തൃശൂര്‍: ഒല്ലൂര്‍ തൈക്കാട്ടുശേരി ഗ്രാമത്തെ ആയുര്‍വേദ ചികിത്സയിലൂടെ ലോക പ്രശസ്തിയിലേക്കുയര്‍ത്തിയ ആയൂര്‍വേദ ചികിത്സാരംഗത്തെ കുലപതിക്ക് ജന്മനാട് കണ്ണീരോടെ വിട നല്കി. ആറരപതിറ്റാണ്ടിലേറെ പതിനായിരക്കണക്കിന് രോഗികള്‍ക്ക് ചികിത്സയും മരുന്നും നല്കിയ ആയുര്‍വേദത്തിലെ ‘വൈദ്യരത്നം’ ഇനി ഓര്‍മ്മ.
കൊറോണ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സംസ്കാരചടങ്ങില്‍ പങ്കെടുക്കുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. എങ്കിലും ഒട്ടേറെപ്പേര്‍ നിയന്ത്രണങ്ങള്‍ പാലിച്ച് അന്ത്യോപചാരമര്‍പ്പിക്കാനെത്തി. വീട്ടുവളപ്പില്‍ തന്നെയായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്. മക്കളായ ഇ.ടി.നീലകണ്ഠന് മൂസ്, ഇ.ടി പരമേശ്വരന് മൂസ് എന്നിവര്‍ ചിതക്ക് തീകൊളുത്തി. മന്ത്രിമാരും ജനപ്രതിനിധികളും ഉള്‍പ്പെടെ അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. ഏഴു പതിറ്റാണ്ടോളം നീളുന്നതാണ് നാരായണന് മൂസിന്റെ ചികിത്സാപാരമ്പര്യം.
നിര്‍ധന രോഗികള്‍ക്ക് എക്കാലവും അഷ്ടവൈദ്യന്‍ ഇ.ടി നാരായണന് മൂസ് അഭയകേന്ദ്രമായിരുന്നു. സാധാരക്കാരെ തികച്ചും സൗജനമായാണ് അദ്ദേഹം ചികിത്സിച്ചിരുന്നത്. ജില്ലയ്ക്ക് അകത്തും പുറത്തും ഇത്തരത്തില്‍ മൂസിന്റെ കാരുണ്യ ചികിത്സ ലഭിച്ചിട്ടുള്ളവര്‍ നിരവധി പേരാണ്. മുത്തച്ഛനും അച്ഛനും കേള്‍വികേട്ട വൈദ്യന്മാരായിരുന്നതിനാല് നാരായണന് മൂസ് കുട്ടിക്കാലം മുതലേ കേട്ടതും കണ്ടതുമെല്ലാം ആയുര്‍വേദത്തിന്റെ ലോകമായിരുന്നു. കാലം അനുവദിക്കുന്നിടത്തോളം താനും തന്റെ പിന്മുറക്കാരും മഹത്തായ ആയുര്‍വേദ ചികിത്സാ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുമെന്നായിരുന്നു നാരായണന് മൂസ് എപ്പോഴും എവിടെയും പറഞ്ഞിരുന്നത്. ഇത് അക്ഷരംപ്രതി യാഥാര്‍ത്ഥ്യമാണെന്നും ലാഭേച്ഛ കൂടാതെയാണ് അദ്ദേഹം രോഗികളെ പരിശോധിച്ച് മരുന്ന് നല്‍കിയിരുന്നതെന്നും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: