ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ പതിനായിരങ്ങളുടെ ജീവൻ കവർന്നതാരാണ്? ലക്ഷകണക്കിനാളുകളുടെ ജീവൻ കൈകുമ്പിളിലിട്ടു ഇപ്പോഴും അമ്മാനമാടുന്നതാരാണ്? ലോകരാഷ്ട്രങ്ങളെ ഉദ്യോഗത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുന്നതാരാണ്? ലോകം മുഴുവൻ നിമിഷം കൊണ്ടു ചുട്ടു ഭസ്മമാക്കാൻ ശക്തിയുള്ള മാരകായുധങ്ങൾ കരുതിവച്ചിരിക്കുന്ന ലോക രാഷ്ട്രങ്ങൾ തങ്ങളുടെ സർവ ബുദ്ധിയും സമ്പത്തും ഉപയോഗിച്ചു കണ്ടെത്തുവാൻ ശ്രമിച്ചിട്ടും ഇതുവരെ ഒരു തരുമ്പു പോലും കണ്ടെത്തുവാൻ കഴിയാത്തതാരെയാണ്? മൂന്നോ നാലോ ഇഞ്ചു വലിപ്പമുള്ള മുഖവരണം ധരിച്ചു പ്രതിരോധിക്കാൻ ശ്രമിക്കുന്നതാരെയാണ്? വേണ്ടിവന്നാൽ ഒളിച്ചിരിക്കുന്ന സങ്കേതത്തിൽ കയറി മനുഷ്യനെ കൂട്ടികൊണ്ടുവരാൻ കഴിയുമെന്നു പലവട്ടം തെളിയിച്ചതാരാണ് ?അവനാണ് ഞാൻ ! . എന്റെ പേരാണ് കൊറോണ വൈറസ് .
ഇപ്പോൾ എവിടെയാണ് നിങ്ങളുടെ വിശ്വാസം? എവിടെയാണ് നിങ്ങളുടെ ആരാധന? എവിടെയാണ് നിങ്ങളുടെ രോഗശാന്തി? എല്ലാം ഒരു വൈറസ് എന്നു നിങ്ങൾ പേര് വിളിക്കുന്ന ഞാൻ തൽകാലത്തെങ്കിലും ചുരുട്ടികെട്ടിയില്ലേ? എന്തായിരുന്നു നിങ്ങളുടെ വിശ്വാസം? കടുകുമണിയോളം വിശ്വാസം ഉണ്ടെങ്കിൽ ഈ മലയോടു കടലിലേക്ക് നീങ്ങിപോകുവാൻ ആവ്യശ്യപെട്ടാൽ അത് നീങ്ങി പോകേണ്ടതല്ലേ? എങ്ങനെയായിരുന്നു നിങ്ങളുടെ ആരാധന? പരിസരബോധം മറന്നു “ആത്മാവിലും സത്യത്തിലും” നിങ്ങൾ ആരാധിച്ചിരുന്നുവല്ലോ ,രോഗശാന്തിക്കായി വീൽ ചെയറിൽ വന്നവൻ ചെയറും ഉയർത്തി പിടിച്ചാണല്ലോ പുറത്തേക്കു പോയിരുന്നത് .എവിടെയാണവരിപ്പോൾ ?
മണിയടി മുഴങ്ങുമ്പോൾ പള്ളിയിൽ വരാത്തവരുടെ തലയിൽ ഇടിത്തീ വീഴുമെന്നും വരാത്തവർ കടക്കാരായി മാറുമെന്നും ഘോരംഘോരം പ്രസംഗിച്ചവർ എവിടെപോയി? ഞാൻ ശരിക്കൊന്നു കയറി മേഞ്ഞപ്പോൾ ഇരുന്നിരുന്ന സ്ഥാനങ്ങൾ ഉപേക്ഷിച്ചു ഇവരെല്ലാം വാലും ചുരുട്ടികെട്ടി കിട്ടാവുന്ന വേഗത്തിൽ സ്ഥലം വിട്ടില്ലേ? പള്ളിയിൽ വന്നിരുന്നു മൊബൈലിൽ കളിച്ചാൽ നീയൊക്കെ ഗുണം പിടിക്കുമോ എന്നു ചോദിച്ച പള്ളി പ്രമാണിമാരെവിടെയാണിപ്പോൾ? അവരെ ഞാൻ വീട്ടിലിരുത്തി ഇരുപത്തിനാലുമണിക്കൂറും മൊബൈലിലും സോഷ്യൽ മീഡിയയിലും കളിപ്പിക്കുകയല്ലേയിപ്പോൾ?
ശദ്രക്കിനെയും മെശകിനെയും അബെദനഹൊവെയും തീയിൽ നിന്നും ഒരു പോറൽ പോലും ഏൽപ്പിക്കാതെ സംരക്ഷിക്കാൻ കഴിയുന്ന, ഡാനിയേലിന്റെ മുൻപിൽ വിശന്നു വലയുന്ന സിംഹത്തിന്റെ വായ അടച്ച, ലീയാവിന്റെ ബലിപീഠത്തിൽ ആകാശത്തു നിന്നും തീയിറക്കി യാഗവസ്തുക്കൾ ദഹിപ്പിച്ച ദൈവം, നിനക്കെതിരെ കയറിവരുന്ന ഏതൊരു ശത്രുവിനെയും തകർക്കുവാൻ മതിയായവനെന്നു നിങ്ങളെ പഠിപ്പിച്ച ആത്മീയ ആചാര്യർ ഞാനൊന്ന് കണ്ണുരുട്ടിയപ്പോൾ മാളങ്ങളിൽ ഒളിച്ചില്ലേ?
65 വയസിനു മുകളിൽ പ്രായമുള്ളവർ കുറെ കാലങ്ങളായി ദേവായയങ്ങളിൽ വന്നിരുന്നു കാട്ടിക്കൂട്ടിയ പ്രവർത്തികൾ,പറഞ്ഞു കൂട്ടിയ വങ്കത്തരങ്ങൾ ആവർത്തിക്കരുതെന്നും ഇനിയൊരക്ഷരം മിണ്ടിപ്പോകരുതെന്നും ഞാൻ പറഞ്ഞപ്പോൾ വായയും മൂടിക്കെട്ടി എന്നെ അനുസരിച്ചു മൗനം ആചരികുകയാണല്ലെയിപ്പോൾ? ഇത്തരക്കാരുടെ വായ ഒന്നല്ല രണ്ടു മാസ്കുകൾ കൊണ്ടു ഞാൻ അടപ്പിച്ചില്ലേ?പരസ്പരം കണ്ടാൽ പള്ളിക്കകത്താണെങ്കിലും പുറത്താണെങ്കിലും ജുദാസിനെപ്പോലെ വാരിപുണരാൻ കൊതിച്ചിരുന്നവരെ ആറടി അകലം മാറ്റിനിർത്തിയത് ഞാനല്ലേ? ഷേക്ക് ഹാൻഡും കയ്യസൂരിയും നൽകി കപട സ്നേഹം പ്രദര്ശിപ്പിച്ചിരുന്നവരുടെ കയ്യിൽ ഞാനല്ലേ ഇനി പരസ്പരം തൊട്ടുകൂടാതവണ്ണം ഗ്ലൗസ് അണിയിപ്പിച്ചത്?
കോടികൾ മുടക്കി പണിതുയർത്തിയ ദേവാലയങ്ങളെ ഞാനല്ലേ തത്കാലമെങ്കിലും നോക്കുകുത്തികളാക്കി മാറ്റിയിരിക്കുന്നതു? ദൈവവചനം ഭയഭക്തിയോടെയും, ശ്രദ്ധയോടും കേൾക്കണം എന്നു പറഞ്ഞിരുന്നവരെ ലിവിങ് റൂമിൽ ടീവിയിലൂടെയും സൂമിലൂടെയും വചനം അശ്രദ്ധമായി കേൾകുകായും അതേ സമയം വീട്ടിലെ മറ്റു പണികൾ ചെയ്യുന്നതിന് അവസരം ഒരുക്കിത്തന്നത് ഞാനല്ലേ? ഇനിയുമെന്തിനാണ് പള്ളിയും പട്ടക്കാരനുമെന്നു വിശ്വാസികളെകൊണ്ടും മതനേതാക്കളെകൊണ്ടും പറയിപ്പിച്ചത് ഞാനല്ലേ ?
സംസ്കാരച്ചടങ്ങുകളിൽ മുഖസ്തുതി പറയുന്നവരെയും വീഡിയോയുടെ മുൻപിൽ നിന്നും ദുഃഖഭാവം പ്രകടിപ്പിക്കുന്നവരെയും ഡ്രൈവ് ത്രുവിലൂടെ നിയന്ത്രിച്ചതും ഞാനല്ലേ? നിങ്ങൾ എന്നെ ഇത്ര മാത്രം ബഹുമാനിക്കുന്നതോ ഭയക്കുന്നതോ എന്താണ് അടിസ്ഥാന കാരണം? മരണഭയമാണോ അതോ ജീവനിലുള്ള കൊതിയാണോ, ജനിക്കുമ്പോൾ തന്നെ നിന്റെ മരണദിനവും, ഏതു വിധം മരിക്കുമെന്നും തീരുമാനിച്ചതിനെ സംശയിക്കാൻ അവസരം ഒരുക്കിയത് ഞാനല്ലേ? ജനിച്ചാൽ ഒരിക്കൽ മരിക്കും എന്നു വിശ്വസിക്കുന്നവർ അത് എന്നിലൂടെ ആയിരിക്കുമെന്നാണ് തലവരയെങ്കിൽ നിങ്ങൾ ഇതുവരെ പാലിച്ചു, വിശ്വസിച്ചു വന്നതൊക്കെ എന്തിന് ഉപേക്ഷിക്കണം.
ഗവണ്മെന്റ് ആരാധിക്കരുതെന്നു ഉത്തരവിട്ടാൽ അതനുസരിക്കണം എന്നു ഉപദേശിക്കുന്നവർ നഗ്ന നേത്രങ്ങൾക്കുപോലും ദ്രശ്യമല്ലാത്ത എന്ന ഭയപ്പെടുന്നത് ജീവനിലുള്ള കൊതിയല്ലേ? എന്റെ ദൗത്യം നിറവേറ്റിക്കഴിയുമ്പോൾ മാളത്തിലൊളിച്ച നിങ്ങൾ പുറത്തുവന്നു എന്തു പറയാനാണ് ഉദ്ദേശിക്കുന്നത്? എന്തെല്ലാം വീരവാദമാണ് നിങ്ങൾ മുഴക്കാനിരിക്കുന്നതു? മതി നിങ്ങളുടെ വിശ്വാസവും ആരാധനയും എങ്ങനെയാണെന്നും, എന്തിനുവേണ്ടിയായിരുന്നുവെന്നും ഞാൻ വ്യക്തമായി മനസിലാക്കി കഴിഞ്ഞു.
ഒരുപക്ഷെ ഞാൻ പ്രത്യക്ഷപ്പെട്ടത് ഏതോ ഒരു രാജ്യത്തിൽ നിന്നാണെന്നു നിങ്ങൾ കരുതിയേക്കാം. എങ്കിൽ നിങ്ങൾക്കു തെറ്റുപറ്റി. ഒരു രഹസ്യം ഞാൻ വെളിപെടുത്താം എന്നെ ഇങ്ങോട്ടു അയച്ചത് ഒരു പ്രത്യേക വ്യക്തിയാണ്. ആവ്യക്തിയിൽ നിങ്ങൾ എത്രമാത്രം വിശ്വസിക്കുന്നു എന്നു പരിശോധിക്കുകയാണ് ലക്ഷ്യം. പക്ഷെ പരീക്ഷയിൽ നിങ്ങൾ വിജയിച്ചില്ല എന്ന് എനിക്കു സാക്ഷ്യം പറയേണ്ടിവരും. അയച്ചവനിലേക്കു നോക്കുന്നതിനുപകരം ഭീരുക്കളെപോലെ നിങ്ങൾ ഓടിയൊളിക്കുകയാണ് ചെയ്തത്. ഇനിയെങ്കിലും എന്നെക്കുറിച്ചുള്ള ഭയമെല്ലാം മാറ്റിവെച്ചു ആത്മാർത്ഥതയോടെ, പരസ്പരം സ്നേഹിച്ചും, ആദരിച്ചും എന്നെ അയച്ചവങ്കലേക്കു കണ്ണുകളുയർത്തി മുൻപോട്ടു പോകുന്നതലേ ഉചിതം? ഇപ്പോൾ ഞാൻ സാവകാശം പിൻവലിയുകയാണ്, ഇനി മറ്റൊരു രൂപത്തിലും ഭാവത്തിലും എനിക്കു പുറത്തുവരുന്നതിനുള്ള സാഹചര്യവും ഉണ്ടാകരുതേ എന്ന അഭ്യർത്ഥനയോടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: