ഉത്സവാന്തരീക്ഷത്തിലായിരുന്നു അയോധ്യയിലെ 1992ലെ രണ്ടാം കര്‍സേവ. സംസ്ഥാന രാഷ്ട്രീയ അന്തരീക്ഷത്തില്‍ വന്ന മാറ്റം പ്രകടമായിരുന്നു. കല്യാണ്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ബിജെപി മന്ത്രിസഭ യുപിയില്‍ അധികാരത്തിലെത്തി. കര്‍സേവകര്‍ക്കു മേല്‍ പോലീസിന്റെ നരനായാട്ട് ഇക്കുറി ഉണ്ടായില്ല.
കേരളത്തില്‍ നിന്ന് അഞ്ഞൂറ് പേരടങ്ങുന്ന സംഘമാണ് പോയത്. സി.പി. ജനാര്ദ്ദനന്, സി.എച്ച്. രമേശ് എന്നീ മുതിര്‍ന്ന കാര്യകര്‍ത്താക്കളും സംഘത്തിലുണ്ടായിരുന്നു. സരയുവിന്റെ തീരത്തുള്ള ഒരാശ്രമത്തിലായിരുന്നു കേരളത്തില്‍ നിന്നെത്തിയവര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തിയത്. പാട്ടും കളികളും തമാശയുമൊക്കെയായി ഒരു സംഘ ശിബിരത്തിന്റെ അന്തരീക്ഷം.
ഡിസംബര്‍ ആറിനാണ് കര്‍സേവ നിശ്ചയിച്ചിരുന്നത്. അതിന് തലേന്ന് താമസസ്ഥലത്ത് കര്‍സേവകരുടെ യോഗമുണ്ടായിരുന്നു. പ്രതീകാത്മക കര്‍സേവ മതിയെന്നും സരയുവില്‍ മുങ്ങി മണ്ണെടുത്ത് കര്‍സേവകര്‍ക്ക് ക്ഷേത്രഭൂമിയില്‍ നിക്ഷേപിക്കാമെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം ആ യോഗത്തില്‍ വച്ചു. കര്‍സേവകര്‍ ക്ഷുഭിതരായി. ഇതിനാണോ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഇത്രയും കഷ്ടപ്പെട്ട് ഇവിടെയെത്തിയത് എന്നായി ചിലര്‍. കേന്ദ്രത്തില്‍ അപ്പോള്‍ നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് അധികാരത്തില്‍. റാവുവിന്റെ തന്ത്രത്തില്‍ വീഴരുതെന്നും യഥാര്‍ത്ഥ കര്‍സേവ നടക്കണമെന്നുമൊക്കെ പലരും അഭിപ്രായപ്പെട്ടു. ഒരു കാര്യം ഉറപ്പാണ്, തര്‍ക്ക മന്ദിരം പൊളിച്ചു നീക്കണമെന്ന് അന്നാരും കരുതിയിരുന്നില്ല. അത് തികച്ചും യാദൃച്ഛികമായി സംഭവിച്ചതാണ്.
ഡിസംബര്‍ ആറിന് രാവിലെ കര്‍സേവകരെക്കൊണ്ട് അയോധ്യ നിറഞ്ഞു. രണ്ട് വര്‍ഷം മുന്‍പുണ്ടായിരുന്ന സംഘര്‍ഷാന്തരീക്ഷമില്ല. എങ്ങും ഉത്സവ പ്രതീതി. വലിയ ഒരു സമ്മേളനം നടക്കാന്‍ പോകുന്നെന്ന് തോന്നുമാറ് ക്ഷേത്രഭൂമിക്ക് സമീപം വേദി തയാറാക്കിയിരുന്നു. അധികം വൈകാതെ വേദിയില്‍ പ്രസംഗങ്ങളാരംഭിച്ചു. സംന്യാസിമാരും വിശ്വഹിന്ദു പരിഷത് നേതാക്കളുമാണ് പ്രസംഗിക്കുന്നത്. തര്‍ക്കമന്ദിരത്തോട് ചേര്‍ന്നുള്ള രണ്ടരയേക്കര്‍ സ്ഥലം വൃത്തിയാക്കി ഒരു മൈതാനം പോലെ സജ്ജമാക്കിയിരുന്നു. ആയിരക്കണക്കിന് കര്‍സേവകരാണ് അവിടേക്ക് എത്തിക്കൊണ്ടിരുന്നത്. തര്‍ക്കമന്ദിരത്തിന് സമീപത്തേക്ക് ആരെയും കടത്തി വിട്ടിരുന്നില്ല. വേലി കെട്ടി പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ആളുകള്‍ അവിടേക്ക് കടക്കാന്‍ ശ്രമിച്ചു. ആവേശം ദൃശ്യമായിരുന്നു. പോലീസുകാര്‍ പോലും രാമനാമം ജപിച്ചുകൊണ്ടേയിരുന്നു. പത്തുമണി കഴിഞ്ഞതോടെ സുരക്ഷാ വേലികള്‍ തകര്‍ത്ത് കര്‍സേവകര്‍ അകത്തു കയറി. വേദിയില്‍ നിന്ന് ആ സമയം അവരെ തടഞ്ഞുകൊണ്ട് അനൗണ്‍സ്മെന്റുകള്‍ വന്നുകൊണ്ടിരുന്നു. പക്ഷേ അതൊന്നും അവരെ പിന്തിരിപ്പിക്കുന്നുണ്ടായിരുന്നില്ല. കര്‍സേവകര്‍ പിന്‍വാങ്ങണമെന്ന് ആവര്‍ത്തിച്ച് നിര്‍ദ്ദേശിച്ചിട്ടും ഫലമുണ്ടായില്ല. പതിനൊന്ന് മണിയോടെ തര്‍ക്കമന്ദിരത്തിന്റെ ആദ്യ മകുടം നിലം പൊത്തി. പൊടിപടലങ്ങള്‍ അന്തരീക്ഷമാകെ നിറഞ്ഞു. അരമണിക്കൂറിനകം രണ്ടാമത്തെ മകുടവും തുടര്‍ന്ന് അവസാന മകുടവും നിലംപൊത്തി.
ഇതിനിടെ അതിനകത്തുണ്ടായിരുന്ന രാംലല്ലയുടെ വിഗ്രഹം ആരോ എടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കെട്ടിടം തകര്‍ന്നതോടെ ആചാര്യന്മാരും മുതിര്‍ന്ന നേതാക്കളും അതേ വേദിയില്‍ കൂടിയാലോചിച്ചു. രാംലല്ലയുടെ പൂജ മുടങ്ങരുത്. ഉടന്‍ താത്കാലിക ക്ഷേത്രം നിര്‍മ്മിക്കണമെന്ന് തീരുമാനമായി. വേദിയില്‍ നിന്ന് തന്നെ നിര്‍ദ്ദേശം കൊടുത്തു. കെട്ടിട നിര്‍മ്മാണ ജോലികള്‍ അറിയാവുന്നവര്‍ തയാറാകണം. താത്കാലിക ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടേ നാമിവിടെ നിന്ന് മടങ്ങാവൂ. അനേകം പേര് തയാറായി മുന്നോട്ടു വന്നു. നിമിഷങ്ങള്‍ക്കകം സിമന്റ്, മണല്‍ മറ്റ് അവശ്യ വസ്തുക്കളെല്ലാമെത്തി. മൂന്ന് മണിയായപ്പോഴേക്കും താത്കാലിക ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. വിഗ്രഹം പ്രതിഷ്ഠിച്ചു. സിആര്‍പിഎഫ് പോലീസുകാര്‍ ഉള്‍പ്പെടെ നിര്‍മ്മാണ ശ്രമങ്ങളില്‍ പങ്കാളികളായി. തുടര്‍ന്ന് എല്ലാവര്ക്കും താമസ സ്ഥലത്തേക്ക് മടങ്ങാനുള്ള നിര്‍ദ്ദേശം ലഭിച്ചു.
പിറ്റേന്ന് രാവിലെ ബാഗെല്ലാമെടുത്ത് തയാറായി. മടങ്ങാനുള്ള നിര്‍ദ്ദേശം വന്നതോടെ ഫൈസാബാദ് റയില്‍വേ സ്റ്റേഷനിലേക്ക് പോയി. അവിടെ കൗണ്ടറുകളില്ല. ടിക്കറ്റ് വിതരണവുമില്ല. നിരവധി ട്രെയിനുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെടാനായി തയാറായിക്കിടക്കുന്നു. റെയില്‍വേ സ്റ്റേഷനില്‍ അനൗണ്‍സ്മെന്റുകള്‍ വന്നുകൊണ്ടിരുന്നു. ടിക്കറ്റ് ആവശ്യമില്ല. നിങ്ങളുടെ പ്രദേശത്തേക്കുള്ള ആദ്യ ട്രെയിനില്‍ കയറി മടങ്ങുക. അയോധ്യയില്‍ നിന്ന് ആളുകളെ എത്രയും വേഗം ഒഴിപ്പിക്കാനായിരുന്നു ഇത്.
ഇതിനിടയില്‍ കേരളത്തില്‍ നിന്നുപോയവരില്‍ പാലക്കാടുകാരനായ ഷണ്മുഖന് എന്ന കര്സേവകന് ചെറിയ അപകടം പറ്റി. കര്സേവക്കിടയില് തകര്‍ക്കപ്പെട്ട മകുടങ്ങളിലൊന്നില്‍ കയറിയ ഷണ്മുഖന് കാലുതെറ്റി വീണു. നട്ടെല്ലിന് പരിക്ക് പറ്റി. നടക്കാന്‍ വയ്യ. അദ്ദേഹത്തെ സ്ട്രക്ചറിലാക്കി എടുത്തുകൊണ്ടാണ് ഞങ്ങളുടെ മടക്കം. രണ്ട് ദിവസത്തെ ട്രെയിന്‍ യാത്രക്ക് ശേഷം കേരളത്തില്‍ തിരിച്ചെത്തി. കര്‍സേവകര്‍ക്ക് റെയില്വേസ്റ്റേഷനുകളില് വലിയ സ്വീകരണമായിരുന്നു. സംഘടനാ നിര്‍ദ്ദേശമനുസരിച്ച് ഭക്ഷണപ്പൊതികളും വിതരണം ചെയ്യുന്നുണ്ടായിരുന്നു.
കേരളത്തില്‍ ഞങ്ങള്‍ വണ്ടിയിറങ്ങുമ്പോഴേക്ക് പലതും സംഭവിച്ചിരുന്നു. യുപി മുഖ്യമന്ത്രി കല്യാണ്‍സിംഗ് രാജി വച്ചു. മറ്റ് സംസ്ഥാനങ്ങളിലെ ബിജെപി മന്ത്രിസഭകള്‍ പിരിച്ചുവിട്ടു. ആര്‍എസ്എസിനെയും വിശ്വഹിന്ദു പരിഷത്തിനേയും നിരോധിച്ചു. രാജ്യത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനവികാരത്തെ കരിനിയമം കൊണ്ട് നേരിടാന്‍ ശ്രമിച്ചു. അതിന്റെ അനന്തര ഫലമെന്തെന്ന് കാലം തെളിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: