നെടുങ്കണ്ടം: കൊറോണ പോസീറ്റിവായ അമ്മയെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് വിട്ട ശേഷം വീട്ടിലേക്ക് മടങ്ങിയ യുവാവിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. ഇന്നലെ വൈകിട്ടാണ് സംഭവം. മാരകമായ മുറിവേറ്റ ആട്ടുപാറ കുമരവിലാസം കുമരേശനെ(40) ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് കുമരേശന്‍ പറയുന്നത് ഇങ്ങനെയാണ്.
ജൂലൈ 9ന് ബന്ധു മരിച്ചതിനെ തുടര്‍ന്ന് കുമരേശനും കുടുംബവും തമിഴ്നാട്ടിലെ ചിന്നമന്നുരില് പോയിരുന്നു. മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് 2 ആഴ്ച ചിന്നമന്നൂരില്‍ താമസിച്ചു. കഴിഞ്ഞ മാസം 24ന് പാസെടുത്ത് തിരികെയെത്തി. ആട്ടുപാറയിലെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. 3 ദിവസം മുമ്പ് കുമരേശന്റെ അമ്മ (65) വയസുകാരിക്ക് പനിയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടു. പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. വീട് വരെ ആംബുലന്‍സ് എത്തില്ല. ഇക്കാരണത്താല്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന കുമരേശനോട് സ്വന്തം വാഹനത്തില്‍ ആംബുലന്‍സ് എത്തുന്ന സ്ഥലം വരെ എത്തിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി.
കുമരേശന്‍ സ്വന്തം വാഹനത്തില്‍ അമ്മയെ വാഹനത്തില്‍ കയറ്റി ആംബുലന്‍സ് കിടക്കുന്ന സ്ഥലത്ത് എത്തിച്ചു. തിരികെ മടങ്ങി വീട്ടിലെത്തിയപ്പോഴാണ് നീ തമിഴ്നാട്ടില്‍ നിന്ന് കൊറോണ കൊണ്ട് വന്ന് പുറത്തിറങ്ങി നടന്ന് ഞങ്ങളെ കൊല്ലുമല്ലേടാ എന്ന് ആക്രോശിച്ച് കൊണ്ട് ആക്രമിച്ചത്. തലക്കും പുറത്തും കൈയ്യുടെ മസിലിനും കല്ലിനിടിയേറ്റു.
വാഹനത്തില്‍ നിന്ന് വലിച്ച് പുറത്തിറക്കിയാണ് മര്‍ദിച്ചത്. വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചെങ്കിലും ക്വാറന്റൈനില്‍ കഴിയുന്നതിനാല്‍ പുറത്തിറങ്ങിയാല്‍ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞതായും കുമരേശന്‍ പറയുന്നു. കുമരേശന്റെ ആരോഗ്യ നില മോശമായതോടെ രാത്രി ആരോഗ്യ വകുപ്പ് ആംബുലന്‍സ് എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: