മൂന്നാര്‍: മഴ ശക്തമായതോടെ മൂന്നാറിലെ പുഴകളുടെ ഒഴുക്ക് ശക്തമായി. കന്നിമലയാര്‍ കരകവിഞ്ഞതോടെ പെരിയവരയിലെ താല്‍ക്കാലിക പാലം കരകവിഞ്ഞു. പാലത്തിനു മുകളില്‍ വെള്ളമെത്തിയതോടെ ഗതാഗതം ഏറെ നേരം തടസപ്പെടുകയും ചെയ്തു.
ശക്തമായ ഒഴുക്കില്‍ പാലത്തിനു മുകളില്‍ മെറ്റലുകള്‍ ഇളകിയതിനെ തുടര്‍ന്ന് ജെസിബി ഉപയോഗിച്ച് മെറ്റലുകള്‍ പാകി ഉറപ്പിച്ച ശേഷമാണ് വീണ്ടും ഗതാഗതം പുനരാരംഭിച്ചത്. കാലവര്‍ഷം പാതി പിന്നിട്ടിട്ടും മഴ ശക്തമാകാതിരുന്ന മൂന്നാറില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഞായറാഴ്ച 7.92 സെന്റിമീറ്റര്‍ മഴ പെയ്തപ്പോള്‍ തിങ്കളാഴ്ച 14.01 സെന്റിമീറ്റര്‍ മഴയാണ് ചെയ്തത്.
ശക്തമായ കാറ്റില്‍ മൂന്നാര്‍ ഗസ്റ്റ് ഹൗസില്‍ സമീപമുള്ള മരം ഒടിഞ്ഞു വീഴുകയും ചെയ്തു. ഇതു വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ അഗ്നി ശമന എത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റും മേഖലയില്‍ ഭീതി പടര്‍ത്തുന്നുണ്ട്. മരങ്ങള്‍ ഏറെയുള്ള പ്രദേശത്തും മണ്ചെരിവുകള്ക്കു സമീപം താമസിക്കുന്നവരും ആശങ്കയോടെയാണ് കഴിയുന്നത്. മഴ കനത്തതോടെ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ദുരന്തനിവാരണ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: