പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയില്‍ പോകരുത്, രാമക്ഷേത്ര നിര്‍മാണം നടത്തരുത്, അത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദൂരദര്ശന് വഴി സംപ്രേഷണം ചെയ്യരുത് എന്നായിരുന്നു പലരുടെയും വിമര്‍ശനവും ആവശ്യവും. പ്രധാനമന്ത്രിയായിരിക്കെ, അടല്‍ ബിഹാരി വാജ്പേയി, ‘കാം അധൂരി ഹെ’ എന്ന്, ജോലി പൂര്‍ത്തിയായിട്ടില്ല എന്ന് അയോധ്യയെക്കുറിച്ച് പറഞ്ഞതിന് ‘നിര്‍ത്തിപ്പൊരിച്ചു’ അന്നത്തെ രാഷ്ട്രീയം. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, വാജ്പേയി പറഞ്ഞ രണ്ടാം പാതിയും പൂര്‍ത്തിയാക്കുന്നതിന് തുടക്കമിടുകയായിരുന്നു.
ന്യൂദല്‍ഹിയില്‍നിന്ന് ലഖ്നൗവിലെത്തി ഗവര്‍ണറും മുഖ്യമന്ത്രിയും മറ്റ് ഔദ്യോഗിക വൃന്ദങ്ങളും ചേര്‍ന്ന് നല്കിയ സ്വീകരണം ഏല്‍ക്കുംവരെ രാജ്യത്തെ പ്രഥമ സേവകനായിരുന്നു. അവിടുന്ന് അയോധ്യയിലെത്തിയപ്പോള്മുതല് അദ്ദേഹം രാമസേവകനുമായി. ശ്രീരാമന്റെ കാര്യങ്ങള്‍ നോക്കിയിരുന്നത് ഹനുമാനായിരുന്നു. കലികാലത്തിലും രാമന്റെ ആദര്‍ശം കാക്കുന്നത് ഹനുമാന് സ്വാമിയാണ്. ആ ഹനുമാന്റെ ആശീര്‍വാദത്തോടെയാണ് ഭൂമിപൂജ തുടങ്ങിയതെന്ന് പ്രധാനമന്ത്രി പറയുകയും ചെയ്തു. രാമസേവകന്‍, അയോധ്യയിലെ പുജാ ചടങ്ങില്‍ കുശലതയേറെയുള്ള കര്‍മ്മിയായി. നടപ്പിലും ഇരിപ്പിലും ധ്യാനത്തിലും കര്‍മത്തിലും രാമസേവകനായി.
പിന്നീട് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ അദ്ദേഹം പണ്ഡിതനായ രാമസേവകനായി. രാമതത്ത്വവും ഭക്തിയും കഥയും സാഹിത്യവും സംസ്കാരവും സാമൂഹികതയും വിവരിച്ച് അതിശയിപ്പിച്ചു. പിന്നെ, രാമക്ഷേത്രം എങ്ങനെ യുപിയുടെയും രാജ്യത്തിന്റെ സാംസ്കാരിക-സാമ്പത്തിക ഭദ്രതയെ സഹായിക്കുമെന്ന് വിവരിച്ച് ജനവിശ്വാസം കൂട്ടി. ഒടുവില്‍ ആനുകാലിക വിഷയമായ കൊവിഡിലെത്തി, മുഖാവരണം ധരിക്കേണ്ടതിന്റെ നിയമങ്ങളും മര്യാദകളും പാലിക്കേണ്ടതിന്റെ സത്യം കൈവിടാതെ ധര്മമാര്ഗത്തില് ജീവിക്കേണ്ടതിന്റെ ആവശ്യകത വിവരിച്ചു. അങ്ങനെ രാമസേവകന്‍ അയോധ്യ വിടുമ്പോള്‍ വീണ്ടും രാജ്യത്തിന്റെ പ്രഥമ സേവകനായി, മാതൃകയായി. ലങ്കയില്‍ പേടിച്ചരണ്ടിരുന്ന സീതാ ദേവിയുടെ മുന്നില്‍ അണിമയും മഹിമയും ഗരിമയും കാണിച്ച് രാമദൂതനായ ഹനുമാന് ആത്മവിശ്വാസം നല്കിയതുപോലെ.
ഇതെല്ലാം ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ഈ കൊവിഡ് കാലത്തെ നിരാശയിലും പ്രതീക്ഷയും പ്രത്യാശയും നല്കലായിരുന്നു. ലോകത്തോട് ഇന്ത്യന്‍ ജനതയോട് മഹാസമ്മേളന വേദിയില്‍ സംവദിക്കുകയായിരുന്നു. പ്രധാനമന്ത്രി ഒരു പ്രമുഖ കര്‍ത്തവ്യം നിര്‍വഹിക്കുകയായിരുന്നു. അല്ലാതെ ചിലര്‍ കൊച്ചു കണ്ണുകള്‍കൊണ്ട് കണ്ട ഇടുങ്ങിയ രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുകയല്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: