ഭാരതത്തിലെ ഉന്നത വിദ്യാഭ്യാസം വൈവിധ്യം നിറഞ്ഞതും വിഘടിതവുമാണ്. പുതിയ വിദ്യാഭ്യാസ പാഠ്യപദ്ധതി കുട്ടികളുടെ വൈജ്ഞാനിക കഴിവുകളെ വികസിപ്പിക്കുന്നു. മുഖ്യവിഷയം നിശ്ചയിച്ച് അതിന് കൂടുതല്‍ പ്രാധാന്യം കൊടുത്ത് തുടര്‍ പഠനം നടത്തുകയെന്ന ഇന്നത്തെ ബിരുദതല വിദ്യാഭ്യാസ രീതി ആരംഭഘട്ടത്തില്‍ നടത്തുന്നു. അഭിരുചിക്കനുസരിച്ച് വിഷയങ്ങളില്‍ കൂടുതല്‍ പഠനവും ഗവേഷണവും നടത്തുകയെന്ന വിവിധവിദ്യതാ പാഠ്യപദ്ധതി നടപ്പിലാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അക്കാദമിക കാര്യത്തിലും ഭരണകാര്യത്തിലും കൂടുതല്‍ നിര്‍ണയാവകാശം കൊടുക്കും. ശാസ്ത്ര, സാങ്കേതിക വിഷയങ്ങളില്‍ മാത്രമല്ല, മാനവിക, ഭാഷാ, സാംസ്കാരിക, കലാ വിഷയങ്ങളിലെല്ലാം ഗഹനമായ ഗവേഷണതിന് പ്രോല്‍സാഹനം നല്‍കാനായി ദേശീയ ഗവേഷണഫൗണ്ടേഷന് സ്ഥാപിക്കാനും തീരുമാനിച്ചു.
2040 ഓടെ നിലവിലുള്ള അഫിലിയേറ്റഡ് കോളേജുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കി പകരം 3000 അധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്വയംഭരണാവകാശ കോളേജുകളായി മാറും. സ്വകാര്യ മേഖലയിലും പ്രത്യേകിച്ച് പൊതുമേഖലയിലും അന്താരാഷ്ട്ര നിലവാരമുള്ള വിവിധവിദ്യാ സര്‍വ്വകലാശാലകള്‍ എല്ലാ സംസ്ഥാനങ്ങളിലും സ്ഥാപിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിലവിലുള്ള 26.3 ശതമാനം ഗ്രോസ് എന്റോള്‍മെന്റ് 2035 ഓടെ 50 ശതമാനത്തിലെത്തിക്കാനും ലക്ഷ്യമിടുന്നു. മൂല്യ നിര്‍ണയ ഗ്രേഡ് അനുസരിച്ച് കോളേജുകള്‍ക്ക് അക്കാദമികം, ഭരണപരം, സാമ്പത്തികം എന്നീ തലങ്ങളില്‍ സ്വയം നിര്‍ണയവകാശം നല്‍കും. ഓരോ സ്ഥാപനത്തിലും വിദൂര വിദ്യാഭ്യാസ, ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ നടത്താനുള്ള അംഗീകാരവും നല്‍കും. ‘ഡീമ്ഡ് ടുബി യൂണിവേഴ്സിറ്റി, അഫിലിയേറ്റിങ് യൂണിവേഴ്സിറ്റി, യൂണിറ്ററി യൂണിവേഴ്സിറ്റി’ എന്നീ സംജ്ഞകള്‍ ഒഴിവാക്കി പൊതുവായി ”യൂണിവേഴ്സിറ്റി” എന്നു മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
വിവിധവിദ്യതാ പഠനപദ്ധതി കുട്ടികളില്‍ അന്തര്‍ലീനമായ കഴിവുകള്‍ക്കും അഭിരുചിക്കുമനുസരിച്ച് പഠിക്കാനും പരിശീലിക്കാനും സാധിക്കും. ഒരു സമഗ്ര വിദ്യാഭ്യാസമാണ് വിവിധ വിദ്യതാ പാഠ്യപദ്ധതിയിലൂടെ ലഭിക്കുന്നത്.
ശാസ്ത്രം, ഗണിതം, മാനവീയ വിഷയങ്ങള്‍, കല, സാംസ്കാരികം, കായികം, എന്നിങ്ങനെ ഏതു വിഷയവും നിശ്ചിതമായ കോമ്പിനേഷന്‍ ഇല്ലാതെ ചേര്‍ത്തു പഠിക്കാന്‍ സാധിക്കും. അതിന്റെ വിജയകരമായ നടത്തിപ്പിന് ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ സംവിധാനവും, അക്കാദമിക് ക്രെഡിറ്റ് ബാങ്കും, അന്താരാഷ്ട്ര നിലവാരമുള്ള മള്‍ട്ടിഡിസിപ്ലിനറി ഗവേഷണ സര്‍വ്വകലാശാലകളും തുടങ്ങാന്‍ തീരുമാനിച്ചു. ഏതു ബിരുദ കോഴ്സുകളില്‍ നിന്നും ഭാഗികമായി പഠിച്ച് വിട്ടുപോകാനും പിന്നീടു തിരിച്ചുവന്ന് പഠനം പൂര്‍ത്തിയാക്കാനും അവസരം നല്കുന്നു.
വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ അന്താരാഷ്ട്ര വിദ്യാര്‍ഥി ഓഫീസുകള്‍ സ്ഥാപിക്കും. ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഭാരതത്തിലെ സ്ഥാപനങ്ങള്‍ക്ക് വിദേശത്ത് പഠന കേന്ദ്രങ്ങള്‍ തുറക്കാന്‍ അവസരമുണ്ടാക്കും. അതുപോലെ അന്താരാഷ്ട്ര റാങ്കിങ്ങില്‍ നൂറിനകത്തുവരുന്ന വിദേശ സര്‍വ്വകലാശാലകള്‍ക്ക് അവരുടെ ക്യാംപസ് ഇന്ത്യയില്‍ തുറക്കാനുള്ള അനുവാദവും നല്‍കും. ഭാരതീയര്‍ പൊതുവേ വൈവിധ്യമായ ചികിത്സാരീതികള്‍ സ്വീകരിക്കുന്നവരാണ്. അതിനാല്‍ നമ്മുടെ ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ക്കും സംയോജിത പ്രവര്‍ത്തനത്തിന്റെ ആവശ്യകതയുണ്ട്. അലോപ്പതി മെഡിസിന്റെ ശാഖകളെക്കുറിച്ചും കുട്ടികള്‍ക്ക് സാമാന്യ ജ്ഞാനം സിദ്ധിച്ചിരിക്കണം. അതിനാവശ്യമായ കരിക്കുലം വികസിപ്പിച്ചെടുക്കാനും തീരുമാനമായി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, 3-ടി മിഷിനിങ്, ബിഗ് ഡാറ്റ അനാലിസിസ്, മെഷിന് ലേര്‍ണിങ്, ബയോടെക്നോളജി, ന്യൂറോസയന്‍സ്, ഹെല്‍ത്ത്, പരിസ്ഥിതി, എന്നിവയൊക്കെ ബിരുദതല പഠന വിഷയങ്ങളാക്കിയാല്‍ ഗവേഷണ രംഗത്തും നിയമന രംഗത്തും മിടുക്കരായ കുട്ടികള്‍ ഉണ്ടായേക്കും. നാലുവര്‍ഷ സെക്കന്‍ഡറി വിദ്യാഭ്യാസം തൊഴിലധിഷ്ടിതവും അഭിരുചിക്കനുസരിച്ച് പ്രത്യേക തൊഴില്‍ പരിശീലനം നേടുന്നതുമാണ്. ”സുതാര്യം എന്നാല്‍ കര്‍ക്കശം” എന്ന തത്ത്വത്തില്‍ ഒറ്റ പരമാധികാര സ്ഥാപനത്തിന്റെ ‘ഹയര്‍ എഡ്യുക്കേഷന്‍ കമ്മീഷന് ഓഫ് ഇന്ത്യയുടെ’ കീഴിലായിരിക്കും രാജ്യത്തെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസവും.
ഇതിന്റെ തൊട്ട് കീഴിലായി ഭരണനിര്‍വ്വഹണം, അക്രഡിറ്റേഷന് ഇങ്ങനെ നാല് ദേശീയ ഉന്നതാധികാര കാര്യനിര്‍വ്വഹണ സമതികളുണ്ടാകും. ‘വൈദ്യം, നിയമം’ ഇതുരണ്ടുമൊഴികെ മറ്റെല്ലാ പ്രൊഫഷണല്‍ കൗണ്‍സിലുകളും പ്രൊഫഷണല്‍ സ്റ്റാന്‍ഡര്‍ഡ് സെറ്റിങ് ബോര്‍ഡുകളായി മാറ്റും.
ഡോ. കെ.എന്‍. മധുസൂദനന് പിള്ള
(മുന്‍ അക്കാദമിക് കണ്‍സള്‍ട്ടന്റ് NAAC)
പ്രതികരിക്കാൻ ഇവിടെ എഴുതുക: