1975 ജൂണ്‍ 25 അര്‍ദ്ധരാത്രി ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതോടൊപ്പം ജനാധിപത്യ സ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, പത്ര സ്വാതന്ത്ര്യം തുടങ്ങിയ എല്ലാവിധ സ്വാതന്ത്ര്യങ്ങളും എടുത്തുകളഞ്ഞ് ആര്‍എസ്എസ്, ഭാരതീയ ജനസംഘം തുടങ്ങിയ ദേശീയ പ്രസ്ഥാനങ്ങളുടെ നേതാക്കളെ മുഴുവന്‍ കല്‍ത്തുറുങ്കിലടച്ചു. അതിനായി മിസ, ഡിഐആര്‍ എന്നീ കരിനിയമങ്ങള്‍ ഉണ്ടാക്കി.
രാഷ്ട്രീയ സ്വയംസേവക സംഘത്തിനും ജനസംഘത്തിനും ഈ സാഹചര്യം എങ്ങനെ നേരിടണമെന്ന് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആരൊക്കെ ഒളിവില്‍ പ്രവര്‍ത്തിക്കണമെന്ന തീരുമാനം എടുത്തു.
ദേശീയ സംഘടനകളുടെ കേന്ദ്ര നേതൃത്വം കൂടിയാലോചനകള്‍ നടത്തി ജനകീയ സമരംകൊണ്ട് അടിയന്തരാവസ്ഥയെ നേരിടാന്‍ തീരുമാനിച്ചു. ലോകനായക് ജയപ്രകാശ് നാരായണന് നാനാജി ദേശ്മുഖം എന്നീ ദേശീയ നേതാക്കളുടെ നേതൃത്വത്തില്‍ സമാന ചിന്താഗതിക്കാരായ രാഷ്ട്രീയ നേതാക്കളെ കൂട്ടിച്ചേര്‍ത്തു. ‘ലോക സംഘര്‍ഷ സമിതി’ എന്ന സമര സംഘടന രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. ഇതിലേക്ക് രാജ്യത്തെ ചിന്തകന്മാര്, സാഹിത്യകാരന്മാര്, പത്രപ്രവര്‍ത്തകര്‍ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും ഉള്‍പ്പെടുത്തി.
1975 ജൂണ്‍ 25 നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 1975 നവംബര്‍ 14 മുതല്‍ 1976 ജനുവരി 14 വരെയുള്ള രണ്ടു മാസക്കാലം ഭാരതത്തിലെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ഗാന്ധിയന്‍ രീതിയിലുള്ള സത്യഗ്രഹസമരം നടത്തുവാന്‍ തീരുമാനിച്ചു. നവംബര്‍ 14 നു തന്നെ ശക്തമായ സമരപരിപാടികള്‍ ആരംഭിച്ചു.
ലോക സംഘര്‍ഷ സമിതിയുടെ തീരുമാനം അനുസരിച്ച് കേരളത്തിലും ശക്തമായ സമരങ്ങള്‍ ആരംഭിച്ചു. സമരത്തില്‍ കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, മരപ്പണിക്കാര്‍, കൂലിപ്പണിക്കാര്‍, മത്സ്യത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, ആദിവാസികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്, അര്‍ദ്ധ സര്‍ക്കാര്‍, ബാങ്ക് ഉദ്യോഗസ്ഥന്മാര്, സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍, ഫാക്ടറി തൊഴിലാളികള്‍ എന്നിങ്ങനെ ചുരുക്കിപ്പറഞ്ഞാല്‍ ആദിവാസി കുറിച്യര്‍ വിഭാഗത്തിലെ അണ്ണന് മുതല്‍ മണ്ണാറശാല വാസുദേവന്‍ നമ്പൂതിരിവരെയുള്ള കേരള സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഈ സമരത്തില്‍ ഭാഗഭാക്കായി.
ഇതിനൊക്കെ പുറമെ ഒളിവിലും തെളിവിലുമായി നിരവധി ആര്‍എസ്എസ് പ്രചാരകന്മാരും പ്രവര്‍ത്തകരും സജീവമായിരുന്നു. മാത്രമല്ല ഒളിവില്‍ താമസിപ്പിക്കുവാനും, പോലീസില്‍ നിന്ന് സംരക്ഷിക്കുന്നതിനും വേണ്ടി നിരവധി അമ്മമാരും സഹോദരന്മാരും ജീവന് പണയം വച്ചും ഈ സമരത്തില്‍ പങ്കാളികളായി എന്നതും എടുത്തുപറയേണ്ടതാണ്.
ഇതിനൊക്കെ കേരളത്തില്‍ പ്രചോദനം നല്‍കിയത് രാഷ്ട്രീയ സ്വയംസേവക സംഘവും നേതൃത്വം വഹിച്ചത് പ്രാന്തപ്രചാരക് ആയിരുന്ന സ്വര്‍ഗീയ ഭാസ്കര്‍റാവുജിയും ആണ്. നമ്മുടെ കൂട്ടായ പ്രവര്‍ത്തനത്തിന് ഫലം കണ്ടു. 21 മാസങ്ങള്‍ക്കുശേഷം അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ടു.
അന്നു സംസ്ഥാനത്ത് ആഭ്യന്തര മന്ത്രിയായിരുന്ന കെ. കരുണാകരന് പോലീസുദ്യോഗസ്ഥര്‍ക്ക് കൊടുത്ത നിര്‍ദ്ദേശം ഈ അടിയന്തരാവസ്ഥയോടെ കേരളത്തില്‍ നിന്ന് ആര്‍എസ്എസ് എന്ന പ്രസ്ഥാനത്തെ തുടച്ചുനീക്കണം എന്നായിരുന്നു. അതിന്റെ ഫലമായി സമരസേനാനികള്‍ക്ക് ക്രൂരമായ പോലീസ് മര്‍ദ്ദനം ഏല്ക്കേണ്ടിവന്നു. പതിനെട്ടോളം വ്യത്യസ്ത മര്‍ദ്ദനമുറകളാണ് പ്രക്ഷോഭകരുടെ മേല്‍ പോലീസ് പ്രയോഗിച്ചത്. 15-16 ദിവസം വരെ തുള്ളി വെള്ളം പോലും കൊടുക്കാതെ ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചു. മരിക്കും എന്ന ഘട്ടം വന്നപ്പോഴാണ് ചിലരെ പാതിരാത്രിയില്‍ ജീപ്പില്‍ നിന്നിറക്കാതെ മജിസ്ട്രേറ്റിനു മുന്പില് ഹാജരാക്കി റിമാന്റ് ചെയ്തത്.
അന്നത്തെ കാളരാത്രികള്‍ 45 വര്‍ഷം പിന്നിട്ടിരിക്കുന്നു. അടിയന്തരാവസ്ഥാ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരും പിടിക്കപ്പെട്ടവരുമായ സമരസേനാനികള്‍ ഇന്ന് 65 നും 85 നും ഇടയ്ക്ക് പ്രായമുള്ളവരായി. അന്നത്തെ പോലീസ് മര്‍ദ്ദനത്തിന്റെ ദുരിതങ്ങള്‍ പലരിലും പല മാറാരോഗങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. ആയിരത്തില്‍ പരം പേര് മരിച്ചുകഴിഞ്ഞു. മാസത്തില്‍ ശരാശരി മൂന്നു പേര് വീതം മരിച്ചുകൊണ്ടിരിക്കുന്നു. നിരവധി പേര് മാറാരോഗികളായി മരിച്ചു ജീവിക്കുന്നു.
ഒരു സമരസേനാനിപോലും എന്തെങ്കിലും പ്രതീക്ഷിച്ചുകൊണ്ടല്ല ഈ സമരത്തില്‍ പങ്കെടുത്തത്. എന്നാല്‍ ഇന്ന് എല്ലാവരും അവഗണന മാത്രം ഏറ്റുവാങ്ങി ജീവിക്കുന്നു. ഓരോരുത്തര്‍ക്കും പ്രതിമാസം 4000 മുതല്‍ 6000 രൂപവരെ ചികിത്സയ്ക്കായി ചെലവഴിക്കേണ്ടി വരുന്നുണ്ട്. സംഘത്തിന്റെ ഭാഗത്തു നിന്ന് ചില കിടപ്പു രോഗികള്‍ക്ക് ചികിത്സാസഹായം കൊടുക്കുന്നുണ്ട്. ചില നല്ല മനസ്സുകളും കിടപ്പു രോഗികളെ സഹായിക്കുന്നുണ്ട്.
മലബാര്‍ മാപ്പിള ലഹള, പുന്നപ്ര വയലാര്‍, കയ്യൂര്‍, കരിവള്ളൂര്‍, മൊറാഴ തുടങ്ങിയ സമരങ്ങള്‍പോലും സ്വാതന്ത്ര്യ സമരത്തിന്റെ പട്ടികയില്‍പ്പെടുത്തി പെന്‍ഷനും മറ്റാനുകൂല്യങ്ങളും കൊടുക്കുന്ന നമ്മുടെ നാട്ടില്‍ അടിയന്തരാവസ്ഥയ്ക്കെതിരെ നടത്തിയ പ്രക്ഷോഭം രണ്ടാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കണം. മരിച്ചുപോയ സമരസേനാനികളുടെ കുടുംബങ്ങളെ സംരക്ഷിക്കണം. ഈ സമരത്തില്‍ ഒളിവിലും തെളിവിലുമായി പ്രവര്‍ത്തിച്ചവര്‍ക്ക് ചികിത്സാ സഹായം നല്‍കണം. ഈ ചരിത്ര സമരം സ്കൂള്‍ തലം മുതല്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം എന്നീ ആവശ്യങ്ങള്‍ 2015 മുതല്‍ അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
മലബാറിലെ ഹിന്ദു സമൂഹത്തെ കൂട്ടക്കൊല ചെയ്ത മാപ്പിള ലഹളയെ കാര്‍ഷിക സമരവും സ്വാതന്ത്ര്യസമരവുമാക്കി മഹത്വവല്‍ക്കരിച്ചു. അതിന്റെ 100-ാം വാര്‍ഷികം ആഘോഷിക്കുവാന്‍ കോപ്പുകൂട്ടുന്ന ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും സംരക്ഷിക്കുന്നതിനു വേണ്ടി നടത്തിയ ഐതിഹാസികമായ അടിയന്തരാവസ്ഥാ വിരുദ്ധ പ്രക്ഷോഭത്തിന്റെ തിളക്കം നഷ്ടപ്പെടാതെ നിലനിര്‍ത്തേണ്ടത് ഓരോ ദേശസ്നേഹിയുടെയും കടമയാണ്.
ആര്. മോഹനന്
(അസോസിയേഷന് ഓഫ് എമര്‍ജന്‍സി വിക്ടിംസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: