ഭൂലോക വൈകുണ്ഠമായ ഗുരുവായൂരില്‍ തലയുയര്‍ത്തി നില്ക്കുന്ന മനോഹരമായ ക്ഷേത്രം. അഞ്ച് പതിറ്റാണ്ടുകള്‍ക്കപ്പുറത്ത് ആരോരും നോക്കാനില്ലാതെ കാടും പടലും പിടിച്ച് അനാഥമായി കിടന്നിരുന്നു ആ പ്രദേശം. ശ്രീകോവിലോ, ഗോപുരമോ, അനുബന്ധമായ മറ്റൊന്നും അന്നുണ്ടായിരുന്നില്ല. വിഷമം തോന്നിയ ചില ഭക്തര്‍ ക്ഷേത്രത്തെ പുനരുദ്ധരിക്കാന്‍ രംഗത്തുവന്നു. 1970ല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 1973ല്‍ വ്യവസ്ഥാപിതമായ ഭരണകാര്യങ്ങള്‍ക്കായി 1956ലെ ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം ‘പാര്‍ത്ഥസാരഥി ഭരണ സംഘം’ രജിസ്റ്റര്‍ ചെയ്തു. അഡ്വ. എന്‍. ദാമോദരമേനോന്‍ പ്രസിഡന്റായ ഈ സമിതിയില്‍ ഗുരുവായൂരിലെ ഒട്ടേറെ പ്രമുഖര്‍ ഉണ്ടായിരുന്നു. ക്ഷേത്ര കാര്യങ്ങള്‍ പുരോഗമിച്ചതോടെ അന്തരീക്ഷം മാറി. ഭക്തജനങ്ങള്‍ വരാന്‍ തുടങ്ങി. ക്ഷേത്രത്തിന്റെ രൂപവും ഭാവവുമൊക്കെ മാറി. സാമൂഹ്യവും, ധാര്‍മികവുമായ കാര്യങ്ങള്‍ ക്ഷേത്രം കേന്ദ്രീകരിച്ച് നടക്കാന്‍ തുടങ്ങി. വിറളി പൂണ്ട ക്ഷേത്ര വിരുദ്ധര്‍ക്ക് ഹാലിളക്കവും ആരംഭിച്ചു.
അവര്‍ ഒരു പരാതി സമര്‍പ്പിച്ചു. ഇതിനെ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയാറാക്കി. പാര്‍ത്ഥസാരഥി ഭരണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ടും, അവരുടെ ഭരണത്തില്‍ യാതൊരു ക്രമക്കേടുമില്ലെന്ന് കണ്ടെത്തിക്കൊണ്ടുമായിരുന്നു റിപ്പോര്‍ട്ട്. ഇത് പ്രകാരം 2012 ഫെബ്രുവരി 27ന് മലബാര്‍ ദേവസ്വം ബോര്‍ഡ് പാര്‍ത്ഥസാരഥി ഭരണ സംഘത്തിന് ഭരണം തുടരാന്‍ അനുവാദം കൊടുത്തു.
ഇത് ഭരണ സംഘത്തിന് ലഭിച്ച വലിയ അംഗീകാരം തന്നെയായിരുന്നു. പക്ഷേ പ്രാദേശിക കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന്റെ ഒത്താശയോടെ, ഒരു വിഭാഗം ക്ഷേത്ര ജീവനക്കാരെ വശത്താക്കി ദേവസ്വം കമ്മിഷണര്‍ക്ക് വീണ്ടും പരാതി കൊടുത്തു. ഇതിന്റെ തുടര്‍ നടപടിയെന്നോണം പാര്‍ത്ഥസാരഥി ക്ഷേത്ര ഭരണത്തിന് ഒരു സ്കീം ഉണ്ടാക്കാന്‍ ഉത്തരവിട്ടു. ഭരണ സംഘം സ്വാഭാവികമായും ചാവക്കാട് കോടതിയില്‍ ഇതിനെതിരെ കേസ് ഫയല്‍ ചെയ്തു.
ഉമ്മന്‍ ചാണ്ടി ഭരിക്കുന്ന കാലം. എന്തായാലും ഇതിന്റെ മറ്റ് തുടര്‍ നടപടികള്‍ ഉണ്ടായില്ല. പിന്നീട് ഇടതു സര്‍ക്കാര്‍ അധികാരത്തിലേറി. അവരുടെ ലക്ഷ്യം തന്നെ ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കുക എന്നതാണല്ലോ. 2016ല്‍ വീണ്ടും ഈ സ്കീമിന് ജീവന് വച്ചു. ഭരണ സംഘം ചാവക്കാട് കോടതിയില്‍ വീണ്ടും കേസ് കൊടുത്തു. ഹൈക്കോടതിയിലും, സുപ്രീം കോടതിയിലും കേസ് എത്തി. ഈ കേസുകളെല്ലാം നിലനില്‍ക്കെ തന്നെ 2017 ഏപ്രില്‍ 25ന് ഗസറ്റ് നോട്ടിഫിക്കേഷന്‍ ഇറക്കി. ഏപ്രില്‍ 26ന് ക്ഷേത്രം കയേറി. നിലവിലെ ഭരണ സമിതിയുമായി യാതൊരു ചര്‍ച്ചയും ചെയ്യാതെ, സാമാന്യമായ യാതൊരു മര്യാദയോ, മാനദണ്ഡങ്ങളോ പാലിക്കാതെ ഭക്തരെ വെല്ലുവിളിച്ചുകൊണ്ട് നടത്തിയ നീക്കം. പൂട്ടുകള്‍ തല്ലി പൊളിച്ച്, ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന്, തിരുവാഭരണം കവര്‍ന്നെടുത്ത് കാട്ടു കള്ളന്മാരെപ്പോലെ ഭരണാധികാരികള്‍ അധികാരത്തിന്റെ ഹുങ്കുപയോഗിച്ച് നടത്തിയ തേര്‍വാഴ്ച. ഇതൊരു കയ്യേറ്റമാണെന്ന് ഹൈക്കോടതി കണ്ടെത്തി. ജസ്റ്റിസ് ചിദംബരേഷ് 2017 മെയ് 29ന് ഭരണ സംഘത്തിന് അനുകൂലമായി ഉത്തരവിട്ടു.
ക്ഷേത്രം കയ്യേറിയ സമയം മുതല്‍ പാര്‍ത്ഥസാരഥി ഭക്തര്‍ ക്ഷേത്ര വിമോചന സമരം ആരംഭിച്ചിരുന്നു. എതിരാളികള്‍ അവരുടെ ക്ഷേത്രം കൈക്കലാക്കാനുള്ള തന്ത്രങ്ങള്‍ അണിയറയില്‍ മെനയുകയും ചെയ്തു. അവര്‍ കോടതികളേയും, സമൂഹത്തേയും ഒരേ സമയം തെറ്റിദ്ധരിപ്പിച്ചു. ക്ഷേത്രം ഭരിക്കാന്‍ തയാറാക്കിയ സ്കീമുമായി ബന്ധപ്പെട്ടും, ക്ഷേത്ര കയ്യേറ്റം സംബന്ധിച്ചും രണ്ട് കേസുകള്‍ ഹൈക്കോടതിയില്‍ ഉണ്ടായിരുന്നു. ചാവക്കാട് കോടതിയില്‍ കേസുള്ളതിനാല്‍ ഇത് കീഴ് കോടതി പരിഗണിക്കട്ടെയെന്ന നിര്‍ദ്ദേശത്തോടെ ഹൈക്കോടതി 2017 സെപ്റ്റംബര്‍ 16ന് ഉത്തരവിറക്കി. പാര്‍ത്ഥസാരഥി കേസ് ഹൈക്കോടതി തള്ളിക്കളഞ്ഞെന്ന് വിമത പക്ഷക്കാര്‍ പച്ച നുണ പ്രചരിപ്പിച്ചു. ക്ഷേത്രം ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവുണ്ട് എന്ന് മുഖ്യമന്ത്രി പോലും കള്ളംപറഞ്ഞു.
ആരും കാണാത്ത ആ ‘ഹൈക്കോടതി ഉത്തരവ്’ എവിടെ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമില്ല. സെപ്തംബര്‍ 21ന് രാവിലെ 7 മണിക്ക് തൃശൂര്‍ പോലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹത്തോടെ ക്ഷേത്രം പിടിച്ചെടുക്കാന്‍ ശ്രമിച്ചു. പക്ഷെ ഭക്തരുടെ അതിശക്തമായ പ്രതിരോധത്തിന്റെ മുമ്പില്‍ പിടിച്ച് നില്ക്കാനാവാതെ പോലീസ് പിന്മാറി. തുടര്‍ന്ന് ക്ഷേത്രത്തില്‍ പൂജക്ക് തടസ്സം നേരിടുന്നെന്നും, ഭക്തര്‍ക്ക് ശാന്തമായി ആരാധിക്കാന്‍ കഴിയുന്നില്ലെന്നും വാദമുഖമുയര്‍ത്തി മലബാര്‍ ദേവസ്വം ബോര്‍ഡ് വീണ്ടും ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുത്തു. ഇതില്‍ ഗുരുവായൂര്‍ എഎസ്പിയുടെ സേവനം ലഭ്യമാക്കാന്‍ 2017 നവം. ഒന്നിന് ഹൈക്കോടതി ഉത്തരവിറക്കി. ഈ ഉത്തരവിനേയും തെറ്റിദ്ധരിപ്പിക്കുന്ന നടപടിയാണ് പിന്നീട് കണ്ടത്.
എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ അവസാനവട്ട അങ്കത്തിന് എവിടെയൊക്കെയോ ഒരുക്കങ്ങള്‍ തുടങ്ങി. നവം. ഏഴ് രാത്രിയില്‍ 400 ഓളം പോലീസുകാരെ അണിനിരത്തി ക്ഷേത്രം പിടിച്ചെടുത്തു. ക്ഷേത്രം തുറക്കാന്‍ എത്തിയ മാനേജരെ തളളി താഴെയിട്ട് താക്കോല്‍ക്കൂട്ടം പിടിച്ച് വാങ്ങി. ഭക്തര്‍ ഉറങ്ങി കിടക്കുമ്പോള്‍ ജനാധിപത്യ സര്‍ക്കാര്‍ ചെയ്ത കശാപ്പ്.
ജില്ലയില്‍ ആകമാനം പ്രതിഷേധ പ്രകടനങ്ങളും, യോഗങ്ങളും നടന്നു. നവം. 10ന് മാര്ഗ്ഗദര്ശകമണ്ഡലിന്റെ ജനറല്‍ സെക്രട്ടറി സംപൂജ്യ ആത്മസ്വരൂപാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ സന്യാസിമാരുടെ ഒരു സംഗമം ഗുരുവായൂരില്‍ നടന്നു. അവിശ്വാസി സര്‍ക്കാരിന്റെ വിശ്വാസികളോടുള്ള വെല്ലുവിളിയെ സന്യാസി സമൂഹം അപലപിച്ചു. നവംബര്‍ 15ന് ഹിന്ദു നേതൃസമ്മേളനം ചേര്‍ന്ന് എത്രയും വേഗം പാര്‍ത്ഥസാരഥി ക്ഷേത്രം ഭക്തന്മാര്ക്ക് വിട്ടുകൊടുക്കണം എന്ന് പ്രമേയം പാസാക്കി. തളിക്ഷേത്ര പുനരുദ്ധാരണത്തെ തുടര്‍ന്ന് നടന്നു വരുന്ന ആരാധനാ സ്വാതന്ത്യദിനത്തിന്റെ ഭാഗമായി നവംബര്‍ 25ന് വിപുലമായ ഭക്തജന കണ്വന്ഷന് ഗുരുവായൂര്‍ ടൗണ്‍ ഹാളില്‍ ചേര്‍ന്നു. നൂറ് കണക്കിന് ക്ഷേത്ര വിശ്വാസികള്‍ പങ്കെടുത്തു. സംപൂജ്യനായ പുരുഷോത്തമാനന്ദ സരസ്വതി സ്വാമി ചെയര്‍മാനായി ‘പാര്‍ത്ഥസാരഥി ക്ഷേത്ര വിമോചന സമിതി’ നിലവില്‍ വന്നു. പാര്‍ത്ഥസാരഥി ക്ഷേത്രം വിമോചിപ്പിക്കും വരെ ഈ ധര്‍മ്മസമരം തുടരുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ ആയിരം ദിനരാത്രങ്ങളായി സമരം തുടരുന്നു.
സമരത്തെ അടിച്ചമര്‍ത്താന്‍ ഭരണാധികാരികള്‍ പല പരിശ്രമങ്ങളും നടത്തി. സമാധാനപരമായി നടക്കുന്ന നാമജപത്തിനെതിരെ പോലീസ് നൂറില്‍ കൂടുതല്‍ കേസുകള്‍ എടുത്തു. ആയിരം ദിവസമായി തുടരുന്ന സമരത്തില്‍ നിന്ന് പക്ഷേ ഭക്തര്‍ പിന്മാറിയില്ല. അവഹേളനങ്ങളില് പതറിയില്ല. കപടതകളില്‍ വീണില്ല. കാറ്റും, മഴയും, വെയിലും, മഞ്ഞും, പേമാരിയും, ഇടിവെട്ടും, പ്രളയവും, മഹാമാരികളുമൊന്നും നാമജപത്തിന് തടസ്സമായില്ല. വിജയം നേടുന്നത് വരെ ഈ സമരം തുടരാനാണ് ഭക്തരുടെ തീരുമാനം. ഇന്ന് നടക്കുന്ന വെര്‍ച്വല്‍ റാലിയില്‍ കുമ്മനം രാജശേഖരന് കെ.പി. ശശികല ടീച്ചര്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: