തിരുവനന്തപുരം: സംസ്ഥാനത്ത് ഭീകരരുടെ ശക്തമായ സാന്നിദ്ധ്യം ഉണ്ടെന്ന പോലീസ് റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി എടുത്തില്ല. യമനിലേക്ക് കുടിയേറിയവരില്‍ മലയാളികളുണ്ടെന്ന കേന്ദ്ര വിദേശ മന്ത്രാലയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കാസര്‍കോട് പോലീസ് അന്വേഷണം നടത്തിയത്. കാസര്‍കോട് ജില്ലയില്‍ നിന്ന് നിരവധി കുടുംബങ്ങള്‍ യമനിലേക്ക് കുടിയേറുന്നെന്നും ഇതിനെല്ലാം ഭീകരവാദസ്വഭാവമുണ്ടെന്നത് അന്വേഷിക്കണമെന്നുമുള്ള റിപ്പോര്‍ട്ടാണ് കാസര്‍കോട് സ്പെഷ്യല്‍ ബ്രാഞ്ച് എസ്പി നല്‍കിയത്. ഈ റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവി പിണറായി സര്‍ക്കാരിന് കൈമാറിയെങ്കിലും ഫയല്‍ പിന്നെ വെളിച്ചം കണ്ടില്ല.
ഇത്രയേറെ അടിയന്തര പ്രാധാന്യമുള്ള റിപ്പോര്‍ട്ടാണ് ഇടതു സര്‍ക്കാര്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി മറച്ച് വച്ചത്. റിപ്പോര്‍ട്ട് കൈമാറിയതിന് ശേഷവും ഭീകരവാദ സാന്നിദ്ധ്യം പലകുറി കേരളത്തില്‍ ഉണ്ടായി. കളിയിക്കാവിള എസ്ഐയുടെ കൊലപാതകം, കൊല്ലത്ത് പാക്കിസ്ഥാന് നിര്‍മ്മിത വെടിയുണ്ടകള്‍ കണ്ടെത്തിയത്, സാമൂഹിക മാധ്യമം വഴി അപ്രഖ്യാപിത ഹര്‍ത്താല്‍, സിഐഎ പ്രക്ഷോഭം, സ്വര്‍ണ്ണക്കടത്ത് തുടങ്ങി നിരവധി സംഭവ വികാസങ്ങള്‍ അരങ്ങേറുമ്പോഴും സംസ്ഥാന ആഭ്യന്തര വകുപ്പിന് ലഭിച്ച റിപ്പോര്‍ട്ട് പുറത്തുവിടാനോ മുന്‍കരുതലുകള്‍ സ്വീകരിക്കാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല.
ഭീകരവാദം സംസ്ഥാനത്ത് ശക്തിയാര്‍ജിക്കുന്നു എന്നതിന് മറ്റൊരു സ്ഥിരീകരണം ആവശ്യമില്ലെന്നിരിക്കെ കേന്ദ്രസര്‍ക്കാറിന്റെ മുന്നറിയിപ്പും പോലീസിന്റെ റിപ്പോര്‍ട്ടും സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വ്വം കണ്ടില്ലെന്ന് നടിച്ചു. ഇത് സംസ്ഥാനത്തെ സൈ്വര്യവിഹാരം നടത്താനുള്ള കേന്ദ്രമാക്കി ഭീകരര്‍ തെരഞ്ഞെടുക്കുന്നതിന് പ്രേരണയായി. യമനില്‍ പോയവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുക മാത്രമാണ് നടപടി എന്ന നിലയ്ക്ക് ആകെ ഉണ്ടായത്. കേരളത്തില്‍ ഐഎസ് സാന്നിദ്ധ്യമുണ്ടെന്നും ഇതിന്റെ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിദേശ അന്വേഷണ ഏജന്‍സികള്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഈ അവസരത്തിലാണ് 2018ല്‍ കാസര്‍കോട് എസ്പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നത്.
ഭീകരവാദത്തിനായി കാസര്‍കോട് ജില്ലയില്‍ നിന്നും യമനിലേക്ക് കുടിയേറിയവരില്‍ 10 പേരുടെ പട്ടിക റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം പട്ടികയിലെ മൂന്നു പേര് എപ്രകാരമാണ് യമനിലേക്ക് കടന്നതെന്ന വിവരമില്ല. അഞ്ചു പേര്‍ക്ക് വിദേശത്ത് താമസിക്കാനുള്ള അനുമതി രേഖകളില്ലാതെയാണ് എത്തപ്പെട്ടതെന്നതും റിപ്പോര്‍ട്ടിലെ ശ്രദ്ധേയ ഭാഗമാണ്. ഇത്തരത്തില്‍ നിയമപ്രകാരമല്ലാതെ വിദേശത്ത് എത്തിക്കുന്ന ഏജന്റുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
കേന്ദ്ര വിദേശ മന്ത്രാലയം 2017 ഒക്ടോബര്‍ 26ന് നല്കിയ അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് സ്പെഷ്യല്‍ ബ്രാഞ്ച് എസ്പി 2018 ജൂലൈ 25ന് റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറുന്നത്. 2016 മുതല്‍ സംസ്ഥാനത്ത് നിന്നും ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിനായി അഫ്ഗാനിസ്ഥാന് വഴി യമനിലേക്ക് നിരവധി പേര് എത്തപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക ആശയങ്ങള്‍ പഠിപ്പിക്കുന്നു എന്ന വ്യാജേന വിവിധ സ്ഥാപനങ്ങള്‍ ഭീകരവാദം പ്രചരിപ്പിക്കുന്നുണ്ട്.
നിലവില്‍ യമനിലേക്ക് കടന്നവര്‍ക്ക് ഇത്തരം സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 2016ല്‍ കാസര്‍കോട് ജില്ലയില്‍ തിരോധാനം സംബന്ധിച്ച ഒമ്പതു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചന്ദേര പോലീസ് സ്റ്റേഷന് പരിധിയിലെ ത്രിക്കരിപ്പൂര്, പടന്ന പ്രദേശങ്ങളില്‍ നിന്ന് മാത്രം പത്ത് പുരുഷന്മാരും നാലു സ്ത്രീകളും മൂന്നു കുട്ടികളും ഭീകരവാദപ്രവര്‍ത്തനത്തിന് യമനില്‍ പോയതായി കണ്ടെത്തി. 2018 ജൂണില്‍ സമാനസ്വഭാവത്തില്‍ രണ്ട് കുടുംബങ്ങളെ കാണാതായെന്ന പരാതിയും പോലീസിനു ലഭിച്ചു. ഇവരും ഐഎസ്സില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: