തിരുവനന്തപുരം: ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായ കയര്‍മേഖലയെ സഹായിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ധീവരസഭ ആവശ്യപ്പെട്ടു. സംഘങ്ങളിലും കുടില്‍ വ്യവസായമായി വീടുകളില്‍ കയര്‍ പിരിക്കുന്നവര്‍ക്കും അതു കഴിയാത്ത അവസ്ഥയാണിപ്പോഴുള്ളത്. പൂന്തുറ മുതല്‍ കോവളം വരെയുള്ള കയര്‍മേഖലയില്‍ തൊണ്ടുതല്ലുന്നതിന് ഏക ആശ്രയമായ പനത്തുറയിലെ തൊണ്ടുതല്ലു മെഷീന് പ്രവര്‍ത്തിക്കുന്നില്ല.
ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ ചെയ്യുവാന്‍ ആവശ്യമായ അസംസ്കൃത സാധനമായ ചകിരി കിട്ടാതെ വരികയും ചെയ്തതോടുകൂടി കയര്‍ മേഖലയിലെ പ്രതിസന്ധിക്ക് ആക്കം കൂടി. ജൂണ്‍ മാസാവസാനത്തോടുകൂടി ലോക്ഡൗണില്‍ ഇളവുവന്നപ്പോള്‍ തൊഴില്‍ പുന:രാരംഭിച്ചെങ്കിലും ജൂലൈ മാസം വീണ്ടും ലോക്ഡൗണും കണ്ടെയിന്മെന്റ്സോണും നിലവില്വന്നതോടു കൂടി കയര്ഉല്പ്പാദന മേഖല പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണെന്ന് ധീവരസഭ ജില്ലാ പ്രസിഡന്റ് പനത്തുറബൈജു പ്രസ്തവനയില്‍ പറഞ്ഞു.
പൂന്തുറമുതല്‍ കോവളം വരെ എട്ടോളം കയര്‍ സംഘങ്ങളും അതിലേറെ കുടില്‍ വ്യവസായങ്ങളുമുണ്ട്. ഇവിടെയൊന്നും തൊഴില്‍ ചെയ്യാന്‍ കഴിയാതെ തൊഴിലാളികള്‍ കഷ്ടത്തിലാണ്. രണ്ടായിരത്തോളം തൊഴിലാളികള്‍ ഈ മേഖലയെആശ്രയിച്ചാണ് കഴിയുന്നത്. വെള്ളാര്‍ വാര്‍ഡ് കണ്ടെയിന്മെന്റ്സോണ് ആയതുകൊണ്ടു തന്നെ തൊണ്ടുതല്ലു യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ വരികയും വീടുകളില്‍ പോലും തൊഴില്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയും സംജാതമായി.
തൊഴില്‍ ചെയ്യാന്‍ കഴിയാതെ വീടുകളില്‍ കഴിയുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്കാന് സര്‍ക്കാര്‍ തയ്യാറാകണം. അതോടൊപ്പം ഭക്ഷ്യധാന്യങ്ങളും സൗജന്യ റേഷനും കൊടുക്കാനുള്ള നടപടിയും ഉണ്ടാകണം. വെള്ളാര്വാര്ഡിനെ കണ്ടെയിന്മെന്റ് സോണില്‍നിന്നും ഒഴിവാക്കി കയര്‍ പിരിപുന:രാരംഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നും പനത്തുറബൈജു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: