കോഴിക്കോട്: ജില്ലയിലെ സ്വകാര്യ ബസ്സുകളില്‍ ഒരു വിഭാഗം സര്‍വ്വീസ് നിര്‍ത്തിവെച്ചതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ലോക്ഡൗണിനുശേഷം സര്‍വ്വീസ് നടത്തുന്ന ബസ്സുകളുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു. എന്നാല്‍ ഈ ബസ്സുകളില്‍ ഒരു വിഭാഗം തന്നെ ഓട്ടം നിര്‍ത്തിയതാണ് യാത്രക്കാര്‍ക്ക് ദുരിതമായത്.
ജില്ലയിലെ 80 ശതമാനം ബസുടമകളും സര്‍വീസ് നിര്‍ത്തിവച്ചിട്ടുണ്ട്. ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ കീഴിലുള്ള സ്വകാര്യ ബസുകള്‍ ഒന്നും ഇന്നലെ സര്‍വീസ് നടത്തിയില്ല. ഉടന്‍ സര്‍വീസ് നടത്താനുള്ള സാഹചര്യം നിലവിലില്ലെന്ന് അസോസിയേഷന് പ്രതിനിധികള്‍ അറിയിച്ചു. നികുതി അടയ്ക്കുന്നത് നീട്ടിയതുകൊണ്ട് കാര്യമില്ലെന്നും നികുതി അടയ്ക്കാനുള്ള പ്രാപ്തി ഇല്ലെന്നുമാണ് ഇന്നലെ ഗതാഗത വകുപ്പ് മന്ത്രിയെ കണ്ട ബസ്സുടമകള്‍ അറിയിച്ചത്.
കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ കീഴിലെ ബസുകള്‍ സര്‍വീസ് നടത്തി. ബാലുശ്ശേരി, ഉള്ള്യേരി, അത്തോളി തുടങ്ങിയ’ഭാഗങ്ങളിലേക്കുള്ള ഇരുപതോളം ബസുകളാണ് സര്‍വീസ് നടത്തിയത്. ആകെ 1800 സ്വകാര്യബസുകളാണ് ജില്ലയിലുള്ളത്. ലോക്ക്ഡൗണിന് ശേഷം 300 ഓളം ബസുകളായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. ഇപ്പോള്‍ അതും നിലച്ചു.
ബസുകള്‍ താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള അപേക്ഷ ബസ്സുടമകള്‍ മോട്ടോര്‍ വാഹനവകുപ്പിന് നല്‍കിയിരുന്നു. കനത്ത നഷ്ടം സഹിച്ച് സര്‍വീസ് തുടരാന്‍ കഴിയില്ലെന്നാണ് ബസ്സുടമകള്‍ പറയുന്നത്. ആവശ്യത്തിന് യാത്രക്കാരില്ലാതെ സര്‍വ്വീസ് നടത്തുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. തുച്ഛമായ കളക്ഷന്‍ മാത്രമാണ് ലഭിക്കുന്നത്. ഇടയ്ക്കിടെ കണ്ടെയിന്മെന്റ് സോണുകള്‍ മാറി വരുന്നതും പ്രതിസന്ധിയാണ്. ഒരു ട്രിപ്പില്‍ പത്ത് യാത്രക്കാരെ പോലും കിട്ടാത്ത അവസ്ഥയുണ്ട്. രാവിലെയും വൈകിട്ടും ട്രിപ്പുകളില്‍ മാത്രമേ പകുതി സീറ്റിലെങ്കിലും യാത്രക്കാരുണ്ടാവാറുള്ളൂ.
ഡീസല്‍ അടിക്കാനുള്ള കളക്ഷന്‍ പോലും ലഭിക്കുന്നില്ലെന്ന് ബസ്സുടമകള്‍ പറയുന്നു. സര്‍വീസ് നടത്തുമ്പോള്‍ മൂന്നു ജീവനക്കാരെങ്കിലും വേണം. ഇവര്‍ക്ക് കൂലി കൊടുക്കാന്‍ പോലും സാധിക്കുന്നില്ല. 30,000 രൂപ മൂന്നുമാസം കൂടുമ്പോള്‍ നികുതിയടയ്ക്കണം. 4500 രൂപ ജീവനക്കാരുടെ പ്രതിമാസ ക്ഷേമനിധിയും വിഹിതവും അടയ്ക്കണം. ദിവസവും സര്‍വീസ് നടത്തുന്ന ബസാണെങ്കില്‍ അറ്റകുറ്റപ്പണിക്ക് 15,000 രൂപയെങ്കിലും ഓരോ മാസവും വേണം. അതുകൊണ്ട് സര്‍വീസ് നടത്താതെ സ്റ്റോപ്പേജ് നല്കിയാല് നികുതിയെങ്കിലും ലാഭിക്കാമെന്നാണ് ഉടമകള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: