പത്തനംതിട്ട: ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് ക്ഷേത്രാചാര മര്യാദകള്‍ അറിയാത്തത് ക്ഷേത്ര ചൈതന്യ ലോപത്തിന് ഇടയാക്കുന്നതായി ആക്ഷേപം. ക്ഷേത്രത്തിന്റെ ഭരണ നിര്‍വഹണം നടത്തുന്ന ദേവസ്വം ബോര്‍ഡുകളാകട്ടെ ജീവനക്കാരെ ക്ഷേത്രാചാര മര്യാദകള്‍ പഠിപ്പിക്കുന്നതിന് യാതൊരു സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുമില്ല.
ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ ക്ഷേത്രത്തിനുള്ളില്‍ ജോലി ചെയ്യുന്നവര്‍ ഭക്തരുടെ ക്ഷേത്രസങ്കല്‍പ്പങ്ങളെയും വിശ്വാസങ്ങളേയും വെല്ലുവിളിക്കുന്ന തരത്തില്‍ പെരുമാറുന്നു. നാലമ്പലത്തിനുള്ളില്‍ പോലും ആചാരവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ചിലര്‍ ഏര്‍പ്പെടുന്നതായും പരാതികളുയരുന്നു. ആചാരവിശുദ്ധിയോടെ കാത്തുസൂക്ഷിക്കേണ്ട ക്ഷേത്രങ്ങള്‍ ആ വിധത്തില്‍ പരിപാലിക്കുന്നതിന് ക്ഷേത്ര ഭരണത്തിന് നേതൃത്വം കൊടുക്കുന്ന ദേവസ്വം ബോര്‍ഡുകളും ശ്രദ്ധയൂന്നുന്നില്ല.
കേവലം സര്‍ക്കാര്‍ ഓഫീസ് ജോലി പോലെയല്ല ക്ഷേത്രജീവനക്കാരുടെ ജോലി. ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ വിശ്വാസപ്രമാണങ്ങള്‍ക്ക് ഭംഗംവരുത്തുന്ന തരത്തിലുള്ള പ്രവൃത്തികള്‍ ഭക്തരെ ക്ഷേത്രങ്ങളില്‍ നിന്ന് അകറ്റും. വിശ്വസികളെ വെല്ലുവിളിക്കുന്ന തരത്തില്‍ ക്ഷേത്രസങ്കല്‍പ്പങ്ങളെ അപമാനിക്കാനും ചില ജീവനക്കാര്‍ തയാറാകുന്നു. കഴിഞ്ഞ ദിവസം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രം ഇത്തരത്തിലൊന്നാണ്. ക്ഷേത്രത്തിലെ വലിയ ബലിക്കല്ലില്‍ കയറിനിന്ന് മേല്‍ക്കൂരയിലെ ചിലന്തി വല തൂത്തുമാറ്റുന്ന ജീവനക്കാരന്റെ ചിത്രമാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്.
ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്ത്തിക്കൊപ്പംതന്നെ പ്രാധാന്യമുള്ളതാണ് വലിയ ബലിക്കല്ലും എന്നാണ് ആചാര്യന്മാര് പറയുന്നത്. ക്ഷേത്രത്തിലെ പ്രദിക്ഷണവഴിയില്‍ സ്ഥാപിച്ചിട്ടുള്ള ചെറിയബലിക്കല്ലുകളില് അറിയതെ കാലുകൊണ്ട് സ്പര്‍ശിച്ചാല്‍ പോലും തൊട്ട് നെറുകയില്‍വച്ച് അപരാധം പൊറുക്കണമെന്ന് പ്രാര്‍ത്ഥിക്കുന്ന ഭക്തര്‍ക്കു മുന്നിലാണ് മന്ത്രമോദി പ്രതിഷ്ഠിച്ചിരിക്കുന്ന വലിയ ബലിക്കല്ലിനുമുകളില് ജീവനക്കാരന് കയറി നില്‍ക്കുന്നത്. ഇത് ക്ഷേത്രാചാരങ്ങളിലുള്ള അജ്ഞത മാത്രമല്ല, ക്ഷേത്ര സങ്കല്‍പ്പങ്ങളോടുള്ള ധാര്‍ഷ്ട്യവും കൂടിയാണെന്നും ഭക്തര്‍ പറയുന്നു.
ഒരുകാലത്ത് ക്ഷേത്രകാര്യങ്ങള്‍ ജീവനക്കാര്‍ ഭക്തിപൂര്‍വം അനുഷ്ഠിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ക്ഷേത്ര ജീവനം വെറും തൊഴിലായി കാണുന്ന ജീവനക്കാരാണധികവും. ക്ഷേത്രങ്ങളുടെ ഭരണം രാഷ്ട്രീയാധികാരം കൈയാളുന്നവരിലേക്ക് മാറിയതോടെ ക്ഷേത്രത്തിന്റെ ഉന്നമനത്തിലോ ക്ഷേത്രവസ്തുക്കളുടെ സംരക്ഷണത്തിലോ താത്പര്യമില്ലാത്തവര്‍ മാത്രമല്ല അവിശ്വാസികള്‍ പോലും ക്ഷേത്ര ഭരണത്തിലെത്തി.
ക്ഷേത്രവിശ്വാസത്തേക്കാള്‍ പാര്‍ട്ടിക്കൂറും പണത്തിന്റെ സ്വാധീനവും ജീവനക്കാര്‍ക്കുള്ള യോഗ്യതയായപ്പോള് അവിശ്വാസികളും ക്ഷേത്രത്തില്‍ തൊഴിലാളികളായെത്തി. ക്ഷേത്രങ്ങളെ സര്‍ക്കാര്‍ ഓഫീസുകളാക്കി മാറ്റാനാണ് ദേവസ്വം അധികാരികള്‍ക്കും താത്പര്യം.
ക്ഷേത്രത്തിന്റെ പവിത്രതയും പരിശുദ്ധിയും നിലനിര്‍ത്തണമെങ്കില്‍ ക്ഷേത്രജീവനക്കാര്‍ക്ക് ക്ഷേത്രാചാരങ്ങള്‍ എന്താണെന്നും അവ കോട്ടം തട്ടാതെ എങ്ങനെ പരിപാലിക്കണമെന്നും പരിശീലിപ്പിക്കാന്‍ നടപടികളുണ്ടാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: