പത്തനംതിട്ട: ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. അടൂര്‍, പന്തളം മേഖലകളിലാണ് നാശനഷ്ടം ഏറെയും. വൃക്ഷങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ തകര്‍ന്നു. വീടുകള്‍ക്ക് ഭാഗികമായ തകരാറുകളും ഉണ്ടായിട്ടുണ്ട്. വ്യാപകമായി കൃഷി നാശവും ഉണ്ടായിട്ടുണ്ട്. ഏക്കറുകണക്കിന് ഭൂമിയിലെ ഏത്തവാഴ അടക്കമുള്ള കൃഷിവിളകളാണ് കാറ്റില്‍ നശിച്ചത്.
മരം വീണ് അടൂര്‍ പെരിങ്ങനാട് മുണ്ടപ്പള്ളി അരിപ്പാട്ട് തടത്തില്‍ അശോകന്റെ വീട് തകര്‍ന്നു. മാതാവ് വിലാസിനി (75) ക്ക് പരുക്കേറ്റു. ഇവരെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വ്യഴാഴ്ച പുലര്‍ച്ചെ 3.45നാണ് സംഭവം. വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ ഉണ്ടായിരുന്ന കാറും ബൈക്കും പൂര്‍ണ്ണമായി തകര്‍ന്നു. കൂറ്റന്‍ പാലമരമാണ് വീടിന് മുകളിലേക്ക് വീണത്.
ബ്ലോക്ക് പഞ്ചായത്തംഗം പഴകുളം തെങ്ങുംതാര കുറംങ്കോണത്ത് രമാജോഗിറിന്റെ വീട് മരംവീണ് തകര്‍ന്നു. മുണ്ടപ്പള്ളി സുരേഷ് ഭവനില്‍ സുരേഷ്, ഏറത്ത് തുവയൂര്‍ വടക്ക് മലമേ ശേരില്‍ രാമചന്ദ്രന് പിള്ള, മണ്ണടി കൊച്ചയില്‍ തെക്കേതില്‍ ലളിതാംബിക എന്നിവരുടെ വീടുകളും തകര്‍ന്നു. പള്ളിക്കല്‍ ഏഴാം വാര്‍ഡില്‍ നൂറിലേറെ വാഴകള്‍ ഒടിഞ്ഞു വീണു. ഏനാദിമംഗലത്ത് മരുതിമൂട് കൊല്ലായിക്കോട് ഐസക്കിന്റെ 22 സെന്റ് സ്ഥലത്തെ 800 മൂട് വെറ്റക്കൊടി ക്യഷി നശിച്ചു. അടൂര്‍ മേഖലയില്‍ മാത്രം ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്.
ഇന്നലെ വെളുപ്പിനെ ഉണ്ടായ ശക്തമായ കാറ്റില്‍ പന്തളം, തുമ്പമണ്‍, പന്തളം തെക്കേക്കര പഞ്ചായത്തുകളില്‍ വ്യാപക കൃഷി നാശമുണ്ടായി. മങ്ങാരം ഭാഗത്ത് കൃഷി നാശവും വീടുകള്‍ക്ക് കേടുപാടുകളും സംഭവിച്ചു. മങ്ങാരം ഐവേലില്‍ ഉണ്ണികൃഷ്ണന്റെ പറമ്പിലെ എല്ലാ കൃഷിവിളകളും നശിച്ചു. ലോക്ക്ഡൗണ്‍ കാലത്ത് കൃഷി ചെയ്തവയായിരുന്നു ഇവയില്‍ ഏറെയും. 3 ലക്ഷം രൂപയിലധികം നാശനഷ്ടം ഉണ്ടായതാതാണ് പ്രാഥമിക നിഗമനം.
മങ്ങാരം മന്നത്ത് ഉണ്ണികൃഷ്ണന്, നന്ദനത്തില്‍ ഉഷാകുമാരി, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ഗിരിജ ടീച്ചര്‍ എന്നിവരുടെ പുരയിടങ്ങിലും വന്‍ വൃക്ഷങ്ങള്‍ കടപുഴകി വീണ് നാശനഷ്ടം ഉണ്ടായി. പന്തളം തെക്കേക്കര പഞ്ചായത്തിലെ പെരുമ്പുളിക്കല്‍ ചരിഞ്ഞകാലയില് വിജയനാഥ കുറുപ്പിന്റെ കൃഷിയിടത്തിലെ 30 മൂട് വാഴയും, 25 മൂട് ചേനയും കാറ്റില്‍ നശിച്ചു. ശക്തമായ കാറ്റിലും മഴയിലും തുമ്പമണ്‍ പഞ്ചായത്ത് വിവിധ ഭാഗങ്ങളില്‍ വ്യാപക കൃഷിനാശം സംഭവിച്ചു.
പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ റബ്ബര്‍ മരങ്ങള്‍ കടപുഴകി വീണു. വ്യാപകമായി വാഴ ഉള്‍പ്പെടെയുള്ള കൃഷി ഇനങ്ങളും കാറ്റില്‍ നശിച്ചു. തുമ്പമണ്‍ മുട്ടം കൊച്ചുചെറുകുന്നത്ത് രാമചന്ദ്രന്നായര്യുടെ അന്‍പതിലധികം ഏത്തവാഴ കാറ്റില്‍ ഒടിഞ്ഞുവീണു. ഓണക്കാലത്ത് കുലകള്‍ പാകമാകുന്ന വാഴകളാമ് കാറ്റില്‍ കടപുഴകി വീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: