തിരുവനന്തപുരം: പതിനാല് വര്‍ഷത്തെ കാനനവാസവും രാവണ നിഗ്രഹവും നടത്തി അയോധ്യയില്‍ മടങ്ങിയെത്തിയ ശ്രീരാമന് അന്ന് രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം നല്കിയ ഊഷ്മളമായ വരവേല്‍പ്പ് അനുസ്മരിക്കുന്നതാവണം അഞ്ചിന് ഭൂമി പൂജയോടനുബന്ധിച്ചുള്ള ആലോഷമെന്നു വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് ബി.ആര്. ബലരാമന്. 500 വര്‍ഷക്കാലത്തെ കാത്തിരിപ്പിന്റെയും പ്രാര്‍ത്ഥനയുടെയും പ്രക്ഷോഭത്തിന്റെയും നിയമയുദ്ധത്തിന്റെയും സഹനത്തിന്റെയും വിജയമാണിത്.
വീടുകളും ക്ഷേത്രങ്ങളും അലങ്കരിച്ച് വീടുകളില്‍ സന്ധ്യക്ക് ശ്രീരാമ ജ്യോതി തെളിച്ച് നമ്മുടെ നാടും ഈ പുണ്യദിനത്തിന്റെ ഭാഗമാവണം. വീടുകളില്‍ കാവി ധ്വജം ഉയര്‍ത്തി, ദീപാലംകൃതമാക്കണം. രാവിലെ 9.30നു തന്നെ പൂജാമുറികളില്‍ ഭദ്രദീപം തെളിച്ചു മര്യാദാപുരുഷോത്തമനായ ഭഗവാന് പുഷ്പവൃഷ്ടിയും താരക മന്ത്രമായ ‘ശ്രീരാമ ജയ രാമ ജയ ജയരാമ’ 108 തവണ ജപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭൂമിപൂജയും ശിലാന്യാസ ചടങ്ങുകളും പൂര്‍ണമാകുന്ന ഉച്ചയ്ക്ക് 12.05 വരെ നാമജപവും രാമായണ പാരായണവും നടത്തണം. സൂര്യാസ്തമനത്തിനു ശേഷം വീടുകള്‍, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍, ക്ഷേത്രങ്ങള്‍, ആശ്രമങ്ങള്‍, മഠങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മഹാപ്രസാദ വിതരണവും ദീപാലങ്കാരങ്ങളും നടത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അയോധ്യയിലെ ക്ഷേത്ര പുനര്‍നിര്‍മാണം ഭാരതത്തിനു പുറത്ത് അമ്പതിലേറെ രാജ്യങ്ങളിലാണ് സമുചിതമായി ആലോഷിക്കുന്നത്. അവിടെ ജാതി-മത രാഷ്ട്രീയ ചിന്തകളുടെ വ്യത്യാസമില്ല. നാലമ്പല ദര്‍ശന കാലമായ ഈ രാമായണ മാസത്തില്‍ നടക്കുന്ന രാമക്ഷേത്ര നിര്‍മാണത്തിനായുള്ള ഭൂമിപൂജ കേരളവും മതത്തിന്റെ ചിന്തകള്‍ മറന്ന് ഒറ്റക്കെട്ടായി ആഘോഷിക്കണമെന്നും ബി.ആര്. ബലരാമന് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: