാരുടെയും മികച്ച പരിശീലനം നേടിയ സാമൂഹ്യപ്രവര്‍ത്തകരുടെയും സഹകരണം, എന്ഐഒഎസിലൂടെയും സ്റ്റേറ്റ് ഓപ്പണ്‍ സ്കൂളുകളിലൂടെയും 3,5,8 ക്ലാസുകള്‍ക്കായുള്ള ഓപ്പൺ സ്കൂൾ വിദ്യാഭ്യാസം, പത്താം തരത്തിനും പന്ത്രണ്ടാം തരത്തിനും തതുല്യമായ സെക്കന്‍ഡറി വിദ്യാഭ്യാസ പരിപാടികള്‍, തൊഴിലധിഷ്ഠിത കോഴ്സുകള്‍, മുതിര്‍ന്നവരുടെ സാക്ഷരതയും ജീവനവും പരിപോഷിപ്പിക്കുന്നതിനുള്ള പരിപാടികള്‍ എന്നിവയാണ് സ്കൂൾ തലത്തിൽ എന്‍.ഇ.പി 2020 നടപ്പിലാക്കുന്നതിനുള്ള നിര്‍ദിഷ്ട മാര്‍ഗങ്ങൾ. ഇതിലൂടെ ഏകദേശം 2 കോടി സ്കൂള്‍ കുട്ടികളെ മുഖ്യധാരയിലേയ്ക്കു തിരികെ കൊണ്ടുവരാൻ കഴിയും.
ശിശു പരിപാലനവും വിദ്യാഭ്യാസവും പുതിയ തലത്തിലേയ്ക്ക്: Early Childhood Care & Education (ECCE)
· ഒരു കുട്ടിയുടെ മാനസിക വികാസത്തിന്റെ നിർണായക ഘട്ടമായി ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള പ്രായപരിധിയായ 3 മുതൽ 8 വയസ്സിനിടയിലുള്ള അടിസ്ഥാന പഠന പാഠ്യപദ്ധതിയെ (Foundational stage) രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു:
o (i) 3-6 വയസ് വരെ ബാലവാടിക/ അംഗൻവാടി/ പ്രീസ്കൂൾ
o (ii) 6 മുതൽ 8 വയസ്സ് വരെ (ഒന്ന്, രണ്ട് ക്ലാസുകളിലായി) പ്രൈമറി സ്കൂൾ.
· അക്ഷരമാല, ഭാഷകൾ, അക്കങ്ങൾ, സംഖ്യ, നിറങ്ങൾ, ആകൃതികൾ എന്നിവ ഉൾപ്പെടുന്ന വിഷ്വൽ ആർട്ട്, ക്രാഫ്റ്റ്, നാടകം, പാവ, സംഗീതം, ചലനം തുടങ്ങി കുട്ടികളിലെ ശാരീരികവും മാനസികവും വൈജ്ഞാനികവുമായ വികസനം, സാമൂഹിക-വൈകാരിക-നൈതിക വികസനം, സാംസ്കാരികവും കലാപരമായവുമായ വികസനം, ആശയവിനിമയ വികസനം എന്നിവയ്ക്ക് പാഠ്യപദ്ധതി ഊന്നൽ നൽകുന്നു. അതോടൊപ്പം പഠിതാക്കളിലെ സാമൂഹിക പ്രതിബദ്ധത , സംവേദനക്ഷമത, നല്ല പെരുമാറ്റം, മര്യാദ, ധാർമ്മികത, വ്യക്തി ശുചിത്വം, പരസ്പരണ സഹകരണം എന്നിവയുടെ വികാസമാണ് ഇ.സി.സി.ഇയുടെ ആത്യന്തിക ലക്ഷ്യം
· 8 വയസ്സുവരെയുള്ള കുട്ടികൾക്കായി ആദ്യകാല ശിശു പരിപാലനത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഒരു ദേശീയ പാഠ്യപദ്ധതിയും ബോധനശാസ്ത്ര ചട്ടക്കൂടും (NCPFECCE) എൻ.സി. ഇ.ആർ.ടി രണ്ട് ഭാഗങ്ങളായി വികസിപ്പിക്കും, അതിൽ 3 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കുള്ള ഉപ-ചട്ടക്കൂടും ഉൾപ്പെടും.
· 5 വയസ്സിന് മുമ്പ് ഓരോ കുട്ടിയും “പ്രിപ്പറേറ്ററി ക്ലാസ്” അല്ലെങ്കിൽ “ബാലവാടികലേക്ക് മാറും” (അതായത് ഒന്നാം ക്ലാസ്സിന് മുമ്പ്). കുട്ടികളുടെ കോഗ്നിറ്റീവ്, അഫക്റ്റീവ്, സൈക്കോമോട്ടോർ കഴിവുകൾ, ബാല്യകാല വിജ്ഞാനം, സംഖ്യ ശാസ്ത്രം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിനോദാധിഷ്ഠിത പഠനമാണ് പ്രിപ്പറേറ്ററി ക്ലാസിലെ പാഠ്യക്രമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
· ഇസിസിഇയിലേക്കുള്ള സാർവ്വത്രിക പ്രവേശനത്തിനായി അംഗൻവാടി കേന്ദ്രങ്ങൾ ശക്തിപ്പെടുത്തുന്നതോടൊപ്പം നിലവിലെ അധ്യാപകർക്ക് നൈപുണ്യ വൈദഗ്ധ്യ പരിശീലനവും നൽകും. 10, + 2 ഉം അതിന് മുകളിലോട്ടും വിദ്യാഭ്യാസ യോഗ്യതയുള്ള അധ്യാപകർക്ക് ECCE ൽ 6 മാസത്തെ സർട്ടിഫിക്കറ്റ് പ്രോഗ്രാമും അതിൽ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് നേരത്തെയുള്ള ഒരു വർഷത്തെ ഡിപ്ലോമ പ്രോഗ്രാം നൽകും.
· വാക്സിനേഷൻ ഉൾപ്പടെയുള്ള കുട്ടികളുടെ ആരോഗ്യപരിരക്ഷയും പോഷകപരിചരണവും ഉറപ്പുവരുത്തുന്നതോടൊപ്പം, അംഗൻവാടികൾ, പ്രാദേശിക പ്രൈമറി സ്കൂളുകൾ, മാതാപിതാക്കൾ, അധ്യാപകർ എന്നിവരുടെ സംയുക്ത സഹകരണത്തോടെയാവും ശിശു പരിപാലന വിദ്യാഭ്യാസം നടപ്പിലാക്കുക.
· കുട്ടിക്കാലത്തെ പരിചരണത്തിന്റെ ആസൂത്രണവും വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ നടപ്പാക്കലും , എച്ച്ആർഡി, വനിതാ ശിശു വികസന മന്ത്രാലയങ്ങൾ (ഡബ്ല്യുസിഡി), ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (എച്ച്എഫ്ഡബ്ല്യു), ഗോത്രകാര്യ മന്ത്രാലയം എന്നിവ സംയുക്തമായി നടപ്പിലാക്കും
അടിസ്ഥാന സാക്ഷരതയും ഗണിത ശാസ്ത്രവും: അക്ഷരങ്ങളും സംഖ്യകളും മനസിലാക്കാനുള്ള അടിസ്ഥാനപഠനം
വായന, എഴുത്ത്, ഭാഷ, സംഭാഷണം, ഗണനം, ഗണിതശാസ്ത്രം, ഗണിതശാസ്ത്ര ചിന്ത എന്നിവയിൽ അടിസ്ഥാനമായ സാക്ഷരതയും സംഖ്യകള്‍ തിരിച്ചറിയുന്നതിനുമുള്ള അടിസ്ഥാന പഠനവും അടിയന്തിരവും അനിവാര്യവുമായ ഒന്നായി എന്‍ഇപി 2020 വിലയിരുത്തുന്നു. പാഠ്യപദ്ധതിയിൽ അടിസ്ഥാന സാക്ഷരതയിലും സംഖ്യയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പ്രിപ്പറേറ്ററി, മിഡിൽസ്കൂൾ പാഠ്യപദ്ധതിയിലുടനീളം, ശക്തമായ ഒരു തുടർച്ച സംവിധാനം ആവിഷ്കരിക്കുകയും ചെയ്യുന്നതിലൂടെ ഓരോ വിദ്യാർത്ഥിയുടെയും വ്യക്തിഗത പഠനം പരിശോധിക്കുവാനും അത് ഊട്ടിയുറപ്പിക്കാനുമുള്ള നിരന്തര മൂല്യനിർണ്ണയവും (ഫോർമാറ്റീവ് / അഡാപ്റ്റീവ് അസസ്മെന്റ്) സാധ്യമാണ്. അതിനായി എംഎച്ച്ആര്‍ഡിയുടെ(MHRD) കീഴില്‍ നാഷണല്‍ മിഷന് ഓണ്‍ ഫൗണ്ടേഷണല്‍ ലിറ്ററസി ആന്‍ഡ് ന്യൂമറസിക്കു രൂപം നല്‍കാനും എൻഇപി വിഭാവനം ചെയ്യുന്നു.അതനുസരിച്ച്, 2025 ഓടെ എല്ലാ സംസ്ഥാന / യുടികളിലും മൂന്നാം തരം വരെയുള്ള പ്രാഥമിക വിദ്യാലയങ്ങളിൽ സാര്‍വത്രികവും അടിസ്ഥാനപരവുമായ സാക്ഷരതയും സംഖ്യാബോധവും ലഭിക്കുന്നതിനായി പദ്ധതി തയ്യാറാക്കുകയും അതിന്റെ പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യും.
പൊതുവിൽ ഓരോ സ്കൂൾ തലത്തിലും 30: 1 എന്ന വിദ്യാർത്ഥി-അധ്യാപക അനുപാതം (പിടിആർ) നിലനിർത്തുകയും സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന മേഖലകളിൽ അത് 25:1 എന്ന അനുപാതത്തിൽ നിജപ്പെടുത്താനും എൻഇപി ലക്ഷ്യമിടുന്നു. അതോടൊപ്പം തന്നെ അടിസ്ഥാന സാക്ഷരതയെയും സംഖ്യയെയും കുറിച്ചുള്ള ഉയർന്ന നിലവാരമുള്ള വിജ്ഞാനവിഭവങ്ങളുടെ ദേശീയ സമാഹാരമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ (DIKSHA – Digital Infrastructure for Knowledge Sharing) ഉപയോഗപ്പെടുത്തുകയും ഇതിലൂടെ സാർവദേശീയ വിജ്ഞാന വികേന്ദ്രീകരണത്തിനും ഭാഷാ തടസ്സങ്ങൾ പരിഹരിക്കുന്നതിനും അധ്യാപകർക്കുള്ള സഹായമായും അത് വർത്തിക്കും.
രാജ്യത്തുടനീളം വായനാ സംസ്കാരം വളർത്തിയെടുക്കുന്നതിന് പൊതു, സ്കൂൾ ലൈബ്രറികൾ ഗണ്യമായി വിപുലീകരിക്കുക്കാനും ഡിജിറ്റൽ ലൈബ്രറികൾ സ്ഥാപിക്കാനും നയം വിഭാവനം ചെയ്യുന്നു. അതിനായി ഒരു ദേശീയ പുസ്തക പ്രചാരണ നയം രൂപപ്പെടുത്തുകയും വിപുലമാക്കുകയും ചെയ്യും. രാജ്യത്തിന്റെ സാക്ഷരതാ ഭൂപ്രകൃതിയിൽ ആത്യന്തികമായ മാറ്റം ലക്ഷ്യമിട്ട് കമ്മ്യൂണിറ്റിയിലെ ഓരോ സാക്ഷരരും ഒരു വിദ്യാർത്ഥിയെ / വ്യക്തിയെ എങ്ങനെ വായിക്കാമെന്ന് പഠിപ്പിക്കുന്ന പിയർ-ട്യൂട്ടോറിംഗ് സംസ്കാരത്തിലേക്ക് സമൂഹത്തെ പ്രതിജ്ഞാബദ്ധരാക്കുന്ന പദ്ധതികളും നയം വിഭാവനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: