കൊല്ലം: ചന്ദനത്തിരി കച്ചവടത്തിന്റെ മറവില്‍ കഞ്ചാവു വിറ്റ ആള് പിടിയില്‍. എഴുകോണ്‍ കൊട്ടേകുന്നം മേരിഭവനത്തില്‍ സ്റ്റീഫന്‍ ഫെര്‍ണാണ്ടസിനെ(41)യാണ് രണ്ട് കിലോ കഞ്ചാവുമായി കൊല്ലം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സിഐ ഐ. നൗഷാദും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
കൊല്ലം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ രാത്രികാല പട്രോളിങ്ങിനിടെയാണ് ഇയാള്‍ പിടിയിലായത്. പുലര്‍ച്ചെ ഒരു മണിയോടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട പ്രതിയെ എക്സൈസ് സംഘം ചോദ്യം ചെയ്യതപ്പോള്‍ തമിഴ് നാട്ടില്‍ നിന്നും ചന്ദനത്തിരി, പുല്‍ത്തൈലം എന്നിവ കൊണ്ടുവന്നു കച്ചവടം നടത്തുന്നയാളാണെന്നു പറഞ്ഞ് ഉദ്യോഗസ്ഥരെ കബളിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പരിശോധനയ്ക്കിടെ ബാഗില്‍ ഒളിപ്പിച്ചുവച്ചിരുന്ന കഞ്ചാവ് പിടികൂടുകയാണുണ്ടായത്. മുമ്പ് കഞ്ചാവ് കടത്തിയ കേസ്സില്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍ രണ്ടുമാസം മുമ്പാണ് ജയിലില്‍ നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. തമിഴ്നാട്ടില്‍ നിന്ന് വന്‍ തോതില്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്നു ഭാര്യയുമായി ചേര്‍ന്ന് വില്‍ക്കുകയായിരുന്നു സ്റ്റീഫന്റെ രീതി.
ഒന്നരവര്‍ഷം മുമ്പ് സ്റ്റീഫന്‍ കഞ്ചാവ് കേസില്‍പ്പെട്ട് ജയിലിലായപ്പോള്‍ ഒറ്റയ്ക്ക് കഞ്ചാവ് കച്ചവടം ആരംഭിച്ച സ്റ്റീഫന്റെ ഭാര്യ അഞ്ചുകിലോ കഞ്ചാവുമായി കരുനാഗപ്പള്ളി എക്സൈസിന്റെ പിടിയിലായതിനെ തുടര്‍ന്ന് ഇപ്പോഴും ജയിലിലാണ്. ഭാര്യയെ ജയിലില്‍ നിന്ന് ജാമ്യത്തില്‍ ഇറക്കാനുള്ള ശ്രമം നടന്നുവരവെയാണ് സ്റ്റീഫന്‍ വീണ്ടും പിടിയിലാകുന്നത്. യുവാക്കളാണ് പ്രധാന ഉപഭോക്താക്കള്‍. സ്കൂള്‍, കോളേജ് തലത്തിലുള്ള കുട്ടികളും അതില്‍ ഉള്‍പ്പെടും. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. പരിശോധനയില്‍ എക്സൈസ് ഇന്‍്പെക്ടര്‍ ടി. രാജീവ്, പിഒ ശ്യാം കുമാര്‍ സിവില്‍ എക്സൈസ് ഓഫീസറമാരായ നഹാസ് ക്രിസ്റ്റി, ഗോപകുമാര്‍, ശരത്, വിഷ്ണു എന്നിവര്‍ പങ്കെടുത്തു. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സിഐ ഐ. നൗഷാദിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ഈ മാസം വിവിധ കേസുകളിലായി 6 കിലോയോളം കഞ്ചാവ് കണ്ടെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: