കോട്ടയം : പ്രതിഷേധം ശക്തമായതോടെ ചിറ്റാറില്‍ യുവാവ് മരിച്ച സംഭവത്തില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. മരിച്ച മത്തായിയെ അറസ്റ്റ് ചെയ്ത എട്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
കേസില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള സിസിഎഫിന്റെ നടപടി. റേഞ്ച് ഓഫീസര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ രാജേഷ് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ.കെ പ്രദീപ് കുമാര്‍, ബീറ്റ് ഓഫീസര്‍മാരായ എന്‍. സന്തോഷ്, ടി. അനില്‍ കുമാര്‍, ലക്ഷ്മി തുടങ്ങിയ എട്ട് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. ജില്ലകളിലെ വിവിധ ഓഫീസുകളിലേക്കാണ് നിലവില്‍ മാറ്റിയിരിക്കുന്നത്.
സംഭവത്തില്‍ മരിച്ച മത്തായിയുടെ കുടുംബത്തിന്റേയും നാട്ടുകാരുടേയും ഭാഗത്തുനിന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. നീതി ലഭിച്ചില്ലെങ്കില്‍ മൃതദേഹം സംസ്ക്കരിക്കില്ലെന്നും ആത്മഹത്യ ചെയ്യുമെന്നും മത്തായിയുടെ ഭാര്യയും ശനിയാഴ്ച പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണ വിധേയരായ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി എടുത്തത്.
ചൊവ്വാഴ്ച വൈകീട്ട് നാലു മണിക്കാണ് മത്തായിയെ വനപാലകര്‍ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തത്. കുടപ്പനയില്‍ വന്യമൃഗസാന്നിധ്യം അറിയുന്നതിനായി വനംവകുപ്പ് സ്ഥാപിച്ച ക്യാമറ മത്തായി തകര്‍ത്തെന്നും ഫാമിലെ മാലിന്യം വനത്തില്‍ തള്ളുന്നെന്നും ആരോപിച്ചായിരുന്നു നടപടി. അതിനുശേഷം കുടപ്പനയിലെ കുടുംബവീട്ടിലെ കിണറ്റിനുള്ളില്‍ മത്തായിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
്കസ്റ്റഡിയില്‍ ഉള്ളയാളുടെ സുരക്ഷ ഉറപ്പുവരുത്തിയില്ലെന്നും അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നും മത്തായിയുടെ കുടുംബവും ആരോപിച്ചു. ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിലായിരുന്നു അവര്‍.
മത്തായിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: