അയോധ്യ: ശ്രീരാമ ജന്മഭൂമിയില് ഉയരുന്നത് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്ഷേത്രം. നിലവിലുള്ള 70 ഏക്കര്‍ ഭൂമിക്ക് പുറമേ അമ്പതോളം ഭൂമി കൂടി ഏറ്റെടുത്താണ് ക്ഷേത്രം നിര്‍മാണം പൂര്‍ത്തിയാക്കുക. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പത്ത് വര്‍ഷമെങ്കിലും എടുക്കും. ആദ്യഘട്ടം മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും.
നഗരശൈലി വാസ്തു വിദ്യ പ്രകാരമുള്ള ക്ഷേത്രമാണ് ശ്രീരാമ ജന്മഭൂമിയില് നിര്‍മിക്കുന്നത്. അതിനായി 100 മുതല്‍ 120 ഏക്കറെങ്കിലും ഭൂമി ആവശ്യമുണ്ട്. അതുകൊണ്ടുതന്നെ കുറച്ചു സ്ഥലങ്ങള്‍ കൂടി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വൈകാതെ ഏറ്റെടുക്കും. രാമക്ഷേത്രത്തിന് നേരത്തേ വിഭാവനം ചെയ്തതിനെക്കാള്‍ ഇരട്ടിയിലധികം വലിപ്പമുണ്ടാകുമെന്ന് ക്ഷേത്രത്തിന്റെ ആദ്യമാതൃക രൂപകല്‍പ്പന ചെയ്ത 77കാരനായ വാസ്തുശില്പി ചന്ദ്രകാന്ത് സോംപുര കഴിഞ്ഞദിവസം അഹമ്മദാബാദില്‍ പറഞ്ഞിരുന്നു. രണ്ടു താഴിക കുടങ്ങളോടെ 140 അടി വീതിയും 268 അടി നീളവും 161 അടി ഉയരവുമുള്ള രണ്ടുനില ക്ഷേത്രമാണ് നേരത്തേ വിഭാവനം ചെയ്തിരുന്നത്. 1983-ല്‍ വിഎച്ച്പി നേതാവ് അശോക് സിംഗാള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ചന്ദ്രകാന്ത് സോംപുര രാമക്ഷേത്രത്തിന് രൂപരേഖ തയ്യാറാക്കിയത്.
നിലവില്‍ 401 ഏക്കറിലുള്ള കംബോഡിയയിലെ അങ്കോര്‍വാട്ട് ക്ഷേത്രമാണ് ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം. 155 ഏക്കറിലെ തമിഴ്നാട് തിരുച്ചിറപ്പള്ളി ശ്രീരംഗനാഥ ക്ഷേത്രമാണ് രണ്ടാമത്തെ വലിയ ക്ഷേത്രം. നിര്‍മാണം പൂര്‍ത്തിയായാല്‍ അയോധ്യക്ഷേത്രം ഈ പട്ടികയില്‍ മൂന്നാമതാകും.
പുതിയ ക്ഷേത്ര നിര്‍മാണത്തിനായി ക്ഷേത്രഭൂമിയില്‍ ഇപ്പോഴുള്ള ഒമ്പത് ക്ഷേത്രങ്ങള്‍ രാമക്ഷേത്രത്തിനായി പൊളിച്ചുമാറ്റും. ഇവിടത്തെ വിഗ്രഹങ്ങള്‍ ആചാരവിധി പ്രകാരം പുതിയ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കും. പുതിയ മാതൃകയില്‍ അഞ്ച് താഴികക്കുടങ്ങള്‍, മൂന്നുനിലകള്‍, 280 അടി വീതി, 300 അടി നീളം, 161 അടി ഉയരം, ഏകദേശം 84,000 ചതുരശ്രയടി വിസ്തീര്‍ണവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: