തൃശൂര്‍: മഴ ശക്തമാകുന്നതോടെ തൃശൂര്‍ നഗരം വെള്ളക്കെട്ടിലാകുമ്പോഴും പരസ്പരം ചെളിവാരിയെറിഞ്ഞ് കോര്‍പ്പറേഷനില്‍ ഭരണപക്ഷ-പ്രതിപക്ഷാംഗങ്ങള്‍. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ സ്വരാജ് റൗണ്ടും ഇക്കണ്ടവാര്യര്‍ റോഡും വെള്ളത്തില്‍ മുങ്ങിയിരുന്നു. നഗരത്തിലെ നിലവിലുള്ള അഴുക്ക്ചാലുകളുടെ സ്ഥിതി പരിതാപകരമാണ്.
മിക്കയിടത്തും അഴുക്ക്ചാലുകള്‍ ചെളിയും മണ്ണും നിറഞ്ഞ് വെള്ളം ഒഴുകിപോകാത്ത നിലയിലാണ്. പലയിടത്തും അഴുക്ക്ചാലുകള്‍ അടച്ച് സ്വകാര്യ വ്യക്തികള്‍ കയ്യേറിയിട്ടുമുണ്ട്. ഇതാണ് നഗരത്തിലെ മിക്ക റോഡുകളിലും വെള്ളക്കെട്ട് ഉണ്ടാകാന്‍ കാരണമാകുന്നത്.
പ്രധാന റോഡുകളിലെ അഴുക്കുചാലുകളിലെ മണ്ണും ചെളിയും നീക്കി വെള്ളം ഒഴുകിപോകാനുള്ള സാഹചര്യമൊരുക്കണമെന്നാണ് കോര്പ്പറേഷന് നിവാസികളുടെ ആവശ്യം. വെള്ളക്കെട്ടുണ്ടാകുന്നത് ഡിവിഷന് കൗണ്‍സിലര്‍മാരുടെ അനാസ്ഥ മൂലമാണെന്നാണ് മേയര്‍ അജിതാ ജയരാജന് ആരോപിക്കുന്നത്. പ്രളയ സാധ്യത നിലനില്‍ക്കുന്നതിനാല്‍ അഴുക്കുചാലുകള്‍ വെള്ളം ഒഴുകിപോകാവുന്ന സ്ഥിതിയിലാക്കണമെന്ന് കോര്പ്പറേഷന് നേരത്തെ നല്കിയ നിര്‍ദ്ദേശം പാലിക്കപ്പെടാത്തതാണ് സ്ഥിതി വഷളാക്കിയതെന്നാണ് മേയറുടെ ഭാഷ്യം.
അതേസമയം വെള്ളക്കെട്ട് പരിഹാരത്തിന് കൈകൊണ്ട നടപടികള്‍ ഫലപ്രദമല്ലെന്ന് കോര്പ്പറേഷന് പ്രതിപക്ഷ നേതാവ് രാജന് ജെ.പല്ലന് ആരോപിക്കുന്നു. തോടുകളില്‍ നിന്നു ചണ്ടിയും തടസങ്ങളും മാത്രമേ കോര്‍്പ്പറേഷന്റെ നേതൃത്വത്തില്‍ മാറ്റിയിട്ടുള്ളൂവെന്നും ഫലപ്രദമായ നടപടികള്‍ ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മൂടിപോയ കാനകള്‍ പുന:സ്ഥാപിക്കുകയും ആവശ്യമുള്ളിടങ്ങളില്‍ പുതിയ ജലനിര്‍ഗമ സംവിധാനങ്ങള്‍ ഉണ്ടാക്കേണ്ടതുമാണ്. ശക്തന് നഗറില്‍ കോര്പ്പറേഷന് നടത്തിയ കോണ്‍ക്രീറ്റ് കട്ട വിരിക്കല്‍ പാഴ്വേലയാണന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസമുണ്ടായ വെള്ളക്കെട്ട്. അതേസമയം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളായ ചെമ്പൂക്കാവ്, മൈലിപ്പാടം, കുണ്ടുവാറ മേഖലകളില്‍ കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ വെള്ളക്കെട്ടുണ്ടായില്ല. നഗരത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ പോലും വെള്ളം കയറിയപ്പോഴും ഈ ഭാഗങ്ങളില്‍ പ്രശ്നമുണ്ടായില്ല.
മഴക്കാലം തുടങ്ങുന്നതിന് മുമ്പ് ഈ പ്രദേശത്തെ കാനകള്‍ ശുചീകരിച്ചിരുന്നു. ഇതിനു പുറമേ ഏനാമാവ് വളയംകെട്ട് ബണ്ട് പൊളിച്ചു നീക്കുകയും ഏനാമാവ് റെഗുലേറ്ററിന്റെ ഷട്ടറുകള്‍ തുറക്കുയും ചെയ്തതാണ് ഈ ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങാതിരിക്കാനുള്ള പ്രധാന കാരണം. ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം ചെളി വാരിയെറിഞ്ഞ് വാക്പോര് തുടരുമ്പോള്‍ ഇനി ഒരു പ്രളയമുണ്ടാകുന്നതിന് മുമ്പേ അഴുക്കുചാലുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നടപടികള്‍ എത്രയും പെട്ടെന്ന് കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്നുമുണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: