കുന്നത്തൂര്‍: കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആധുനിക രീതിയില്‍ നവീകരിക്കുന്ന ചക്കുവള്ളി-മലനട റോഡ് നിര്‍മാണത്തില്‍ അപാകത ഏറുന്നതായി നാട്ടുകാരുടെ പരാതി.
പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിന്റെ മുന്‍വശത്തുകൂടി കടന്നുപോകുന്ന റോഡിന്റെ ഒരുവശം രണ്ടടി താഴ്ചയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനായി ടാറിംഗ് ഉള്‍പ്പെടെ ഇളക്കി മാറ്റിയിട്ട് ദിവസങ്ങളായി. നൂറുമീറ്ററോളം ദൂരമുളള ഇവിടെ കുത്തനെയുള്ള വളവായ ഭാഗത്ത് രാത്രി കാലങ്ങളില്‍ സഞ്ചരിക്കുന്ന സ്ത്രീകളടക്കമുള്ള ഇരുചക്രവാഹനയാത്രക്കാര് അപകടത്തില്‍പ്പെടുന്നത് പതിവാകുകയാണ്.
ഇടയ്ക്കാട് ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനയാത്രക്കാരാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. റോഡിന്റെ ഈ ഭാഗങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കരാറുകാര്‍ തയ്യാറാകുന്നില്ല. റോഡ് നിര്‍മാണത്തില്‍ രണ്ട് ഘട്ടങ്ങളിലായി മെറ്റലിംഗ് നടത്തി റോളര്‍ ഉപയോഗിച്ച് ഉറപ്പിക്കണമെന്നിരിക്കെ മെറ്റിലിംഗ് നടത്തി ഉറപ്പിക്കുന്ന ഭാഗങ്ങള്‍ ഇളകി കിടക്കുന്ന അവസ്ഥയിലാണ്. റോഡിന്റെ മെറ്റിലിംഗ് നടന്ന് ദിവസങ്ങള്‍ക്കകമാണ് ഇത് സംഭവിച്ചിരിക്കുന്നത്. റോഡ് നിര്‍മാണത്തില്‍ രണ്ട് പാളികളായി മെറ്റലിംഗ് നടത്തണമെന്ന് എസ്റ്റിമേറ്റില്‍ പറയുന്നുണ്ടെങ്കിലും പ്രാവര്ത്തിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പത്തുമീറ്റര്‍ വീതിയിലാണ് നിര്‍മാണം നടത്തേണ്ടത്. എന്നാല്‍ പല ഭാഗങ്ങളിലും റോഡിന്റെ വീതി കൂട്ടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. റോഡിലേക്ക് നില്ക്കുന്ന വൈദ്യുതിതൂണുകളും നീക്കം ചെയ്യാനുള്ള നടപടി നാളിതുവരെ ആരംഭിച്ചിട്ടില്ല. പൊതുമരാമത്ത് വകുപ്പ് പ്രകാരം റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനഘട്ടങ്ങളില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിക്കുന്നില്ലെന്നും പരാതിയുണ്ട്. റോഡ് നിര്മാണസമയങ്ങളില് തകര്‍ന്ന വാട്ടര്‍ അതോറിറ്റിയുടെ കണ്ക്ഷന് നന്നാക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. കിഫ്ബി പദ്ധിതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: