തിരുവനന്തപുരം: ഭീമമായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിനാണ് സ്വര്‍ണക്കടത്തിലേക്ക് തിരിഞ്ഞതെന്ന് സ്വപ്ന. കസ്റ്റംസിന് നല്കിയ മൊഴിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒയും കേസിലെ മുഖ്യപ്രതിയുമായ സരിത്തിന് വന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്വര്‍ണക്കടത്ത് നടത്താന്‍ തുടങ്ങിയതെന്നും സ്വപ്ന അറിയിച്ചു.
എന്നാല്‍ സ്വപ്നയുടെ മൊഴി കസ്റ്റംസ് സംഘം വിശ്വാസത്തില്‍ എടുത്തിട്ടില്ലെന്നാണ് സൂചന. സരിത്തിന് വന്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായി അന്വേഷണത്തില്‍ ഒന്നും കണ്ടെത്താതിരുന്നതിനെ തുടര്‍ന്നാണ് ഇത്. കൂടാതെ സരിത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കാനുള്ള കാരണം സംബന്ധിച്ച് ചോദിച്ചെങ്കിലും സ്വപ്ന ഇതിലും വ്യക്തമായ മൊഴി നല്‍കിയിട്ടില്ല.
കൂടാതെ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകണമെങ്കില്‍ സരിത്തിന് മറ്റ് തരത്തിലുള്ള ബന്ധങ്ങളോ ബിസിനസ്സോ മറ്റോ ഉണ്ടായിരിക്കണമെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം. എന്നാല്‍ സരിത്തിന് മറ്റ് ബിസിനസുകളോ സാമ്പത്തിക ഇടപാടുകളോ ഉണ്ടായിരുന്നു എന്നതിന് ഇതുവരെ അന്വേഷണ സംഘത്തിന് തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടുമില്ല.
അതേസമയം താന്‍ ജോലിഭാരത്തെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ആശ്വാസം കണ്ടെത്താനുമാണ് താന്‍ സ്വപ്നയുടെ ഫ്ളാറ്റിലെ പാര്‍ട്ടികളില്‍ പങ്കെടുത്തതെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍. എന്‍ഐഎയ്ക്ക് നല്കിയ മൊഴിയിലാണ് ഇ്ക്കാര്യം അറിയിച്ചത്. പലദിവസങ്ങളിലും ജോലി കഴിഞ്ഞ ഇറങ്ങുമ്പോള്‍ അര്‍ദ്ധരാത്രിയാകും. ഇതുകാരണമാണ് സെക്രട്ടേറിയറ്റിന് സമീപത്ത് ഫ്ളാറ്റ് എടുത്തത്. ബന്ധുവായതിനാലാണ് സെക്രട്ടേറിയറ്റിനടുത്ത് ഫ്ളാറ്റ് എടുത്തു നല്കാന് സ്വപ്നയെ സഹായിച്ചത്. ഔദ്യോഗിക ജീവിതത്തില്‍ മറ്റു സഹായങ്ങള്‍ നല്‍കിയിട്ടില്ല. സ്വര്‍ണം പിടികൂടിയ സമയത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിട്ടില്ലെന്നും ശിവശങ്കര്‍ നല്കിയ മൊഴിയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: