തൃശൂര്‍: ഭീമകൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത ഹാനി ബാബുവിന്റെ കേരളത്തിലെ വേരുകള്‍ തേടി എന്‍ഐഎ സംഘം. മലയാളിയായ ഹാനി ബാബു തൃശൂര്‍ സ്വദേശിയാണ്. നിരോധിത മാവോയിസ്റ്റ് ഗ്രൂപ്പിന്റെ അക്കാദമിക് സെല്‍ ചുമതലയുള്ളയാളാണ് ഹാനി ബാബുവെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കേരളത്തില്‍ രഹസ്യമായി പ്രവര്‍ത്തനം നടത്തുന്ന മാവോയിസ്റ്റ് ഗ്രൂപ്പുകളുമായി ഇയാള്‍ക്കുള്ള ബന്ധമാണ് അന്വേഷിക്കുന്നത്. തൃശൂര്‍ നഗരത്തിനടുത്ത് പൂങ്കുന്നത്താണ് ഇയാള്‍ താമസിച്ചിരുന്നത്. ഇപ്പോള്‍ ഇയാളുടെ വൃദ്ധയായ അമ്മ മാത്രമാണ് ഇവിടെയുള്ളത്. സഹോദരന് കോഴിക്കോട് ഡോക്ടറാണ്. 1986-91 കാലത്ത് തൃശൂര്‍ കേരളവര്‍മ കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്നു. അക്കാലത്ത് എസ്എഫ്ഐ അനുഭാവിയായിരുന്നുവെങ്കിലും പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നില്ല. പിന്നീടാണ് മാവോയിസ്റ്റ് സംഘങ്ങളുമായി ബന്ധപ്പെടുന്നത്. ദല്‍ഹി സര്‍വകലാശാലയില്‍ ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഹാനി ബാബു മാവോയിസ്റ്റ് സംഘടനാപ്രവര്‍ത്തനത്തിനായി കേരളത്തില്‍ പലയിടത്തും എത്തിയിരുന്നതായി സൂചനയുണ്ട്. സമൂഹമാധ്യമങ്ങളില്‍ നല്‍കിയിട്ടുള്ള പ്രൊഫൈലുകളില്‍ ഇയാള്‍ കേരള ബന്ധം ബോധപൂര്‍വം മറച്ചുവയ്ക്കുകയായിരുന്നു.
മാവോയിസ്റ്റ് സംഘങ്ങളുമായി ബന്ധപ്പെട്ട ശേഷം നാട്ടിലേക്കുള്ള വരവ് രഹസ്യമായായിരുന്നു. ഇക്കാലത്ത് ബന്ധുക്കളേയോ പഴയ സുഹൃത്തുക്കളേയോ കാണാന്‍ ശ്രമിച്ചിട്ടുമില്ല. രണ്ട് വര്‍ഷം മുന്‍പ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ സെമിനാറില്‍ പങ്കെടുക്കാന്‍ ഹാനി ബാബു എത്തിയിരുന്നു. ക്രൈസ്റ്റ് കോളേജിലെ മാവോയിസ്റ്റ് ബന്ധം സംശയിക്കുന്ന ഒരു അധ്യാപകന്റെ ക്ഷണപ്രകാരമാണ് ഹാനി ബാബു സെമിനാറിനെത്തിയത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പഠനകാലത്ത് പൊതുവെ നിശബ്ദനായിരുന്ന ഇയാള്‍ തീവ്രവാദപ്രവര്‍ത്തനത്തിന് അറസ്റ്റിലായെന്ന വാര്‍ത്ത ഇയാളുടെ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും അത്ഭുതമായി.
ഭീമ കൊറേഗാവില്‍ 22 പേരുടെ മരണത്തിനിടയാക്കിയ കലാപത്തിനു പിന്നില്‍ ഇയാളുടെ ബുദ്ധിയാണ് പ്രവര്‍ത്തിച്ചതെന്നാണ് എന്‍ഐഎക്ക് ലഭിച്ചിട്ടുള്ള വിവരം. നേരത്തെ ഇയാളുടെ കൂട്ടാളികളായ രണ്ട് പേര് പിടിയിലായിരുന്നു. പിന്നാക്ക ഹിന്ദുസമുദായത്തിനിടയില്‍ മതപരിവര്‍ത്തനത്തിന് ശ്രമം നടത്തുന്ന ചില ക്രിസ്തീയ മിഷനറി സംഘങ്ങളുമായും ഇവര്‍ ബന്ധപ്പെട്ടിരുന്നതായി സൂചനയുണ്ട്. കലാപത്തിന് പിന്നില്‍ ഇത്തരം മിഷനറി സംഘങ്ങളുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: