തൃശൂര്‍: കൊറോണ പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യത മൂലം സ്വകാര്യ ബസുകള്‍ നാളെ മുതല്‍ സര്‍വീസ് നിര്‍ത്തി വെക്കും. ജില്ലയില്‍ സര്‍വീസ് നടത്തുന്ന 1500 ബസുകളില്‍ 90 ശതമാനവും നാളെ നിരത്തിലിറങ്ങില്ല.
ബസ് ഓടാത്ത കാലത്തെ നികുതി ഒഴിവാക്കാന്‍ ജില്ലാ മോട്ടോര്‍ വാഹന വകുപ്പിന് ബസ് ഉടമകള്‍ ജി-ഫോം നല്കി. ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നതോടെ പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാരുടെ യാത്രാപ്രശ്നം രൂക്ഷമാകും. ജില്ലയില്‍ 5000ഓളം ബസ് ജീവനക്കാരുണ്ട്. സ്വകാര്യ ബസുകള്‍ നിരത്തൊഴിയുന്നതോടെ ഇവരുടെ ജോലി നഷ്ടപ്പെടും.
യാത്രാനിരക്ക് ക്രമീകരിച്ചിട്ടും പിടിച്ചു നില്ക്കാന് കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബസ് ഉടമകള്‍ ജി-ഫോം നല്‍കുന്നത്. മാസത്തില്‍ ഒരു ദിവസം ഓടിയാലും റോഡ് ടാക്സ് അടക്കണം. പ്രതിമാസം 10,000 രൂപയോളം റോഡ് ടാക്സ് ഇനത്തില്‍ അടക്കേണ്ടി വരാറുണ്ട്. ഇതൊഴിവാക്കാനാണ് നാളെ മുതല്‍ രണ്ടു മാസത്തേക്ക് ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് അറിയിച്ച് ബസ് ഉടമകള്‍ ഇന്നലെ തന്നെ ജി-ഫോം നല്‍കിയത്. സെപ്തംബര്‍ വരെയാണ് ജി-ഫോമിന്റെ കാലാവധി.
ബസില്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ ദൈനംദിന കാര്യങ്ങള്‍ക്കുള്ള വരുമാനം പോലും ലഭിക്കുന്നില്ല. റോഡ് ടാക്സ് നല്‍കുന്നതിലൂടെയുണ്ടാകുന്ന നഷ്ടം സഹിക്കുന്നതിനേക്കാള്‍ നല്ലത് 400 രൂപ അടച്ച് ജി-ഫോം നല്‍കുകയാണെന്ന് ബസ് ഉടമകള്‍ പറയുന്നു. ഇതിനു പുറമേ ഡീസല്‍, സ്പെയര്‍ പാര്‍ട്സ്, ടയര്‍ എന്നിവയുടെ വിലയില്‍ വര്‍ദ്ധനവ് ഉണ്ടായി. ഇന്‍ഷൂറന്‍സ് തുകയിലും വര്‍ദ്ധനവുണ്ടായത് ബസ് വ്യവസായത്തെ പ്രതിസന്ധിയിലാക്കി. കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ ബസുകളില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു.
പല ഉടമകളും ബസ് ഫ്രീയായി ജീവനക്കാര്‍ക്ക് ഓടിക്കാന്‍ വിട്ടു നല്‍കിയിരിക്കുകയാണ്. എന്നിട്ടും ഡീസല്‍ അടിക്കാനും ജീവനക്കാര്‍ക്ക് കൂലി നല്‍കാനുമുള്ള വരുമാനം ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ബസ് കയറ്റിയിടുക മാത്രമേ വഴിയുള്ളൂവെന്ന് ഉടമകള്‍ ചൂണ്ടിക്കാട്ടി. ഡീസല്‍ നികുതിയില്‍ ഇളവ് വരുത്തിയും റോഡ് നികുതിയും ക്ഷേമനിധിയും തത്കാലത്തേക്ക് ഒഴിവാക്കിയും ബസ് വ്യവസായ മേഖലയെ പിടിച്ചുനിര്‍ത്തണമെന്നാണ് ഉടമകളുടെ ആവശ്യം. റോഡ് ടാക്സ് ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് അപേക്ഷിച്ചിട്ടും തീരുമാനമുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: