ആലപ്പുഴ: അയോധ്യയില്‍ രാമക്ഷേത്രത്തിന് ഭൂമിപൂജ നടന്ന പുണ്യമുഹൂര്‍ത്തത്തില്‍ മുന്‍ ഫൈസാബാദ് കളക്ടര്‍ കെ.കെ. നായര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചു. ആലപ്പുഴ കളക്ട്രേറ്റിന് സമീപമുള്ള കെ.കെ. നായര്‍ സ്മാരക നിര്‍മ്മാണ ഭൂമിയിലാണ് കെ.കെ. നായര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സ്മരണാഞ്ജലി അര്‍പ്പിച്ചത്.
ആര്‍എസ്എസ് വിഭാഗ് സഹസംഘചാലക് വി. എന്‍. രാമചന്ദ്രന് അനുസ്മരണ പ്രഭാഷണം നടത്തി. ആര്‍എസ്എസ് പ്രാന്ത സഹസേവാപ്രമുഖ് എം.സി. വത്സന്, വിശ്വഹിന്ദു പരിഷത്ത് വിഭാഗ് സെക്രട്ടറി പി.ആര്. ശിവശങ്കരന്, ജില്ലാ സെക്രട്ടറി എം. ജയകൃഷ്ണന്, ട്രസ്റ്റ് പ്രസിഡന്റ് പി. സുനില്‍, സെക്രട്ടറി കെ.വി. ഉണ്ണികൃഷ്ണന്, കെ.സി. ജാനകീറാം എന്നിവര്‍ പങ്കെടുത്തു.
അയോധ്യയുടെ ചരിത്രത്തില്‍ അവിസ്മരണീയമായ നാമമാണ് കുട്ടനാട് കണ്ടങ്കളത്തില്‍ കരുണാകരന് നായര്‍ എന്ന കെ.കെ. നായര്‍. അദ്ദേഹത്തിന്റെ ശക്തമായ ഇടപെടലാണ് രക്തച്ചൊരിച്ചില്‍ ഉണ്ടാകാതെ രാമക്ഷേത്രത്തില്‍ വീണ്ടും ഹിന്ദുക്കള്‍ക്ക് ദര്‍ശന സൗകര്യം ഉണ്ടാക്കിയത്. 1949 ഡിസംബര്‍ 22ല്‍ ക്ഷേത്രത്തില്‍ അഖണ്ഡനാമജപം നടത്തിയ സന്യാസികളെ ക്ഷേത്രത്തില്‍നിന്ന് പുറത്താക്കി, പ്രതിഷ്ഠ നീക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദവല്ലഭ പന്തിന്റെ ആവശ്യം കെ.കെ. നായര്‍ അംഗീകരിച്ചില്ല.
തുടര്‍ന്ന് സര്‍ക്കാര്‍, നായരെ സസ്പെന്‍ഡ് ചെയ്തു. കോടതിയില്‍ തനിക്കെതിരായ നടപടി ചോദ്യംചെയ്ത നായര്‍ അനുകൂല ഉത്തരവുനേടി. പക്ഷേ, തിരികെ കയറിയ ശേഷം അദ്ദേഹം രാജിവച്ചു. അയോധ്യക്കായുള്ള ഹൈന്ദവരുടെ ധര്‍മ പോരാട്ടത്തെ പലപ്പോഴും ഇല്ലാതാക്കാന്‍ നെഹ്റുവും, അതിനുശേഷം വന്ന സര്‍ക്കാരുകളും ശ്രമിച്ചെങ്കിലും ഒരിക്കല്‍ പോലും വിജയം കണ്ടില്ല.
ഫൈസാബാദിലെ ജനങ്ങളുടെ കണ്‍കണ്ട ദൈവമായിമാറി അദ്ദേഹം. രാമന്റെ പ്രതിപുരുഷനായാണ് നായരെ ഫൈസാബാദിലെ മുസ്ലിങ്ങളുള്പ്പെടുന്ന ഒരു വലിയ ജനവിഭാഗം കണ്ടത്. ശ്രീരാമചന്ദ്രനോടൊപ്പം തന്നെ ഇന്നും കെ.കെ. നായരുടെ ഫോട്ടോയും ഭക്തര്‍ ആരാധിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: