വട്ടവട: ഹോര്‍ട്ടികോര്‍പ്പ് ക്യാരറ്റ് എടുക്കാന്‍ മടിച്ച സംഭവത്തില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കെതിരെ കേസെടുക്കാന്‍ ശ്രമം. ഉദ്യോഗസ്ഥര്‍ ചതിച്ചതോടെ സംഭവത്തില്‍ കര്‍ഷകര്‍ കിട്ടിയ വിലക്ക് ക്യാരറ്റ് വില്‍ക്കേണ്ടി വന്നിരുന്നു. ഏതാനും ദിവസം മുമ്പാണ് പ്രശ്നത്തിന് ആസ്പദമായ സംഭവം നടക്കുന്നത്.
കോവിലൂര്‍ എട്ടാംമൈല്‍ സ്വദേശികളായ പാല്‍രാജും പളനിവേല്‍രാജും അധികൃതരുടെ മുന്‍ കൂര് അനുമതിയോടെയാണ് ക്യാരറ്റ് പറിച്ചെടുത്ത് ഞായറാഴ്ച വില്‍പ്പനക്കെത്തിച്ചത്. എന്നാല്‍ വില കുറച്ചെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതോടെ തര്‍ക്കമായി. കിലോയ്ക്ക് 27 രൂപ ബില്ലില്‍ വിലയിടുമ്പോള്‍ തങ്ങള്‍ക്ക് 10 രൂപ മാത്രമാണ് കിട്ടുന്നതെന്നാണ് ഇരുവരും പറയുന്നത്.
ഇതേ തുടര്‍ന്ന് ഇരുവരുടേയും ക്യാരറ്റ് എടുക്കാതെ ലോഡ് കയറ്റിയ വാഹനം കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇതോടെ ചാക്കുകള്‍ ലോറിയ്ക്ക് മുന്നിലിട്ട് കര്‍ഷകര്‍ പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥര്‍ പോലീസിനെ വിവരം അറിയിക്കുകയും ഇവരെത്തി കര്‍ഷകരെ നീക്കി വാഹനം പോകാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തു. സംഭവത്തില്‍ വാഹനം തടഞ്ഞതിനാണ് നിര്‍ദ്ധരായ കര്‍ഷകര്‍ക്കെതിരെ കേസെടുക്കാന്‍ നീക്കം നടക്കുന്നത്. അതേ സമയം ആദ്യം രാഷ്ട്രീയക്കാര്‍ ഇടപെട്ടാണ് കേസെടുക്കാതെ സംഭവം ഒഴുവാക്കിയത്.
ഉദ്യോഗസ്ഥര്‍ ക്യാരറ്റ് എടുക്കാന്‍ തയ്യാറാകാതെ വന്നതോടെ 5 രൂപയ്ക്ക് ഈ ക്യാരറ്റ് ഇരുവര്‍ക്കും വില്‍ക്കേണ്ടി വന്നു. 8 ചാക്കിലായി 390 കിലോയുടെ ക്യാരറ്റായിരുന്നു ഉണ്ടായിരുന്നത്. കര്‍ഷകര്‍ക്ക് ന്യായ വില ലഭിക്കാന്‍ വേണ്ടി തുടങ്ങിയ ഹോര്‍ട്ടികോര്‍പ്പ് പോലുള്ളവയുടെ അധികാരികളില്‍ നിന്ന് ഇത്തരം സംഭവങ്ങള്‍ തുടരുന്നതിനാല്‍ കര്‍ഷകരാകെ ധര്‍മ്മ സങ്കടത്തിലാണ്.
സംഭവത്തില്‍ മേലധികാരികള്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണിവര്‍. തങ്ങള്‍ രാപകലില്ലാതെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പച്ചക്കറിക്ക് മുടക്ക് മുതല്‍ പോലും ലഭിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.
എടുക്കാത്തത് സമയം വൈകിയതിനാല്‍ സമയം വൈകിയെത്തിയതിനാലാണ് ക്യാരറ്റ് എടുക്കാതിരുന്നതെന്ന് മൂന്നാറിലെ ഹോര്‍ട്ടികോര്‍പ്പിന്റെ ചുമതലയുള്ള ജിജോ രാധാകൃഷ്ണന് ജന്മഭൂമിയോട് പറഞ്ഞു.
പാല്‍രാജ് ഇടനിലക്കാരനാണ്, മുമ്പും ഇയാള്‍ ഇവിടെ പച്ചക്കറികള്‍ നല്‍കിയിട്ടുണ്ട്. വാഹനം തടയാന്‍ ശ്രമിച്ചപ്പോള്‍ പോലീസിന്റെ സഹായം തേടി. കേസെടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. സാധനം എടുക്കുമ്പോള്‍ ബില്‍ നല്കിയ ശേഷം കര്‍ഷകരുടെ അക്കൗണ്ടിലേക്ക്് നേരിട്ടാണ് പണം നല്‍കുന്നതെന്നും ഇതിന് ഇടനിലക്കാരില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: