“The education is the development of the latent powers of the child, training of six senses, training of logical faculties, physical education, principles of freedom, moral and religious education and above all, training for the spiritualization of the individual. – Sri Aurobindo”
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നൽകി. സ്കൂൾ,കോളേജുകൾ,സർവ്വകലാശാലകൾ തുടങ്ങി ഉന്നത വിദ്യാഭ്യാസ മേഖലകളിൽ വൻതോതിലുള്ള പരിവർത്തനങ്ങൾക്കും പരിഷ്കാരങ്ങൾക്കും വഴിയൊരുക്കുന്ന ദേശീയ വിദ്യാഭ്യാസ നയം(എൻഇപി) കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി ശ്രീ.രമേശ് പൊഖ്രിയാൽ നിഷാങ്ക് പുറത്തിറക്കി. അന്തരിച്ച മുൻ കാബിനറ്റ് സെക്രട്ടറി ശ്രീ ടി.എസ്.ആർ സുബ്രഹ്മണ്യന്റെ അധ്യക്ഷതയിൽ 2016 മെയ് മാസത്തിൽ വിദ്യാഭ്യാസ പരിഷ്കരണ കമ്മറ്റി പുതിയ വിദ്യാഭ്യാസ നയത്തിന്റെ രൂപരേഖ സർക്കാരിന് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മാനവ വിഭവശേഷി മന്ത്രാലയം കരട് ദേശീയ വിദ്യാഭ്യാസ നയം – 2016 രൂപീകരണ നടപടികൾ ആരംഭിക്കുകയും 2017 ജൂൺ മാസത്തിൽ വിഖ്യാത ശാസ്ത്രജ്ഞൻ പത്മവിഭൂഷൺ ഡോ. കെ. കസ്തൂരിരംഗന്റെ അധ്യക്ഷതയിൽ കരട് ദേശീയ വിദ്യാഭ്യാസ നയത്തിനായുള്ള കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. 2019 മെയ് 31 ന് പ്രസ്തുത കമ്മറ്റി ദേശീയ വിദ്യാഭ്യാസ നയം – 2019 ന്റെ കരട് മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന് സമർപ്പിച്ചു.
മുപ്പത്തിനാല് വർഷം പഴക്കമുള്ള, 1986ലെ ദേശീയ വിദ്യാഭ്യാസ നയത്തെ പുനഃസ്ഥാപിക്കുന്ന പുതിയ വിദ്യാഭ്യാസ നയം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭാരതത്തിന്റെ സമ്പൂർണ്ണ വിദ്യാഭ്യാസ പദ്ധതിയും ലക്ഷ്യങ്ങളും ഉൾക്കൊള്ളുന്നതാണ്. 2015 ൽ ഇന്ത്യ അംഗീകരിച്ച ആഗോള സുസ്ഥിര വികസന തത്വത്തെ അടിസ്ഥാനമാക്കി 2030 ഓടെ ഭാരതത്തിൽ “സമഗ്രവും നീതിപൂർവ്വകവും ഗുണനിലവാരമുള്ളതുമായ സാർവത്രിക വിദ്യാഭ്യാസം ഉറപ്പുവരുത്തുകയും ആജീവനാന്ത പഠനാവസരങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് പുതിയ നയത്തിന്റെ ലക്ഷ്യം. അംഗീകൃതവും, അഭികാമ്യവും, നീതിപൂർവ്വകവും, ഉല്‍കൃഷ്ടവും, പ്രാപ്യമായതുമായ അഞ്ച് അടിസ്ഥാന ശിലകളെ ആധാരമാക്കി തയ്യാറാക്കപ്പെട്ട ഈ നയം 2030ലേയ്ക്കുള്ള സുസ്ഥിര വികസന അജന്‍ഡയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. സാമൂഹിക-സാമ്പത്തിക പശ്ചാത്തലത്തിനപ്പുറം എല്ലാ പഠിതാക്കൾക്കും ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം പ്രധാനം ചെയ്യുന്ന തരത്തിൽ 2040 ഓടെ ഇന്ത്യക്ക് ഒരു വിദ്യാഭ്യാസ സമ്പ്രദായം ഉണ്ടായിരിക്കണമെന്നതാണ് വിദ്യാഭ്യാസ നയത്തിൻറ്റെ ലക്ഷ്യം. പ്രധാനമായും നാല് ഭാഗങ്ങളായാണ് ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചിരിക്കുന്നത്.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വീക്ഷണം:
· 21ാം നൂറ്റാണ്ടിലെ ആവശ്യങ്ങൾക്ക് അനുസൃതമായി, ഓരോ വിദ്യാർത്ഥിയുടെയും അതുല്യമായ കഴിവുകൾ പരിപോഷിപ്പിച്ച്, സ്കൂൾ,കോളേജ് വിദ്യാഭ്യാസത്തെ സമഗ്രവും ബഹുമുഖവും വൈവിധ്യപൂര്‍ണവും ആക്കുന്നതിലൂടെ ആഗോളതലത്തിൽ തന്നെ ഭാരതത്തെ ഊർജ്ജസ്വലമായ വിജ്ഞാന സമൂഹമായും വിജ്ഞാനമേഖലയിലെ ശക്തികേന്ദ്രമാക്കി മാറ്റാനും പുതിയ നയം ലക്ഷ്യമിടുന്നു.
· മൗലികാവകാശങ്ങൾ, കടമകൾ, ഭരണഘടനാ മൂല്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി വ്യക്തിയും സമാജവും രാജ്യവും തമ്മിലുള്ള അഭേദ്യമായ ബന്ധം, മാതൃ രാജ്യത്തോടുള്ള പഠിതാവിന്റെ കര്‍ത്തവ്യത്തെ ക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും ബോധപൂർവമായ അവബോധം സൃഷ്ടിക്കുക
· മനുഷ്യാവകാശങ്ങൾ, സുസ്ഥിര വികസനം, ജീവിതം, ലോക ക്ഷേമം എന്നിവയോടുള്ള ഉത്തരവാദിത്തപരമായ പ്രതിബദ്ധത, മൂല്യങ്ങൾ, സ്വഭാവരീതികൾ എന്നിവ ഉൾക്കൊള്ളുന്നു
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രധാന തത്വങ്ങൾ:
· ഓരോ വിദ്യാർത്ഥിയുടെയും അതുല്യമായ കഴിവുകൾ തിരിച്ചറിയുന്നതിനും അവയെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുന്നതിനും അധ്യാപകരെയും മാതാപിതാക്കളെയും സംവേദനക്ഷമമാക്കുക
· സയൻസസ്, സോഷ്യൽ സയൻസ്, ആർട്സ്, സ്പോർട്സ്, കോമേഴ്സ് തുടങ്ങിയ പാഠ്യ പാഠ്യേതര അധ്യയന ശ്രേണികളും, നൈപുണ്യ തൊഴിൽ വികസനവും തമ്മിൽ വേർതിരിവുകളൊന്നുമില്ലാത്തതിനാൽ ബഹുമുഖമായ പാഠ്യ പദ്ധതിയിലൂടെ പഠിതാക്കൾക്ക് അവരുടെ അഭിരുചിയും കഴിവുകളും കുറവുകളുമനുസരിച്ച് പാഠ്യക്രമവും വിഷയങ്ങളും തിരഞ്ഞെടുക്കാനുള്ള അവസരമൊരുക്കുന്നു.
· എല്ലാ പഠിതാക്കൾക്കും തുല്യതയും നീതിപൂർവ്വകമായ വിദ്യാഭ്യാസം പ്രധാനം ചെയ്യുന്നു
· അധ്യാപനത്തിലും പഠനത്തിലും, ആസൂത്രണത്തിലും സാങ്കേതികവിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക
· പഠിതാക്കളിൽ വിമർശനാത്മകവും യുക്തിസഹവുമായ ചിന്തയും സർഗ്ഗാത്മകതയും നവീകരണവും ശാസ്ത്രീയതയും പ്രോത്സാഹിപ്പിക്കുക
· പഠിതാക്കളിൽ സഹാനുഭൂതി, ശുചിത്വം,മര്യാദ, ജനാധിപത്യ മനോഭാവം, സേവന തത്പരത, പരസ്പര സഹകരണവും ബഹുമാനവും, പൊതുസ്വത്തിനോടുള്ള ബഹുമാനം,സ്വാതന്ത്ര്യം, ഉത്തരവാദിത്തം, ബഹുസ്വരത, സമത്വം, നീതി; തുടങ്ങിയ ജീവിത നൈപുണ്യങ്ങൾ പ്രോത്സാഹിപ്പിക്കുക
· പാഠ്യപഠ്യേതര വിഷയങ്ങളിൽ സാമൂഹിക പങ്കാളിത്തവും പരോപകാരപ്രദമായ സഹകരണവും പ്രോത്സാഹിപ്പിക്കുക
· പഠ്യേതര വിഷയങ്ങളിലെ നിരന്തരമായ മൂല്യനിര്‍ണ്ണയം(formative assessment), വിദ്യാഭ്യാസ വിദഗ്ധരുടെയും ഗവേഷകരുടെയും കൃത്യമായ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയുള്ള അവലോകനം.
· പാഠ്യപദ്ധതി, അധ്യയനം, നയരൂപീകരണം എന്നിവയിൽ സമകാലികവും ചരിത്രപരവും പ്രാദേശികവുമായ വിഷയങ്ങളോടും സന്ദർഭങ്ങളോടുമുള്ള ബഹുമാനവും സ്വംശീകരണവും.
· അധ്യാപനത്തിലും പഠനത്തിലും ബഹുഭാഷ വൈവിധ്യവും ഭാഷയുടെ സ്വാധീനവും പ്രോത്സാഹിപ്പിക്കുക;
· ഇന്ത്യയിയുടെ അഭിമാനവും സമ്പന്നവും, വൈവിധ്യപൂർണവുമായ അതിന്റെ സംസ്കാരത്തിലും വിജ്ഞാന സംവിധാനങ്ങളിലും പാരമ്പര്യങ്ങളിലും അധിഷ്ഠിതമായ പാഠ്യക്രമം
· വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കാര്യക്ഷമതയും, സ്വയംഭരണാധികാരയും, സദ്ഭരണവും, ശാക്തീകരണവും അനുവർത്തിക്കുന്ന സുതാര്യമായ ഒരു ചട്ടക്കൂട് സൃഷ്ടിക്കുക.
ഘട്ടം 1. സ്കൂൾ വിദ്യാഭ്യാസം:
സ്കൂൾ പാഠ്യപദ്ധതിയിൽ നിലവിലെ 10 + 2 ഘടന ഒഴിവാക്കി പകരം, യഥാക്രമം 3-8, 8-11, 11-14, 14-18 വയസ്സുള്ള കുട്ടികൾക്കായി 5 + 3 + 3 + 4 എന്ന രീതിയിൽ പാഠ്യപദ്ധതി ക്രമീകരിക്കും. പുതിയ വിദ്യാഭ്യാസ നയമനുസരിച്ച് ഇതുവരെ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാകാതിരുന്ന 3-6 പ്രായപരിധിയിലുള്ള കുട്ടികളെയും ഉൾപ്പെടുത്തും. ഒരു കുട്ടിയുടെ മാനസിക കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള നിർണായക ഘട്ടമായി ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള പ്രായപരിധിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: