ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിപ്പാട്ട് രമേശ് ചെന്നിത്തലയെ സഹായിക്കാന്‍ സ്വന്തം ഘടകകക്ഷിയായ സിപിഐയെ പോലും ചതിച്ചത് സിപിഎം. ചെന്നിത്തലയെ ബിജെപി സഹായിച്ചു എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വെറും നുണയെന്ന് വോട്ട് കണക്കുകള്‍ വ്യക്തമാക്കുന്നു
ഹരിപ്പാട്ട് കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്കായി മത്സരിച്ചത് സിപിഐ സ്ഥാനാര്‍ത്ഥികളാണ്. രണ്ടു തവണയും സിപിഎം, സിപിഐ സ്ഥാനാര്‍ത്ഥികളെ കാലുവാരി. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായുള്ള വോട്ട് വ്യത്യാസം തുച്ഛമായിരുന്നു. ഇതില്‍ നിന്ന് തന്നെ സിപിഎം ചെന്നിത്തലയ്ക്ക് വേണ്ടി വോട്ട് മറിച്ചു എന്നത് വ്യക്തമാകും.
2011ലെ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയ്ക്ക് 67378 വോട്ടുകളാണ് ലഭിച്ചത്. സിപിഐ സ്ഥാനാര്‍ത്ഥി ജി. കൃഷ്ണപ്രസാദിന് 61858 വോട്ടുകളും ലഭിച്ചു. ചെന്നിത്തലയ്ക്ക് 5520 വോട്ടുകളുടെ ഭൂരിപക്ഷം. ബിജെപിയ്ക്ക് 3145 വോട്ടുകളാണ് ലഭിച്ചത്. 2016ല്‍ ചെന്നിത്തലയുടെ വോട്ട് 75980 ആയി വര്‍ദ്ധിച്ചു. സിപിഐ സ്ഥാനാര്‍ത്ഥി പി. പ്രസാദിന് 57359 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. അതായത് ചെന്നിത്തലയ്ക്ക് എണ്ണായിരത്തോളം വോട്ടുകള്‍ കൂടിയപ്പോള്‍, സിപിഐയുടെ വോട്ടുകള്‍ നാലായിരത്തിലേറെ കുറഞ്ഞു. ചെന്നിത്തലയുടെ ഭൂരിപക്ഷം 18621 വോട്ടുകളായി കുത്തനെ കൂടി.
ബിജെപി സ്ഥാനാര്‍ത്ഥി ഡി. അശ്വനിദേവിന് 12985 വോട്ടുകള്‍ ലഭിച്ചു. ബിജെപിക്കും, യുഡിഎഫിനും വോട്ടുകള്‍ വര്‍ദ്ധിച്ചപ്പോള്‍ ഇടതുപക്ഷത്തിന് മാത്രം വോട്ടുകള്‍ ഗണ്യമായി കുറഞ്ഞു. ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് സിപിഎം വോട്ടുകള്‍ ചെന്നിത്തലയ്ക്ക് പോയതിന്റെ ഉദാഹരണമാണിത്. ഒന്‍പതിനായിരത്തോളം വോട്ടുകള്‍ വര്‍ദ്ധിച്ച ബിജെപി ചെന്നിത്തലയെ സഹായിച്ചു എന്ന ബാലിശമായ വാദമാണ് കോടിയേരിയുടേത്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹരിപ്പാട്ട് യുഡിഎഫിന് 53159 വോട്ടുകളും, ഇടതിന് 52521 വോട്ടുകളും ലഭിച്ചു. ഇടതുപക്ഷം പിന്നിലായത് 638 വോട്ടുകള്‍ക്ക് മാത്രം. സിപിഐ മത്സരിക്കുമ്പോള്‍ ആയിരക്കണക്കിന് വോട്ടുകള്‍ പിന്നിലാകുന്ന മണ്ഡലത്തിലാണ് സിപിഎം സ്ഥാനാര്ര്ത്ഥി മത്സരിച്ചപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെ. എസ്. രാധാകൃഷ്ണന് 25,061 വോട്ടുകള്‍ ലഭിച്ചു. 2011 മുതല്‍ ഓരോ തെരഞ്ഞെടുപ്പിലും ഗണ്യമായി വോട്ടുകള്‍ വര്‍ദ്ധിക്കുന്ന മുന്നണി എന്‍ഡിഎ മാത്രമാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. സിപിഎമ്മിന്റെ വഞ്ചനയ്ക്കെതിരെ തെരഞ്ഞെടുപ്പിന് ശേഷം സിപിഐ നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: